വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും അനാരോഗ്യകരമാകാം, ഇവ ശ്രദ്ധിക്കൂ; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഐസിഎംആര്‍
Mail This Article
പുറത്തെ ഭക്ഷണശാലകളില്‍ നിന്ന് കഴിക്കുന്നവ അനാരോഗ്യകരവും വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണവിഭവങ്ങള്‍ ആരോഗ്യകരവും എന്നതാണ് നമ്മുടെ പൊതുവേയുള്ള ധാരണ. എന്നാല്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പും, പഞ്ചസാരയും ഉപ്പും ചേര്‍ത്താല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും അനാരോഗ്യകരമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍). ഭക്ഷണക്രമത്തെ സംബന്ധിച്ച് കഴിഞ്ഞയാഴ്ച പുറത്ത് വിട്ട പതിനേഴിന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും ചിലപ്പോള്‍ അനാരോഗ്യകരമാകാം എന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടിയത്.
ഭക്ഷണത്തിലെ കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുമ്പോള്‍ അതിലെ അധികമാകുന്ന കലോറികള്‍ അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇത് ശരീരത്തിന് അവശ്യമായ അമിനോ ആസിഡുകളും ഫാറ്റി ആസിഡും മൈക്രോന്യൂട്രിയന്റുകളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാമെന്നും ഐസിഎംആര്‍ വിദഗ്ധര്‍ പറയുന്നു. ഇത് വിളര്‍ച്ച, ധാരണാശേഷിക്കുറവ്, ഓര്‍മ്മശക്തിക്കുറവ്, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും മാര്‍ഗ്ഗരേഖ പറയുന്നു.
ഒരു ദിവസം 2000 കിലോ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതില്‍ 10 ഗ്രാമിലധികം സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ടാകാന്‍ പാടില്ലെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു.ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് അഞ്ച് ഗ്രാമും പഞ്ചസാരയുടെ അളവ് 25 ഗ്രാമുമാണെന്നും ഐസിഎംആറിലെ വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നു. ചിപ്‌സ്, സോസുകള്‍, ബിസ്‌കറ്റ്, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാറുകള്‍, പപ്പടം എന്നിവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന ഉപ്പും പഞ്ചസാരയും ഉണ്ടാകാമെന്നും മാര്‍ഗ്ഗരേഖ മുന്നറിയിപ്പ് നല്‍കുന്നു.
ഐസിഎംആര്‍ മാര്‍ഗ്ഗരേഖയിലെ മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇനി പറയുന്നവയാണ്.
1. സന്തുലിതമായ ഭക്ഷണക്രമം ഉറപ്പാക്കാന്‍ വൈവിധ്യമുള്ള ഭക്ഷണവിഭവങ്ങള്‍ കഴിക്കുക
2. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നു അമ്മമാര്‍ക്കും അധികം ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പ് വരുത്തുക
3. നവജാതശിശുക്കള്‍ക്ക് ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുക. രണ്ട് വര്‍ഷവും അതിനപ്പുറവും മുലയൂട്ടല്‍ തുടരാം.
4. ആറ് മാസത്തിന് ശേഷം കുഞ്ഞുങ്ങള്‍ക്ക് വീട്ടിലുണ്ടാക്കിയ പാതി ഖരരൂപത്തിലുള്ള ഭക്ഷണങ്ങള്‍ നല്‍കി തുടങ്ങാം
5. ആരോഗ്യമുള്ളപ്പോഴും അസുഖമായിരിക്കുമ്പോഴും
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആവശ്യമായ ഭക്ഷണക്രമം ഉറപ്പാക്കുക
6. ധാരാളം പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും കഴിക്കുക
7. എണ്ണയും കൊഴുപ്പും നിയന്ത്രിതമായ തോതില്‍ കഴിക്കുക. കൊഴുപ്പിന്റെയും അവശ്യ ഫാറ്റി ആസിഡിന്റെയും പ്രതിദിന ആവശ്യകത നിറവേറ്റാന്‍ വ്യത്യസ്ത തരം എണ്ണ വിത്തുകളും നട്‌സും കഴിക്കുക.
8. നല്ല നിലവാരമുള്ള പ്രോട്ടീനും അവശ്യ അമിനോ ആസിഡുകളും കഴിക്കുക. പേശികളുടെ വലുപ്പം കൂട്ടാന്‍ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഒഴിവാക്കുക
9. കുടവയറും അമിതവണ്ണവും പൊണ്ണത്തടിയുമെല്ലാം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക
10. ശാരീരികമായി സജീവമായിരിക്കുക, ദിവസവും വ്യായാമം ചെയ്യുക
11. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുക
12. സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം കഴിക്കുക
13. ഭക്ഷണം പാകം ചെയ്യുമ്പോഴും അതിനു മുന്‍പും അനുയോജ്യമായ രീതികള്‍ പിന്തുടരുക
14. ധാരാളം വെള്ളം കുടിക്കുക
15. മുതിര്‍ന്നവരുടെ ഭക്ഷണക്രമത്തില്‍ പോഷകസമ്പുഷ്ടമായ വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക
16. ഭക്ഷണ ലേബലുകളിലെ വിവരങ്ങള്‍ വായിച്ച് മനസ്സിലാക്കുക
നടുവേദന മാറും, ഉന്മേഷത്തോടെ എഴുന്നേൽക്കാം: വിഡിയോ