ഒലിവ് എണ്ണ ഉപയോഗിച്ചാൽ മറവിരോഗ സാധ്യത കുറയുമോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ
Mail This Article
ദിവസവും ഒരു സ്പൂണ്‍ ഒലീവ് എണ്ണ കഴിക്കുന്നത് മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്ക്കുമെന്ന് ഹാര്‍വാഡിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 92,000 മുതിര്‍ന്നവരില്‍ 28 വര്‍ഷത്തിലധികം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
ദിവസവും ഏഴ് ഗ്രാം ഒലീവ് എണ്ണ(അര ടെബിള്സ്പൂണിന് മുകളില്‍) കഴിച്ചവരുടെ മറവി രോഗവുമായി ബന്ധപ്പെട്ട മരണസാധ്യത 28 ശതമാനം കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
തലച്ചോറുമായി ബന്ധപ്പെട്ട പലതരം തകരാറുകളെയാണ് പൊതുവേ ഡിമന്‍ഷ്യ അധവാ മറവിരോഗം എന്നു വിളിക്കുന്നത്. ഓര്‍മ്മ, തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ എല്ലാം മറവിരോഗം ബാധിക്കുന്നു. ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന മറവിരോഗമാണ് അള്‍സ്ഹൈമേഴ്സ്.
മുതിര്‍ന്ന പൗരന്മാരില് മൂന്നിലൊന്നും അള്‍സ്ഹൈമേഴ്സോ മറ്റ് മറവിരോഗങ്ങളോ മൂലമാണ് മരണപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പഠനം ആരംഭിക്കുമ്പോള്‍ ഇതില്‍ പങ്കെടുക്കുന്നവരുടെ ശരാശരി പ്രായം 56 ആയിരുന്നു.
മാര്‍ഗരൈനും വാണിജ്യ മയോണൈസിനും പകരം പ്രകൃതിദത്ത ഉത്പന്നമായ ഒലീവ് എണ്ണ തിരഞ്ഞെടുക്കുന്നത് സുരക്ഷിതമാണെന്നും ഇത് മരണകാരണമാകുന്ന മറവിരോഗത്തിന്റെ അപകടസാധ്യത കുറയ്ക്കുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക്: വിഡിയോ