ADVERTISEMENT

സ്വാഭാവിക പ്രസവം വഴി ജനിച്ച കുട്ടികളെ അപേക്ഷിച്ച് സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ കൊണ്ട് മാത്രം അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പഠനം. സിസേറിയന്‍ വഴി ജനിച്ച കുഞ്ഞുങ്ങളില്‍ അഞ്ചാം പനി വാക്‌സീന്റെ ആദ്യ ഡോസ് മറ്റ് കുട്ടികളെ അപേക്ഷിച്ച് 2.6 മടങ്ങ് പൂര്‍ണ്ണമായും പ്രയോജനരഹിതമാണെന്ന് കേംബ്രിജ് സര്‍വകലാശാലയിലെയും ചൈനയിലെ ഫുഡാന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

അഞ്ചാം പനിയില്‍ നിന്ന് പരിപൂര്‍ണ്ണ സംരക്ഷണത്തിന് സിസേറിയന്‍ വഴി ജനിച്ച കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്‌സീനും നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. രണ്ട് മാര്‍ഗ്ഗത്തിലൂടെയും ഉണ്ടാകുന്ന കുട്ടികളുടെ വയറിലെ സൂക്ഷ്മജീവികളുടെ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് ഇതിന് കാരണമാകുന്നത്. സാധാരണ പ്രസവത്തില്‍ അമ്മയില്‍ നിന്നുള്ള വ്യത്യസ്തതരം സൂക്ഷ്മാണുക്കള്‍ കുഞ്ഞിലേക്ക് പകര്‍ന്നു കിട്ടുന്നത് കുഞ്ഞിന്റെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്നും നേച്ചര്‍ മൈക്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

vaccine-pain-injection-illustration-aleron77-istock-photo-com
Representative image. Photo Credit: aleron/istockphoto.com

ചൈനയിലെ ഹുനാനിലുള്ള 1500 കുട്ടികളിലാണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി ഇവരുടെ ജനനം മുതല്‍ 12 വയസ്സ് വരെ കൃത്യമായ ഇടവേളകളില്‍ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ എടുത്തു. ഇതില്‍ നിന്ന് അഞ്ചാം പനിയുടെ ആദ്യ ഡോസ് കഴിഞ്ഞിട്ടും 12 ശതമാനം സിസേറിയന്‍ കുട്ടികളിലും പ്രതിരോധ പ്രതികരണമുണ്ടായില്ലെന്ന് കണ്ടെത്തി. സ്വാഭാവിക പ്രസവത്തിലൂടെ ജനിച്ച കുട്ടികളില്‍ ഇത് അഞ്ച് ശതമാനമായിരുന്നു.

സിസേറിയന്‍ പ്രസവങ്ങള്‍ കുഞ്ഞുങ്ങളുടെ വയറിലെ സൂക്ഷ്മജീവി സംവിധാനം വളരാന്‍ കാലതാമസമുണ്ടാക്കുമെന്നും ഇതവരുടെ പ്രതിരോധ സംവിധാനത്തെ കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

Representative image. Photo Credit:x-reflexnaja/istockphoto.com
Representative image. Photo Credit:x-reflexnaja/istockphoto.com

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ മുതല്‍ അന്ധത, ചുഴലി, മരണം എന്നിവ പോലുള്ള സങ്കീര്‍ണ്ണതകള്‍ വരെ ഉണ്ടാക്കാവുന്ന രോഗമാണ് അഞ്ചാംപനി. വാക്‌സീന്‍ കണ്ടെത്തും മുന്‍പ് 1963ല്‍ 26 ലക്ഷത്തോളം മരണങ്ങള്‍ക്ക് അഞ്ചാം പനി കാരണമായിരുന്നു. 2022ല്‍ ലോകത്തിലെ കുട്ടികളില്‍ 83 ശതമാനത്തിന് മാത്രമാണ് അവരുടെ ആദ്യ ജന്മദിനത്തിന് മുന്‍പ് അഞ്ചാം പനി വാക്‌സീന്‍ ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും കൂടുതല്‍ അഞ്ചാം പനി പകര്‍ച്ചവ്യാധികളുണ്ടാകുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അഞ്ചാം പനി, റൂബെല്ല, മുണ്ടിനീര്‍ എന്നിവയ്‌ക്കെതിരെ നല്‍കുന്ന എംഎംആര്‍ വാക്‌സീന്‍ അഞ്ചാം പനിക്കെതിരെ സംരക്ഷണം നല്‍കുന്നു. ഇതിന്റെ പ്രാഥമിക ഡോസ് ഒന്‍പത് മുതല്‍ 12 മാസത്തിനിടയ്ക്കും രണ്ടാമത്തെ ഡോസ് 15 മുതല്‍ 18 മാസങ്ങള്‍ക്കിടയിലും മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് നാല് മുതല്‍ ആറ് വയസ്സിനിടയിലുമാണ് നല്‍കേണ്ടത്.

English Summary:

New Research Reveals Single Fifth-Flu Vaccine Dose Ineffective for C-Section Babies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com