കൗമാരക്കാരിലെ കൊളോറെക്ടല്‍ അർബുധത്തിൽ വർധന, 20 വർഷത്തിനിടെ കൂടിയത് മൂന്ന് മടങ്ങ്
Mail This Article
വന്‍കുടലിനെയോ ഇതിന്റെ അഗ്രഭാഗമായ മലാശയത്തെയോ ബാധിക്കുന്ന അര്‍ബുദമാണ് കൊളോറെക്ടല്‍ അര്‍ബുദം. മുന്‍പെല്ലാം 50 വയസ്സിന് മുകളിലുള്ളവരില്‍ കാണപ്പെട്ടിരുന്ന ഈ അര്‍ബുദം യുവാക്കളിലും കൗമാരക്കാരിലും വ്യാപകമാകുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ കൗമാരക്കാരില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ കൊളോറെക്ടല്‍ അര്‍ബുദ കേസുകള്‍ മൂന്ന് മടങ്ങ് വര്‍ദ്ധിച്ചതായി യൂണിവേഴ്സിറ്റി ഓഫ് മിസോറി-കാന്‍സാസ് സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 1999നും 2020നും ഇടയിലാണ് ഗവേഷണം നടത്തിയത്.
10നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കൊളോറെക്ടല്‍ അര്‍ബുദ കേസുകള്‍ 500 ശതമാനവും 15നും 19നും ഇടയില്‍ പ്രായമുള്ളവരില്‍ 333 ശതമാനവും 20നും 24നും ഇടയില്‍ പ്രായമുള്ളവരില്‍ 185 ശതമാനവും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അതിസാരം, വയര്‍വേദന, മലബന്ധം, മലാശയത്തില്‍ രക്തസ്രാവം, വിളര്‍ച്ച എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദ ലക്ഷണങ്ങളാണ്.
30നും 34നും ഇടയില്‍ പ്രായമുള്ളവരില്‍ കൊളോറെക്ടല്‍ കേസുകളില്‍ 71 ശതമാനം വര്‍ദ്ധനയുണ്ടായപ്പോള്‍ 35-39 പ്രായവിഭാഗത്തില്‍ 58 ശതമാനമാണ് വര്‍ദ്ധന. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇന്‍ഫ്ളമേറ്ററി ബവല്‍ രോഗമോ കൊളോറെക്ടല്‍ അര്‍ബുദമോ ഉണ്ടാകുന്നത് ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിതവണ്ണം, പുകയില ഉപയോഗം, മദ്യപാനം, ഫൈബര്‍ കുറഞ്ഞതും സംസ്കരിച്ച മാംസം,മധുരപാനീയങ്ങള്‍, ഉയര്‍ന്ന കൊഴുപ്പ് എന്നിവ അടങ്ങിയതുമായ ഭക്ഷണക്രമം എന്നിവയെല്ലാം കൊളോറെക്ടല്‍ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്.
ഇന്ത്യയിലും കൊളോറെക്ടല്‍ അര്‍ബുദ കേസുകളുടെ ഉയര്‍ന്ന നിരക്ക് 31-40 പ്രായവിഭാഗങ്ങളിലേക്ക് മാറി വരുന്നതായി ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് 2023ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.