സ്തനാര്‍ബുദം മടങ്ങി വരുമോ എന്ന് പ്രവചിക്കും പുതിയ രക്ത പരിശോധന
Mail This Article
അര്‍ബുദചികിത്സയിലെ നിര്‍ണ്ണായകമായ ഘട്ടമാണ് ശസ്ത്രക്രിയയിലൂടെയും കീമോതെറാപ്പിയിലൂടെയുമെല്ലാം ഒരിക്കല്‍ ചികിത്സിച്ച് മാറ്റിയ അര്‍ബുദകോശങ്ങളുടെ തിരിച്ചുവരവ്. എല്ലാ അര്‍ബുദങ്ങളുടെ കാര്യത്തിലും ഈ മടങ്ങിവരവ് (റിലാപ്‌സ്) സാധ്യത നിലനില്‍ക്കുന്നുണ്ട്. സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ചികിത്സ കഴിഞ്ഞ് ആദ്യത്തെ മൂന്ന് വര്‍ഷത്തിലാണ് പൊതുവേ ഇത് പ്രത്യക്ഷമാകാറുള്ളത്. ചില കേസുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാകാം അര്‍ബുദം മടങ്ങിവരവ് നടത്തുക. ഇത്തരത്തില്‍ സ്തനാര്‍ബുദം വീണ്ടും വരുമോ എന്ന് പ്രവചിക്കാന്‍ സഹായിക്കുന്ന രക്തപരിശോധന കണ്ടെത്തിയിരിക്കുകയാണ് ലണ്ടനില്‍ ഒരു കൂട്ടം ഗവേഷകര്‍.
അര്‍ബുദം സ്‌കാനില്‍ പ്രത്യക്ഷപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിനെ പറ്റി ഈ രക്തപരിശോധന മുന്നറിയിപ്പ് നല്‍കുമെന്ന് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിലെ ഗവേഷകര്‍ പറയുന്നു. അര്‍ബുദ മുഴയിലെ ഡിഎന്‍എയുടെ സാന്നിധ്യം ഫുള്‍ റിലാപ്‌സിന് മുന്‍പ് 100 ശതമാനം കൃത്യതയോടെ പ്രവചിക്കാന്‍ ഈ രക്തപരിശോധനയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. നേരത്തെ ചികിത്സ ആരംഭിക്കാനും അതിജീവന നിരക്ക് മെച്ചപ്പെടുത്താനും രോഗികള്‍ക്ക് ഇതിലൂടെ സാധിക്കും.
വിവിധ തരത്തിലുള്ള സ്തനാര്‍ബുദങ്ങള്‍ കണ്ടെത്തിയ 78 പേരിലാണ് പഠനം നടത്തിയത്. അര്‍ബുദ കോശങ്ങള്‍ പുറത്ത് വിടുന്ന 1800 ഓളം ജനിതക വ്യതിയാനങ്ങള്‍ക്കായാണ് രോഗിയുടെ രക്തത്തില്‍ ഈ ലിക്വിഡ് ബയോപ്‌സിയിലൂടെ തിരച്ചില്‍ നടത്തിയത്. 78 പേരില്‍ 11 പേരുടെ രക്തത്തില്‍ ട്യൂമര്‍ ഡിഎന്‍എ സാന്നിധ്യം കണ്ടെത്തി. അവര്‍ക്കെല്ലാം പിന്നീട് അര്‍ബുദം തിരിച്ച് വന്നതായി സ്ഥിരീകരിക്കപ്പെട്ടു. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയോ അര്‍ബുദം സ്‌കാനുകളില്‍ ദൃശ്യമാകുകയോ ചെയ്യുന്നതിന് 15 മാസം മുന്‍പാണ് രക്തപരിശോധന അര്‍ബുദത്തിന്റെ മടങ്ങി വരവിനെ കുറിച്ച് സൂചന നല്‍കിയത്. ഷിക്കാഗോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി കോണ്‍ഫറന്‍സില്‍ ഗവേഷണ ഫലം അവതരിപ്പിക്കപ്പെട്ടു.