രോഗാവസ്ഥ വെളിപ്പെടുത്തി വിജയ് വർമ; പാടുകൾ മറയ്ക്കുന്നത് സിനിമയിലാണ്, ജീവിതത്തിലല്ല!
Mail This Article
തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗാവസ്ഥ ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം വിജയ് വർമ. മികവാർന്ന അഭിനയവും കഥാപാത്രങ്ങളുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയതെങ്കിലും തെന്നിന്ത്യൻ അഭിനേത്രി തമന്ന ഭാട്ടിയയുടെ കാമുകൻ എന്ന നിലയിലും വിജയ് വർമ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കാലങ്ങളായി തനിക്കുള്ള രോഗാവസ്ഥയെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
''വിറ്റിലിഗോ ചർമത്തിലുണ്ടാകുന്ന ഒരു അവസ്ഥ മാത്രമാണ്. ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്ന ഒന്നല്ല അത്. ഞാൻ ഒരിക്കലും വിറ്റിലിഗോ ഒരു വലിയ പ്രശ്നമായി കണ്ടിരുന്നില്ല. എന്നാൽ സിനിമകൾ കിട്ടാതിരുന്ന സമയത്ത് എന്റെ രോഗാവസ്ഥ കരിയറിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ പിന്നീട് സിനിമാരംഗത്ത് തനിക്കു ലഭിച്ച വിജയങ്ങൾ ആ സംശയങ്ങളെ മാറ്റി.'' വിജയ് വർമ പറയുന്നു.
സിനിമകളിൽ മാത്രമാണ് ശരീരത്തിലുള്ള പാടുകൾ മറയ്ക്കുന്നത്. പൊതുപരിപാടികളിൽ അവ മറയ്ക്കാറില്ല. തന്റെ സിനിമയിൽ പ്രേക്ഷകർ അഭിനയം മാത്രം കാണണമെന്നാണ് ആഗ്രഹം. അതിൽ നിന്നും ശ്രദ്ധ മാറാതിരിക്കാനാണ് അഭിനയിക്കുമ്പോള്‍ ശരീരത്തിലെ പാടുകൾ മറയ്ക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയ് വർമ പറഞ്ഞു.
എന്താണ് വെള്ളപ്പാണ്ട് / വിറ്റിലിഗോ (vitiligo)?
ചർമത്തിനു നിറം നൽകുന്നത് മെലാനിൻ (melanin) എന്ന പദാർഥമാണ്. ത്വക്കിലെ മെലാനോസൈറ്റ് (melanocyte) കോശങ്ങളാണ് മെലാനിൻ ഉല്പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടിൽ ഈ കോശങ്ങൾ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാൽ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങൾ ഇല്ലാതെ വരുന്ന ഭാഗങ്ങളിൽ മെലാനിൻ ഉല്പാദിപ്പിക്കാൻ കഴിയാതെ, ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകൾ രൂപപ്പെടുന്നു.
ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായതിനാൽ വെള്ളപ്പാണ്ട് ഉള്ള രോഗികളിൽ തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ കണ്ടു വരാറുണ്ട്.
വെള്ളപ്പാണ്ട് പകരുമോ?
വെള്ളപ്പാണ്ട് പകരില്ല. എന്നാൽ ഏകദേശം 30 ശതമാനത്തോളം രോഗികളിൽ അടുത്ത ബന്ധുക്കളിലും ഈ രോഗം കണ്ടു വരുന്നതിനാൽ ജനിതകമായ ഘടകങ്ങളും വെള്ളപാണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നതായി കരുതി വരുന്നു.
ലക്ഷണങ്ങൾ
∙ ശരീരത്തിന്റെ ഏതു ഭാഗത്തു വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടാമെങ്കിലും കൈകാലുകളിലും മുഖത്തും ആണ് സാധാരണ കണ്ടു വരാറ്.
∙പേപ്പർ പോലെ വെളുത്ത, ചൊറിച്ചിലോ മറ്റോ ഇല്ലാത്ത പാടുകളാണ് രോഗലക്ഷണം. ഇത്തരം വെള്ളപ്പാടിനുള്ളിലെ രോമങ്ങളും നരച്ചു കാണപ്പെടുന്നു.
∙ പരുക്കുകൾ ഏൽക്കുന്ന മാതൃകയിൽ പുതിയ പാടുകൾ പ്രത്യക്ഷപ്പെടുന്നത് രോഗം ആക്റ്റീവ് ആണ് എന്നതിന്റെ ലക്ഷണമാണ്.
പാടുകൾ കാണപ്പെടുന്ന ശരീരഭാഗങ്ങൾക്ക് അനുസൃതമായി പലതരം വെള്ളപ്പാണ്ട് ഉണ്ട്.
പരിശോധന
ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽതന്നെ രോഗനിർണയത്തിനായി ടെസ്റ്റുകളുടെ ആവശ്യമില്ല. ഒരു ത്വക് രോഗവിദഗ്ധനു പ്രഥമദൃഷ്ട്യാതന്നെ രോഗനിർണയം സാധ്യമാണ്.
പ്രാരംഭഘട്ടത്തിലെ പാടുകൾക്ക് ചിലപ്പോൾ കുഷ്ഠം, ചുണങ്ങ്, തുടങ്ങിയ മറ്റു രോഗങ്ങളുമായി സാദൃശ്യം തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ബയോപ്സി പരിശോധന വേണ്ടി വന്നേക്കാം. മറ്റ് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടോ എന്നറിയാനായി തൈറോയ്‌ഡ് ഫങ്ഷൻ ടെസ്റ്റ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് മുതലായ ടെസ്റ്റുകൾ ചെയ്യാറുണ്ട്.
ചികിത്സ
പാടുകൾ ചികിൽസിച്ചു പൂർണമായും പൂർവസ്ഥിതിയിൽ ആക്കാവുന്നതാണ്. എന്നാൽ, കാലപ്പഴക്കം ചെന്ന രോഗം, രോമങ്ങൾ നരച്ച പാടുകൾ, ശ്ലേഷ്മ സ്തരത്തിലെയും വിരൽ തുമ്പുകളിലെയും പാടുകൾ എന്നിവയിൽ ചികിത്സയോടുള്ള പ്രതികരികരണം താരതമ്യേന കുറവാണ്.
രോഗത്തിന്റെ തീവ്രത, ബാധിച്ച ശരീര ഭാഗങ്ങൾ എന്നിങ്ങനെ പല ഘടകങ്ങൾ അനുസരിച്ചു വിവിധ തരം ചികിത്സാ രീതികൾ നിലവിലുണ്ട്.