വിവാഹിതരായ പുരുഷന്മാര്‍ പ്രായമാകുമ്പോള്‍ കൂടുതല്‍ ആരോഗ്യത്തോടെ ഇരിക്കുന്നതായി പഠനം
Mail This Article
വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളതിനെ പറ്റി ചൂടുള്ള വാദപ്രതിവാദങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് വിവാഹത്തിനോട് അത്ര മമതയില്ല എന്നാണ് പൊതുവേയുള്ള ധാരണ.എന്നാല്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷകരമായ ഒരു പഠനഫലം പങ്കുവയ്ക്കാം. വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച് വിവാഹം കഴിച്ച പുരുഷന്മാര്‍ പ്രായമാകുമ്പോള്‍ മെച്ചപ്പെട്ട ശാരീരിക, മാനസിക ആരോഗ്യം പുലര്‍ത്തുന്നതായാണ് ഒരു പുതിയ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
മധ്യവയസ്‌കരും പ്രായമായവുമായ ഏഴായിരത്തോളം കാനഡക്കാരില്‍ ടോറന്റോ സര്‍വകലാശാലയാണ് പഠനം നടത്തിയത്. 2011നും 2018നും ഇടയിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ നിന്നാണ് ആരൊക്കെയാണ് ഉത്തമമായ വാര്‍ദ്ധക്യം അനുഭവിക്കുന്നതെന്ന് നിരീക്ഷിച്ചത്. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗുരുതര ശാരീരിക, മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെയും ഉയര്‍ന്ന തോതിലുള്ള സന്തോഷവും ശാരീരിക, മാനസിക ആരോഗ്യവും അനുഭവിക്കുന്നവരെയുമാണ് ഉത്തമ വാര്‍ദ്ധക്യത്തിലൂടെ കടന്ന് പോകുന്നവരായി ഗവേഷകര്‍ കണക്കാക്കിയത്.
ഉത്തമ വാര്‍ദ്ധക്യം അനുഭവിക്കുന്നവരില്‍ വിവാഹിതരായ പുരുഷന്മാരാണ് കൂടുതലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഗണ്യമായ സ്വാധീനം വിവാഹം അവരുടെ വാര്‍ദ്ധക്യജീവിതത്തില്‍ വരുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുകവലി ഉപേക്ഷിക്കുക, സജീവമായ ജീവിതശൈലി പിന്തുടരുക തുടങ്ങിയ കാര്യങ്ങളില്‍ പുരുഷന്മാര്‍ക്ക് അവരുടെ വൈവാഹിക പങ്കാളികളില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനമാകാം അവരുടെ മെച്ചപ്പെട്ട വാര്‍ദ്ധക്യത്തിന്റെ ഒരു കാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
കുടുംബവും കുട്ടികളും സുഹൃത്തുക്കളുമൊക്കെ ചേരുന്ന സാമൂഹിക ബന്ധങ്ങളും മെച്ചപ്പെട്ട ആരോഗ്യത്തിന് പിന്നില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു. വിവാഹിതരല്ലാത്തവര്‍ സാമൂഹികമായി കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടുന്നതും അവരുടെ ആരോഗ്യത്തെ ബാധിക്കാം. ഇന്റര്‍നാഷണല്‍ സോഷ്യല്‍ വര്‍ക്ക് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.