ADVERTISEMENT

ചില ഭക്ഷണങ്ങൾ കഴിക്കാൻ വല്ലാത്ത കൊതി തോന്നാറില്ലേ. നമ്മുടെ ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവുണ്ടെന്നതിന്റെ സൂചനയാണ്‌ ചിലതരം ഭക്ഷണങ്ങളോട്‌ വരുന്ന ആസക്തി. ഇത്തരം ആസക്തികളെ കുറിച്ച്‌ ധാരണയുണ്ടാക്കുന്നത്‌ മെച്ചപ്പെട്ട പോഷണങ്ങളുടെ തിരഞ്ഞെടുപ്പിന്‌ സഹായകമാകും.

ഭക്ഷണത്തോട്‌ മനുഷ്യര്‍ക്ക്‌ പൊതുവേ ഉണ്ടാകുന്ന ആസക്തി ഇനി പറയുന്ന ഏഴ്‌ വിധത്തിലാണ്‌.
1. ചോക്ലേറ്റ്‌ കഴിക്കാനുള്ള ആസക്തി
ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അഭാവത്തിലേക്കാണ്‌ ചോക്ലേറ്റ്‌ ആസക്തി വിരല്‍ ചൂണ്ടുന്നത്‌. പേശികളുടെയും നാഡീവ്യൂഹങ്ങളുടെയും പ്രവര്‍ത്തനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം ആവശ്യമാണ്‌. പച്ചിലകള്‍, നട്‌സ്‌, വിത്തുകള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത്‌ മഗ്നീഷ്യം അപര്യാപ്‌തത പരിഹരിക്കാന്‍ സഹായിക്കും.

sweet-cravings-chocolate-Mariia-Vitkovska-istockphoto
Representative image. Photo Credit: Maria Vitkovska/istockphoto.com

2. മധുരത്തോടുള്ള ആസക്തി
മധുരം കഴിക്കാനുള്ള ശക്തമായ ആസക്തി തോന്നുന്നത്‌ ക്രോമിയത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കാന്‍ ക്രോമിയം സഹായിക്കുന്നു. ഈ ധാതു ബ്രോക്കളി, മുന്തിരി, ഉരുളക്കിഴങ്ങ്‌, വെളുത്തുള്ളി, ലീന്‍ മാംസ്യങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്നു.

3. ഉപ്പിനോടുള്ള കൊതി
എത്ര കഴിച്ചാലും ഉപ്പ്‌ വീണ്ടും വീണ്ടും ഭക്ഷണത്തിലേക്ക്‌ വിതറുന്നത്‌ ശരീരത്തിലെ സോഡിയം അഭാവത്തിന്റെ അടയാളമാകാം. അമിതമായി വിയര്‍ക്കുന്നവരിലും ചിലതരം മരുന്നുകള്‍ കഴിക്കുന്നതിവരിലും ഈ അഭാവം കാണപ്പെടാറുണ്ട്‌. ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം നിലനിര്‍ത്താനും നാഡീവ്യൂഹ പ്രവര്‍ത്തനം സജീവമാക്കി നിര്‍ത്താനും സോഡിയം ആവശ്യമാണ്‌. ഉപ്പിന്റെ അംശം അമിതമാകുന്നത്‌ പലതരം പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുമെന്നതിനാല്‍ ഈ ആസക്തി നിയന്ത്രിച്ച്‌ നിര്‍ത്തേണ്ടതാണ്‌. ഒലീവ്‌, അച്ചാറുകള്‍ എന്നിവ പരിമിതമായ തോതില്‍ കഴിച്ച്‌ സോഡിയം അഭാവം നികത്താം.

Representative Image. Image Credit: creacart/istockphoto.com
Representative Image. Image Credit: creacart/istockphoto.com

4. ചീസ്‌ കഴിക്കാനുള്ള ആസക്തി
ചീസ്‌ പോലുള്ള പാലുത്‌പന്നങ്ങളോടുള്ള ആസക്തി ശരീരത്തിലെ കാല്‍സ്യം അഭാവത്തിന്റെ അടയാളമാകാം. എല്ലുകളുടെ ആരോഗ്യം, പേശികളുടെയും നാഡീവ്യൂഹങ്ങളുടെയും പ്രവര്‍ത്തനം എന്നിവയ്‌ക്കെല്ലാം കാല്‍സ്യം ആവശ്യമാണ്‌. പാല്‍, തൈര്‌, ചീസ്‌, ഫോര്‍ട്ടിഫൈഡ്‌ പ്ലാന്റ്‌ മില്‍ക്‌, ടോഫു, ആല്‍മണ്ട്‌, പച്ചിലകള്‍ എന്നിവ കാല്‍സ്യം അഭാവം നികത്താന്‍ സഹായിക്കും.

5. റെഡ്‌ മീറ്റ്‌ ആസക്തി
അയണിന്റെ അഭാവമാണ്‌ ബീഫ്‌, പോര്‍ക്ക്‌ പോലുള്ള റെഡ്‌ മീറ്റ്‌ കഴിക്കാനുള്ള ആസക്തിയായി മാറുന്നത്‌. ശരീരത്തില്‍ ഓക്‌സിജന്‍ വിതരണത്തിന്‌ ആവശ്യമായ ഹീമോഗ്ലോബിന്‍ ഉത്‌പാദനത്തിന്‌ അയണ്‍ ആവശ്യമാണ്‌. സ്‌ത്രീകള്‍, കുട്ടികള്‍, സസ്യാധിഷ്‌ഠിത ഭക്ഷണം കഴിക്കുന്നവര്‍ എന്നിവര്‍ക്ക്‌ അയണ്‍ അഭാവത്തിന്‌ സാധ്യത കൂടുതലാണ്‌. ലീന്‍ റെഡ്‌ മീറ്റ്‌, ചിക്കന്‍, മീന്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്‌, ചീര എന്നിവ കഴിക്കുന്നതിലൂടെ അയണ്‍ അഭാവം പരിഹരിക്കാം. ഇതിനൊപ്പം വൈറ്റമിന്‍ സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കൂടി കഴിക്കുന്നത്‌ അയണിന്റെ ആഗിരണം മെച്ചപ്പെടുത്തും.

ice-cubes-Marc-Bruxelle-Shutterstock
Representative image. Photo Credit: Marc Bruxelle/Shutterstock.com

6. ഐസ്‌ കഴിക്കാനുള്ള കൊതി
ഐസ്‌ കഴിക്കാനുള്ള ആസക്തിയും അയണ്‍ അപര്യാപ്‌ത മൂലമുള്ള വിളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിളര്‍ച്ചയുടെ ലക്ഷണമായ ക്ഷീണവും ജാഗ്രതക്കുറവും പരിഹരിക്കുന്നതിന്‌ ശരീരം കണ്ടെത്തുന്ന മാര്‍ഗ്ഗമാണ്‌ ഐസ്‌ കടിച്ചു തിന്നല്‍. അയണ്‍ സമ്പുഷ്ട ഭക്ഷണങ്ങളോ സപ്ലിമെന്റുകളോ ഈ ആസക്തി പരിഹരിക്കാന്‍ സഹായിക്കും.

7. കാര്‍ബ് കഴിക്കാനുള്ള ആസക്തി
ബ്രഡ്‌, പാസ്‌ത എന്നിങ്ങനെ കാര്‍ബോഹൈഡ്രേറ്റ്‌ അധികമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി വിരല്‍ ചൂണ്ടുന്നത്‌ സെറോടോണിന്റെ കുറവിലേക്കാണ്‌. മൂഡ്‌ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ന്യൂറോട്രാന്‍സ്‌മിറ്ററാണ്‌ സെറോടോണിന്‍. തലച്ചോറിലെ സെറോടോണിന്‍ തോത്‌ വർധിപ്പിക്കാന്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ സഹായിക്കും. ഹോള്‍ഗ്രെയ്‌നുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ സമ്പന്ന ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നതിലൂടെ പ്രകൃതിദത്തമായി സെറോടോണിന്‍ തോത്‌ മെച്ചപ്പെടുത്താം.

English Summary:

Why You Crave Chocolate and Ice Cream: The Hidden Vitamin Deficiencies You Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com