കാൽ ഒടിഞ്ഞുതൂങ്ങി ഓലേഞ്ഞാലിക്കിളി; എല്ലിനുള്ളിലൂടെ കമ്പി കയറ്റി അപൂർവ ശസ്ത്രക്രിയ; പക്ഷേ...

Mail This Article
പറക്കുന്നതിനിടെ കറങ്ങുന്ന സീലിങ് ഫാനിൽ തട്ടി കാലൊടിഞ്ഞുവീണ ഓലേഞ്ഞാലിക്കിളിക്ക് പരിചരണവും, തക്കസമയത്ത് മികച്ച ചികിത്സയും ഉറപ്പാക്കി മിണ്ടാപ്രാണികളോടുള്ള കരുണയുടെയും കരുതലിന്റെയും മാതൃകയായിരിക്കുകയാണ് കോഴിക്കോട്ടെ ഒരു കുടുബം.
കോഴിക്കോട് നഗരത്തിനടുത്ത് വെള്ളിമാടുകുന്ന് സ്വദേശിയായ സനിൽ കിഷോറിന്റെ വീട്ടിൽ പരിപാലിച്ചിരുന്ന ഓലേഞ്ഞാലിക്കിളിയാണ് വീട്ടിനകത്ത് പറക്കുന്നതിനിടെ കറങ്ങുന്ന സീലിങ് ഫാനിൽ തട്ടി ഗുരുതര അപകടം പിണഞ്ഞത്.
നിയമപരമായി വളർത്താൻ അനുമതിയില്ല, മനുഷ്യരുമായി ഇണങ്ങാറുമില്ല, പക്ഷേ
ആറുമാസത്തിലധികമായി സനിൽ കിഷോറിന്റെയും ഭാര്യ ഷിബി കിഷോറിന്റെയും കുടുംബത്തിനൊപ്പം അരുമയായി വീട്ടിലെ ഒരംഗത്തെ പോലെ ഓലേഞ്ഞാലി കൂട്ടിനുണ്ട്. വീടിനു സമീപത്തെ വലിയൊരു മരത്തിൽനിന്നു തറയിൽ വീണ് മേനിയാകെ മുറിവേറ്റ നിലയിലാണ് രണ്ട് ഓലേഞ്ഞാലി കുഞ്ഞുങ്ങളെ ആറു മാസം മുന്നെ സനിലിന്റെ മകനായ ജിഷാദ് സനിൽ പോളിന് കിട്ടുന്നത്. വീട്ടിൽ കൊണ്ടുവന്ന് മുറിവുണക്കാൻ മരുന്നുകൾ നൽകി ശ്രദ്ധാപൂർവം പരിചരിച്ചാണ് അന്ന് ജീവൻ സംരക്ഷിച്ചത്. ക്രമേണ ഓലേഞ്ഞാലിക്കുഞ്ഞുങ്ങൾ ആരോഗ്യം വീണ്ടെടുത്തു, മുറിവുകൾ ഉണങ്ങി പുതുതൂവലുകൾ വളർന്നു. നിർഭാഗ്യവശാൽ അതിൽ ഒരു കുരുവി അപ്രതീക്ഷിതമായി ഒരു ദിവസം ചത്തു. എങ്കിലും രണ്ടാമത്തെ കുരുവിയെ സനിലിന്റെ കുടുംബം ശ്രദ്ധയോടെ പരിചരിച്ചു. ചെറുപഴങ്ങളും തിനയുമെല്ലാം തരാതരം പോലെ തീറ്റയായി നൽകി പരിചരിച്ചു. പറക്കാൻ ആരോഗ്യം പാകപ്പെട്ടാൽ ഓലേഞ്ഞാലി പറന്നുപോകുമെന്നായിരുന്നു കുടുംബം കരുതിയത്. മാത്രമല്ല, കാക്ക വർഗത്തിൽപ്പെട്ട ഓലേഞ്ഞാലി പക്ഷികൾ മനുഷ്യര്യമായി അത്ര എളുപ്പത്തിൽ ഇണങ്ങുന്ന പക്ഷിയുമല്ല.
എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. വീടുമായും വീട്ടുകാരുമായും ഓലേഞ്ഞാലി വേഗം ഇണങ്ങി. പുറത്തേക്ക് പറത്തിവിട്ടാലും ദൂരേക്ക് പറന്നുപോവാതെ വീട്ടിനകത്തും ചുറ്റുവട്ടത്തും തന്നെയിരിക്കാനായിരുന്നു കക്ഷിക്കിഷ്ടം. വന്യജീവി നിയമങ്ങൾ പ്രകാരം വീട്ടിൽ വളർത്താൻ നിയമപരമായി അനുമതിയില്ലാത്ത പക്ഷിയാണ് ഓലേഞ്ഞാലി, പക്ഷേ പറത്തി പുറത്തുവിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുരുവി സ്നേഹത്തോടെ കൂടെ കൂടിയാൽ എന്തുചെയ്യും. അങ്ങനെ ഒടുവിലാണ് ഓലേഞ്ഞാലിയെ കൂടെ തന്നെ കൂട്ടാൻ സനിലും കുടുംബവും തീരുമാനിച്ചത്. പതിയെ പതിയെ ഓലേഞ്ഞാലി കുടുംബത്തിലെ ഒരംഗം തന്നെയായി മാറി. വീടിനകത്തും പുറത്തും സ്വാതന്ത്ര്യത്തോടെ പാറിനടക്കും, ഇഷ്ടത്തോടെ നൽകുന്നതെല്ലാം കഴിക്കും, ഇണക്കവും അടുപ്പവും സ്നേഹസാമീപ്യവും വേണ്ടതിലേറെ. റൂഫസ് ട്രീപ്പി എന്നാണ് ഓലേഞ്ഞാലിക്കുരുവിയുടെ ശാസ്ത്രനാമം. അതിനാൽ ആ പേരൊന്നുചുരുക്കി ഓലേഞ്ഞാലിക്ക് ട്രീപ്പി എന്നൊരു ഓമനപ്പേരും നൽകി. അങ്ങനെ വീട്ടിലെ ഒരംഗം തന്നെയായി മാറിയ കുരുവിയാണ് ഗുരുതരമായ ഒരപകടത്തിൽ പെട്ടിരിക്കുന്നത്.

വീട്ടിലെ ഒരു അരുമയെ പോലെയായി മാറിയ ഓലേഞ്ഞാലിയുടെ ജീവൻ എന്തു വിലകൊടുത്തായാലും രക്ഷിക്കണമെന്നായി സനിലും കുടുംബവും. മാത്രമല്ല, അരുമളോടുള്ള ഇഷ്ടം ആ കുടുംബത്തിലെ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗവുമാണ്. അങ്ങനെയാണ് സംസ്ഥാനത്തെ തന്നെ പ്രമുഖ പക്ഷിരോഗചികിത്സാവിദഗ്ധനായ ഡോ.പി.കെ.ശിഹാബുദ്ദീന്റെ കോഴിക്കോട് നഗരത്തിലുള്ള ക്ലിനിക്കിൽ ഓലേഞ്ഞാലിയുമായി അവർ എത്തുന്നത്. ഏതുവിധേനയും കുരുവിയുടെ ഒടിഞ്ഞുപോയ കാൽ നേരെയാക്കണമെന്നായിരുന്നു ആവശ്യം. കുരുവിയെ പരിശോധിച്ച ഡോക്ടർ അറ്റകാൽ ചേർക്കാനുള്ള ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് നിർദേശിച്ചു. പക്ഷേ കടമ്പകൾ ഏറെയുണ്ടായിരുന്നു.
സസൂക്ഷ്മം സശ്രദ്ധം ശസ്ത്രക്രിയ

പക്ഷികളുടെ കാലിലെ ഏറ്റവും നീളമേറിയ എല്ലായ ടിബിയോടാർസസ് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു ഓലേഞ്ഞാലി. പക്ഷികളുടെ തുടയെല്ലിനെയും കാലിന്റെ കീഴ്ഭാഗത്തെ എല്ലുകളെയും പരസ്പരം ചേർത്തുനിർത്തുന്ന എല്ലാണ് ടിബിയോടാർസസ്. ഏതൊരു പക്ഷിയുടെയു ശരീരത്തിലെ ഏറ്റവും വലിയ എല്ലുകളിൽ ഒന്നാണിതെങ്കിലും അര കിലോ പോലും തൂക്കമില്ലാത്ത ഒരു ഓലേഞ്ഞാലിക്കുരുവിയെ സംബന്ധിച്ച് ഇത് തീർത്തും നേർത്ത എല്ലായിരിക്കും. എല്ലുകൾ ഒടിഞ്ഞു തൂങ്ങിയാൽ ഉള്ളിലൂടെ കമ്പിയിട്ട് പൂർവസ്ഥിതിയിൽ ആക്കുക മാത്രമാണ് പരിഹാരം. പക്ഷേ ഇത്രയും നേർത്ത എല്ലുകളുള്ള ഒരു കുഞ്ഞുപക്ഷിയുടെ ഒടിഞ്ഞുതൂങ്ങിയ കാലെല്ലിനുള്ളിലൂടെ കമ്പി കയറ്റി ശസ്ത്രക്രിയ നടത്തുന്നതെങ്ങനെ? ഇനി അത് ചെയ്താൽ തന്നെ വിജയിക്കുമെന്ന് എങ്ങനെ ഉറപ്പിക്കാൻ സാധിക്കും? മാത്രമല്ല, എല്ലിനോട് ചേർന്ന ഞരമ്പുകളും തീരെ നേർത്തതായതിനാൽ എല്ല് നേരെയാക്കിയാലും ഞരമ്പുകൾക്ക് ഏറ്റ തകരാറ് ശരിയാവുമെന്ന് ഉറപ്പിക്കാനാവില്ല. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും പരിക്കേറ്റ കാൽ മുറിച്ചുമാറ്റി തുന്നലിടുന്നതാണ് പൊതുവെ ചെയ്യാറുള്ളത്. ഓലേഞ്ഞാലിക്കിളി മുന്നിലെ ശസ്ത്രക്രിയാ ടേബിളിൽ കിടക്കുമ്പോൾ ഡോക്ടറുടെ മുന്നിൽ വെല്ലുവിളികളും ഏറെ
ഏതായാലും കുഞ്ഞുജീവനെ കാക്കാൻ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ ഉറച്ചു. പക്ഷികളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളിലും മറ്റു കേസുകളിലും വിദേശത്ത് നിന്നുൾപ്പെടെയുള്ള ചികിത്സാ പരിചയമുള്ള ഡോ. പി.കെ.ശിഹാബുദ്ദീന്റെ അനുഭവപരിചയവും ആത്മവിശ്വാസവും തീരുമാനത്തിന് തുണയായി. ശസ്ത്രക്രിയയ്ക്ക് മുന്നെ എക്സറെ എടുത്ത് എല്ലിന്റെ ഒടിവ് കൃത്യമായി നിർണയിച്ചു. ഓലേഞ്ഞാലിയെ അനസ്തീഷ്യ നൽകി പൂർണമായും മയക്കിയായിരുന്നു ശസ്തക്രിയ. കാലിന്റെ മുറിഞ്ഞുപോയ ഭാഗങ്ങൾ സസൂക്ഷ്മം ചേർത്ത് എല്ലിനുള്ളിലൂടെ കമ്പിയിറക്കിയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഒരു പക്ഷേ ഒരു ഓലേഞ്ഞാലിപ്പക്ഷിക്ക് ഈ വിധം ഒരു ശസ്ത്രക്രിയ നടത്തുന്നത് ഇതാദ്യമായിരിക്കും.

ശസ്ത്രക്രിയ കഴിഞ്ഞപ്പോഴും ഈ കുഞ്ഞു പക്ഷി ഇതുപോലൊരു അപകടത്തെ അതിജീവിക്കുമോ എന്ന സംശയം ഡോക്ടർക്ക് പോലും ഉണ്ടായിരുന്നു. മാത്രമല്ല, അപകടസമയത്ത് ധാരാളം രക്തം കുഞ്ഞുശരീരത്തിൽ നിന്നും വാർന്നുപോയതും പ്രശ്നമായേക്കാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഫ്ലൂയിഡ് തെറാപ്പി ഉൾപ്പെടെ മുൻകരുതലുകൾ ഡോക്ടർ സ്വീകരിച്ചിരുന്നു.
കാലിൽ കമ്പിയിട്ടാൽ വിശ്രമം അത്യാവശ്യമാണ്, അടങ്ങിയൊതുങ്ങി ഇരുന്നില്ലെങ്കിൽ സംഗതി പ്രശ്നമാണ്. പക്ഷേ എപ്പോഴും പാറിപ്പറക്കാൻ സഹജ ശീലമുള്ള ഓലേഞ്ഞാലിയെ അടക്കി നിർത്താൻ ആർക്കു പറ്റും. അതുകൊണ്ട് തന്നെ ശസ്ത്രക്രിയ കഴിഞ്ഞുള്ള പക്ഷിയുടെ പരിചരണം ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം അൽപം കഠിനമായിരുന്നു. എങ്കിലും അതേറ്റെടുത്ത് ചെയ്യാൻ വൈമനസ്യം ഏതും അവർക്കുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം നവംബർ അവസാനം നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടര മാസത്തോളമാണ് തുടർചികിത്സയും പരിചരണവും നീണ്ടത്.

പിന്നീട് വീണ്ടും നടത്തിയ എക്സറെ പരിശോധനയിൽ മുറിഞ്ഞ ഭാഗങ്ങൾ ചേർന്നതായി ഉറപ്പാക്കിയതോടെയാണ് എല്ലിനുള്ളിൽ ഇട്ട കമ്പി മാറ്റിയത്. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ വേദനയെല്ലാം അതിജീവിച്ച് ഓലേഞ്ഞാലിയിപ്പോൾ കോഴിക്കോട് വെള്ളിമാടുകുന്ന് അമ്പലപ്പറമ്പിൽ സനിൽ കിഷോറിന്റെയും ഭാര്യ ഷിബി കിഷോറിന്റെയും വീട്ടിൽ പാറിപ്പറക്കുന്നുണ്ട്. മക്കളായ ജിഷാദ് സനിൽ പോളും മെലീസ മെർലിനും ഓലേഞ്ഞാലിക്കു കൂട്ടായി ഒപ്പമുണ്ട്. പുറത്തോട്ട് പറത്തിവിട്ടാൽ പോലും പിരിഞ്ഞുപോവാത്തവിധം അത്രകൂട്ടാണ് അവരുടെ കുടുംബവും ഓലേഞ്ഞാലിയും.