കെണിയിലാക്കി കൊലപ്പെടുത്തുന്ന പ്രണയം; ഫർസാനയെപ്പോലെ ഇനിയുമെത്ര നിഷ്കളങ്കർ! അഫാന്റെ ‘മനസ്സുള്ളവരെ’ എങ്ങനെ തിരിച്ചറിയാം?

Mail This Article
‘ഞാൻ മരിച്ചാൽ ഫർസാന തനിച്ചാകും എന്നു കരുതിയാണ് അവളെയും കൊലപ്പെടുത്തിയത്’– തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടലിൽ കേരളം തരിച്ചു നിൽക്കുമ്പോൾ ഈ വാക്കുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഒരാളോട് സ്നേഹം കൂടിയാൽ അവരെ കൊലപ്പെടുത്തുകയാണോ വേണ്ടത്? അങ്ങനെയെങ്കിൽ അതെന്തു തരം സ്നേഹമാണ്? ഇങ്ങനെയുള്ള ചിന്തകളിലൂടെയാണോ യുവാക്കൾ കടന്നുപോകുന്നത്? അത്തരമൊരു ചിന്തതന്നെ തെറ്റാണെന്ന് അവർക്കെന്താണു മനസ്സിലാകാത്തത്? ചോദ്യങ്ങളേറെയാണ്. സ്വന്തം സഹോദരൻ, മുത്തശ്ശി, പിതൃസഹോദരൻ, പിതൃസഹോദരന്റെ ഭാര്യ എന്നിവര്‍ക്കൊപ്പമാണ് സുഹൃത്ത് ഫർസാനയേയും വെഞ്ഞാറമൂട് കൊലപാതകക്കേസിലെ പ്രതി അഫാൻ കൊലപ്പെടുത്തിയത്. ഫർസാനയെ വീട്ടിലേക്കു കൊണ്ടുവന്നായിരുന്നു മുകൾ നിലയിൽ വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ‘മരിച്ചത് സ്വന്തം മകളാകല്ലേ’ എന്നു പൊലീസ് സ്റ്റേഷനിലെത്തി പ്രാര്‍ഥിച്ച ഒരച്ഛന്റെ സ്വപ്നങ്ങളിലേക്കു കൂടിയാണ് ആ ചുറ്റിക വന്നു പതിച്ചത്. വെഞ്ഞാറമൂട്ടിലെ സ്കൂളിൽ പഠനകാലയളവിൽ തുടങ്ങിയ പ്രണയമാണ് അഫാനും ഫർസാനയും തമ്മിലെന്നാണ് പറയപ്പെടുന്നത്. അഞ്ചലിലെ കോളജിൽ പിജി വിദ്യാർഥിനിയാണ് ഫർസാന. പഠനത്തിൽ മിടുക്കി. ഫര്‍സാനയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നു അഫാൻ അവരുടെ വീട്ടിലെത്തി പറഞ്ഞതായും വിവരമുണ്ട്. അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ മാനസിക വ്യാപാരങ്ങളെ മുൻകൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കിൽ ഈ കൊലപാതകങ്ങൾ തടയാനാകുമായിരുന്നെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്കൂളുകളിൽ കുട്ടികൾക്ക് കൗൺസലിങ് ഉറപ്പാക്കണമെന്ന വിഷയത്തിൽ ഉൾപ്പെടെ ചർച്ചകളും ഇതോടൊപ്പം ശക്തമാവുകയാണ്. സിനിമയും മൊബൈൽ ഫോണുമാണ് യുവതലമുറയെ ‘വഴിതെറ്റിക്കുന്നതെന്ന’ ചർച്ചയും ഇതിനു സമാന്തരമായി നടക്കുന്നു. മൊബൈൽ ഫോൺ ഉപയോഗം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചും അഫാനെപ്പോലുള്ള യുവതലമുറയെ പഠിപ്പിക്കേണ്ടതുണ്ടോ? കൃത്യമായ കൗൺസലിങ് ലഭിച്ചിരുന്നെങ്കിൽ അഫാനെ ഈ കൊടുംക്രൂരതയിൽനിന്ന് വിലക്കാനാകുമായിരുന്നോ? നിഷ്കളങ്കരായ പെൺകുട്ടികളെ പ്രണയത്തിന്റെ പേരിൽ വീട്ടിലേക്കു ക്ഷണിച്ച് കൊലപ്പെടുത്തുന്നതിൽ മൊബൈൽ ഫോണിനു പങ്കുണ്ടോ? എൻലൈറ്റ് സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റ് ഫൗണ്ടറും വിവിധ സ്കൂളുകളിൽ ഒട്ടേറെ കൗൺസലിങ് ക്ലാസുകൾ നയിച്ചിട്ടുള്ള സൈക്കോളജിസ്റ്റുമായ ഡോ. വാണിദേവി സംസാരിക്കുന്നു.