വർഷം നേടുന്നത് ആറു ലക്ഷം രൂപ! വീട്ടുമുറ്റത്തുനിന്ന് ഓസ്കർ നേട്ടവുമായി സോനു

Mail This Article
‘‘മൂന്നു ലക്ഷം മുടക്കി അലങ്കാരമത്സ്യങ്ങളുടെ പ്രജനനസംരംഭം തുടങ്ങി. ഒരു വർഷം കൊണ്ടു നേടിയത് മുടക്കുമുതലിനു മുകളിൽ. അത് ആത്മവിശ്വാസം നൽകിയപ്പോൾ സംരംഭം വിപുലീകരിച്ചു’’, കോഴിക്കോട് എലത്തൂർ ചെട്ടിക്കുളം കണ്ണനാരി വീട്ടിൽ ടി. സോനു തന്റെ അലങ്കാരമത്സ്യക്കൃഷിയെക്കുറിച്ചാണ് പറയുന്നത്. കുട്ടിക്കാലം മുതൽ മത്സ്യങ്ങളുമായി ചങ്ങാത്തത്തിലാണെങ്കിലും 6 വർഷമായി വാണിജ്യാടിസ്ഥാനത്തിലുള്ള മീൻവളർത്തൽ ആരംഭിച്ചിട്ട്. ആറു വർഷം മുൻപ് മാത്രം എല്ലാവരെയുംപോലെ തുടക്കം ഗപ്പിയിൽനിന്ന്. അതും വീടിന്റെ മട്ടുപ്പാവിൽ. ഒപ്പം ഓസ്കർ മത്സ്യങ്ങളുമുണ്ടായിരുന്നു. 3 വർഷത്തോളം അവ യെ വളർത്തി. കോവിഡിനുശേഷം ഗപ്പിയുടെ വിപണിയും പ്രചാരവും പോയതോടെ ഓസ്കറിലേക്ക് ചുവടു മാറി. ഇന്ന് ആൽബിനോ ടൈഗർ, ഫയർ റെഡ്, ബ്ലാക്ക് ടൈഗർ, കോപ്പർ എന്നിങ്ങനെ നാലിനം ഓസ്കറുകളുടെ മികച്ച മാതൃപിതൃശേഖരത്തിൽനിന്ന് വർഷം 6 ലക്ഷം രൂപയ്ക്കു മുകളിലാണ് സോനുവിന്റെ വരുമാനം. ഒരു വശത്ത് പുഴയും മറുവശത്ത് കടലുമായതിനാൽ ഓസ്കർ മത്സ്യങ്ങൾക്ക് ഏറ്റവും പറ്റിയ വെള്ളമാണ് ഈ പ്രദേശത്തുള്ളതെന്ന് സോനു പറയുന്നു. അതുകൊണ്ടാവാം മത്സ്യങ്ങൾക്കു നല്ല നിറവും വലുപ്പവും കിട്ടുന്നുണ്ട്.
ഓസ്കറിന്റെ പ്രജനനം
ഫെബ്രുവരി മുതല്‍ ജൂലൈ വരെയാണ് ഓസ്കർ മത്സ്യങ്ങളുടെ പ്രജനനകാലം. അപ്പോള്‍ മത്സ്യങ്ങളെ ജോടി തിരിച്ച് അക്വേറിയത്തിലോ ഫ്രിജ് ബോക്സിലോ ഇടും. ഒപ്പം ഒരു ടൈൽ കഷണം നിലത്തു വയ്ക്കും. ഈ ടൈലിലാണ് മത്സ്യങ്ങൾ മുട്ട പതിപ്പിക്കുക. മുട്ടയിട്ടശേഷം ഈ ടൈൽ മറ്റൊരു അക്വേറിയത്തിലേക്കു മാറ്റും. എല്ലാ മുട്ടകളും വിരിയാൻ സാധ്യത കുറവാണ്. വിരിയാത്ത മുട്ടകൾ നശിക്കുമ്പോൾ പൂപ്പൽബാധയ്ക്ക് സാധ്യതയേറെ. അതൊഴിവാക്കാനായി മുട്ട മാറ്റിവയ്ക്കുന്ന ടാങ്കിലെ വെള്ളത്തിൽ മെത്തിലിൻ ബ്ലൂ ചേർക്കാറുണ്ട്. 2 ദിവസംകൊണ്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ തനിയെ നീന്തിത്തുട ങ്ങാൻ 9 ദിവസത്തോളം വേണം. ഈ സമയത്ത് ആർട്ടീമിയ 3 മണിക്കൂർ ഇടവിട്ട് നൽകും. 10 ദിവസം ആർട്ടീമിയ കൊടുത്തശേഷം മൊയ്ന നൽകുന്നു. ഒരു മാസംകൊണ്ട് കുഞ്ഞുങ്ങൾ ഒരിഞ്ച് വലുപ്പമെത്തും. ഈ പ്രായത്തിലാണ് വിൽപന തുടങ്ങുക. ഒരു കുഞ്ഞിന് 20 രൂപ ലഭിക്കും.

ഓരോ മാസവും നിശ്ചിത എണ്ണം മത്സ്യക്കുഞ്ഞുങ്ങളെ വലുതാക്കാനായി മാറ്റിയിടാറുണ്ട്. അതിനാല്‍ പ്രജനനകാലത്തിനു ശേഷവും വിൽക്കാന്‍ കുഞ്ഞുങ്ങൾ ഉണ്ടാകും. വർഷം മുഴുവൻ ഇവിടെ മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ. 4 മാസം വളർന്ന് 4 ഇഞ്ച് വലുപ്പമെത്തിയ കുഞ്ഞുങ്ങളെയാണ് ഇപ്രകാരം ഓഫ് സീസണിൽ വിൽക്കുന്നത്. ഇത്തവണ മാതൃപിതൃ ശേഖരം 100 ജോടിയായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 40 ജോടികളാണ് ഉണ്ടായിരുന്നത്. ഇവയെ പരിപാലിക്കുക ചെലവുള്ള കാര്യമാണ്. വലിയ മത്സ്യങ്ങൾക്ക് തെള്ളിച്ചെമ്മീനാണ് പ്രധാന തീറ്റ. മത്സ്യങ്ങളുടെ നിറവും ആരോഗ്യവുമെല്ലാം മെച്ചപ്പെടുന്നതും നല്ല കുട്ടികളെ ലഭിക്കുന്നതും ചെമ്മീൻ നൽകുമ്പോഴാണ്. ഒപ്പം പെല്ലെറ്റ് തീറ്റയും കൊടുക്കാറുണ്ട്.

ഓസ്കർ കൂടാതെ ക്രേ ഫിഷ്, ബ്ലാക്ക് ഗോസ്റ്റ്, ഡിസ്കസ്, ഏഞ്ചൽ, ഗപ്പി, പോളാർ വൈറ്റ് എന്നിവയും ശേഖരത്തിലുണ്ട്. അധികമാരും കൈവയ്ക്കാത്ത ബ്ലാക്ക് ഗോസ്റ്റ് മത്സ്യത്തിന്റെ പ്രജനനത്തിലും സോനു വിജയിച്ചുകഴിഞ്ഞു. മത്സ്യങ്ങൾ കൂട്ടത്തോടെ വളരുന്ന ടാങ്കിൽ ഫ്ലോർ മാറ്റ് ചെറിയ കഷണങ്ങളായി മുറിച്ചിടും. ഇതിലാണ് അവ മുട്ടയിടുക. 2 ഇഞ്ച് വലുപ്പത്തിൽ വിൽക്കുന്നു.

ചെലവു കുറഞ്ഞ ഹാച്ചറി ടാങ്കുകൾ
ഓസ്കർ കുഞ്ഞുങ്ങളെ വളർത്തുന്നതിനായി സോനു തയാറാക്കിയ ഹാച്ചറി ടാങ്കുകൾ ശ്രദ്ധേയം. കുറഞ്ഞ ചെലവിൽ രണ്ടാം തരം ടൈലുകള്‍ ഉപയോഗിച്ചു നിർമിച്ച ഇവ അലങ്കാരമത്സ്യ സംരംഭകർക്ക് മാതൃ കയാക്കാം. ചില്ലുടാങ്കുകൾ വയ്ക്കുന്നതിനുള്ള സ്റ്റാൻഡുകൾക്കു വേണ്ടിവരുന്ന ചെലവില്‍ ഈ ടാങ്ക് നിർമിക്കാം. ഓരോ ടാങ്കിലും വെള്ളം നിറയുന്നത് ഓട്ടമാറ്റിക് രീതിയിൽ. വെള്ളം അധികമായാൽ താനെ നിൽക്കാൻ ഫ്ലോട്ട് ബോളും അധികജലം പുറത്തേക്കു പോകാൻ ഉള്ളിൽനിന്നുതന്നെ ഓവർഫ്ലോ സംവിധാനവുമുണ്ട്.

തുടക്കകാലത്തു ടാങ്കുകള്‍ ടെറസിലായിരുന്നു. സ്ഥലം തികയാതായപ്പോൾ വീടിനോടു ചേർന്ന് ചെറിയ ഷെഡ് നിർമിച്ചു. ഷെഡ്, അക്വേറിയം, ഫ്രീസർ, ഇൻവേർട്ടർ എന്നിവയ്ക്കെല്ലാം കൂടി 3 ലക്ഷം രൂപ ചെലവായി. മുടക്കുമുതലിലും കൂടുതൽ ആദ്യ വർഷം നേടാനായാത് ആത്മവിശ്വാസം വർധിപ്പിച്ചു. ഈയിടെയാണ് വലിയ ഷെഡ് നിർമിച്ചത്. ഇവിടെ 10 അടി നീളവും 5 അടി വീതിയും 2 അടി ഉയരവുമുള്ള 10 ഫൈബർ ടാങ്കുകള്‍. ഒരു ടാങ്കിൽ 500 മത്സ്യങ്ങളെ വളർത്തി 4 ഇഞ്ച് വലുപ്പത്തിലെത്തിക്കാം. ഓരോ ടാങ്കിനും ബയോഫിൽട്ടർ ഉള്ളതിനാൽ ദിവസേന മത്സ്യങ്ങളുടെ വിസർജ്യം മാത്രം ടാങ്കിൽനിന്ന് നീക്കം ചെയ്താൽ മതി. മുൻപ് ഫിൽട്ടർ ഇല്ലാതിരുന്നപ്പോൾ വലിയ തോതിൽ ജലനഷ്ടം ഉണ്ടായിരുന്നു. വലിയ 2 സിമന്റ് ടാ ങ്കുകളും ഇവിടെയുണ്ട്. പ്രജനനകാലം വരെ മത്സ്യങ്ങളെ ഒരുമിച്ച് ഇതിലാണ് പാർപ്പിക്കുക. പുതിയ ഷെ ഡിനും ടാങ്കുകൾക്കുമെല്ലാമായി 10 ലക്ഷം രൂപ ചെലവായി. എല്ലാ ടാങ്കുകളിലേക്കും വെള്ളം എത്തിക്കുന്ന തിനും വെള്ളം കളയുന്നതിനും വാൽവ് സംവിധാനം ഏറെ സഹായകം. മൊത്തവിൽപനയാണു പതിവ്. പ്രധാനമായും മുംബൈ, ചെന്നൈ നഗരങ്ങളിലേക്കാണ് കുഞ്ഞുങ്ങൾ പോകുന്നത്. സ്ഥിരമായി മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്ന പ്രാദേശിക പെറ്റ് ഷോപ്പ് ഉടമകളുമുണ്ട്.

കോഴിക്കോട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ പരിശീലനം നേടിയ അലങ്കാരമത്സ്യക്കർഷകർക്കായി നബാർഡ് പിന്തുണയോടെ രൂപീകരിച്ച ഫ്രാങ്ക് (Frank- Fish Rearers Association, North Kozhikode) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സോനു. അംഗങ്ങൾക്ക് തുടർപരിശീലനവും പൊതു സൗകര്യങ്ങളുമൊരുക്കാൻ ഇവർ മുൻകയ്യെടുക്കുന്നു.
ഫോൺ: 9747681283