ജീവിതം മാറിമറിയും, കാത്തിരിക്കുന്നത് മഹാഭാഗ്യം; അപ്രതീക്ഷിത നേട്ടങ്ങൾ നൽകുന്ന നീചഭംഗരാജയോഗം

Mail This Article
നീചഭംഗരാജയോഗം എന്ന് പലരും കേട്ടിട്ടുണ്ടാകും. എന്നാല്‍ എന്താണീ യോഗമെന്ന് പലര്‍ക്കും അറിയില്ല. നീചം എന്നുവരുന്നതുകൊണ്ട് പലരും ഇത് മോശം ഫലമാണെന്നാണ് കരുതുന്നത്. യഥാർഥത്തിൽ ഇത് ആദ്യം മോശവും പിന്നീട് നല്ലതുമായ ഫലങ്ങൾ തരുന്ന ഒരു യോഗമാണ്. പലപ്പോഴും ഒരു സ്ഥാനത്തിരുന്നിട്ട് അത് നഷ്ടമാവുകയും പിന്നീടത് തിരിച്ചു കിട്ടുകയോ അതിലും മികച്ച നിലയിൽ എത്തുകയോ ചെയ്യുന്നതാണ് ഈ ഫലത്തിന്റെ ഒരു പ്രത്യേകത. ജ്യോതിഷപ്രകാരം വളരെ ശക്തമായ ഒരു യോഗമാണ് നീചഭംഗരാജയോഗം. ഇത് ജാതകന് അംഗീകാരവും, പ്രശസ്തിയും സമൃദ്ധിയും, ധനനേട്ടവും നല്‍കുന്നു. നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്കതിനെ അതിജീവിക്കാൻ നീചഭംഗരാജയോഗം സഹായിക്കുന്നു. ഇത് നിങ്ങളുടെ വിജയത്തേയും സൂചിപ്പിക്കുന്നു.
ജാതകവശാല്‍ ഏതെങ്കിലും ഗ്രഹം അതിന്റെ ദുര്‍ബല സ്ഥാനത്തും ദോഷസ്ഥാനത്തുമാണ് നില്‍ക്കുന്നതെങ്കില്‍ ചില ബാഹ്യ സ്വാധീനങ്ങള്‍ നിമിത്തം ഇവ ഇല്ലാതാകുമ്പോള്‍ ഇത്തരം രാജയോഗങ്ങള്‍ രൂപം കൊള്ളുന്നു. താഴ്ന്ന ഗ്രഹം ഉയര്‍ന്ന രാശിയിലാണെങ്കില്‍ ആ രാശിയുടെ അധിപന്‍ ലഗ്‌നത്തിന്റെ കേന്ദ്രത്തില്‍ നിന്നാലും ഇവര്‍ക്ക് നീചഭംഗരാജയോഗം രൂപപ്പെടുന്നു. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പോസിറ്റീവ് മാറ്റങ്ങളിലൂടെ ജീവിതം മാറിമറിയുന്നു.
അതായത് ഒരു നിശ്ചിത പ്രായത്തിന് ശേഷം ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്രഹം അതിന്റെ മോശം ഫലങ്ങള്‍ നല്‍കുന്നത് നിര്‍ത്തുകയും ജാതകന് അസാധാരണമായ നല്ല ഫലങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു. നീചഭംഗരാജയോഗത്തിന്റെ ഫലങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇതിന്റെ തുടക്കത്തില്‍ ചെറിയ തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും പിന്നീട് പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. മാത്രമല്ല ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോസിറ്റീവ് ഫലങ്ങൾ ലഭിക്കുന്നു. ഇത് നിങ്ങളെ മാനസികമായി ശക്തമാക്കുന്നു. ഏത് കാര്യത്തിലും വിജയം കണ്ടെത്തുന്നതിന് സാധിക്കും. തൊഴിലിൽ മികച്ച നേട്ടം ഉണ്ടാകും. ഇത് കൂടാതെ സാമ്പത്തിക നേട്ടങ്ങളും തേടിയെത്തും. മാത്രമല്ല തലമുറകളോളം കഴിയുന്നതിനുള്ള സാമ്പത്തിക നേട്ടങ്ങളും ഈ നീചഭംഗരാജയോഗം നേടിത്തരും.