വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ; ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വേറെയുമുണ്ട് ഗുണങ്ങൾ!

Mail This Article
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരെ എപ്പോഴും വിഷമത്തിലാക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ് വയറിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് എപ്പോഴും ഒരു വെല്ലുവിളിയാണ്. വ്യായാമവും ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും ആണ് പ്രധാനം. എങ്കിലും ചില പഴങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കൽ വേഗത്തിലാക്കും. ചില പഴങ്ങളിൽ നാരുകളും ആന്റിഓക്സിഡന്റുകളും കൊഴുപ്പിനെ ഇല്ലാതാക്കുന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം, പ്രത്യേകിച്ച് വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത്തരത്തിൽ അമിതമായ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം.
1. ആപ്പിൾ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങളിൽ പ്രധാനമാണ് ആപ്പിൾ. കാരണം ഇവയിൽ നാരുകൾ ധാരാളമുണ്ട്. ഒപ്പം കാലറി വളരെ കുറഞ്ഞ പഴവുമാണിത്. ആപ്പിളിൽ സോല്യുബിൾ ഫൈബർ ആയ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും കൂടുതൽ കാലറി ശരീരത്തിലെത്തുന്നത് കുറയ്ക്കുകയും ചെയ്യും. ആപ്പിളിൽ ധാരാളമായടങ്ങിയ പോളിഫിനോളുകൾ വയറിനുചുറ്റുമുള്ള ഭാഗത്തെ കൊഴുപ്പു കോശങ്ങളെ വിഘടിപ്പിക്കും. കൂടാതെ ആപ്പിൾ ദഹനം മെച്ചപ്പെടുത്തുകയും ബ്ലോട്ടിങ്ങും വയറിലെ അസ്വസ്ഥതകൾ തടയുകയും ചെയ്യും.

2. ബെറിപ്പഴങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആന്റിഓക്സിഡന്റുകൾ, നാരുകൾ, വൈറ്റമിൻ സി എന്നിവ ധാരാളമുണ്ട്. ഇവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ബെറിപ്പഴങ്ങളിലടങ്ങിയ ആന്തോസയാനിനുകൾ, കൊഴുപ്പിന്റെ ഉപാപചയ പ്രവർത്തനം നിയന്ത്രിക്കുകയും പുതിയ കൊഴുപ്പുകോശങ്ങളുടെ രൂപീകരണം കുറയ്ക്കുകയും ചെയ്യും. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതിനെ തടയുന്നു. ഊർജം നിലനിർത്താനും ഭക്ഷണത്തോടുള്ള അനാവശ്യ ആസക്തി കുറയ്ക്കാനും ബെറിപ്പഴങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും.
3. പൈനാപ്പിൾ
ദഹനത്തിനു സഹായിക്കുകയും പ്രോട്ടീനുകളെ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ബോമെലെയ്ൻ എന്ന എൻസൈം അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഒരു പഴമാണ് പൈനാപ്പിൾ. പൈനാപ്പിളിൽ വൈറ്റമിൻ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനം (Metabolism) വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി കൊഴുപ്പിനെ ഇല്ലാതാക്കുകയും ഏറെനേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. സ്വാഭാവികമായ മധുരം അടങ്ങിയ പഴമാണ് പൈനാപ്പിൾ. അതുകൊണ്ടുതന്നെ മധുരത്തോടുളള ആസക്തി കുറയ്ക്കാനും പൈനാപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.

4. പപ്പായ
ദഹനത്തിനു സഹായിക്കുകയും ബ്ലോട്ടിങ്ങ് അഥവാ വയറു കമ്പിക്കൽ തടയുകയും ചെയ്യുന്ന പപ്പെയ്ൻ എന്ന എൻസൈം പപ്പായയിലുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഒരു ദഹനവ്യവസ്ഥ ആവശ്യമാണ്. ദഹനം ശരിയായി നടന്നില്ലെങ്കിൽ ശരീരത്തിൽ, പ്രത്യേകിച്ച് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാനിടയാകും. പപ്പായയിൽ നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിന്റെ വിഘടനത്തിനും ഇൻഫ്ലമേഷൻ കുറയ്ക്കാനും സഹായിക്കും. കാലറി വളരെ കുറഞ്ഞ പഴമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ലഘുഭക്ഷണമാണ് പപ്പായ.
5. തണ്ണിമത്തൻ
90 ശതമാനവും വെള്ളം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. അതുകൊണ്ടു തന്നെ വാട്ടർ റിറ്റൻഷനും ബ്ലോട്ടിങ്ങും കുറയ്ക്കാൻ ഇത് സഹായിക്കും. കാലറി വളരെ കുറഞ്ഞ പഴമാണിത്. ഇതിൽ എൽ–സിട്രുലിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കുകയും ചെയ്യും. ശരീരത്തിൽ ജലാംശം നിലനിർത്തുന്ന ഇലക്ട്രോലൈറ്റുകളും തണ്ണിമത്തനിലുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിൽ ഇത് വളരെ പ്രധാനമാണ്.

6. കിവി
കിവിയിൽ നാരുകളും വൈറ്റമിൻ സി യും ദഹനം മെച്ചപ്പെടുത്തുന്ന എൻസൈമായ അക്റ്റിനിഡിനും അടങ്ങിയിട്ടുണ്ട്. നന്നായി പ്രവർത്തിക്കുന്ന ഒരു ദഹനവ്യവസ്ഥ, ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കാരണം ബ്ലോട്ടിങ്ങും മലബന്ധവുമെല്ലാം വയറ് വലുതായി തോന്നിക്കും. കിവിയിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും. ഇതുവഴി അമിതമായ ഭക്ഷണം കഴിക്കുന്നതു കുറയും. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയില്ല. ഇതു കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയുകയും ചെയ്യും.
7. മാതളം
മാതളനാരങ്ങയിൽ ധാരാളം പോളിഫിനോളുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. ഇവ ഇൻഫ്ലമേഷനും കൊഴുപ്പ് ശരീരത്തിൽ പ്രത്യേകിച്ച് വയറിനു ചുറ്റും അടിഞ്ഞു കൂടുന്നതും കുറയ്ക്കുകയും ചെയ്യും. മാതളക്കുരുവിൽ നാരുകൾ ധാരാളമുണ്ട്. ഇത് ദഹനത്തിനു സഹായിക്കും. വിശപ്പകറ്റുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. മാതളജ്യൂസോ, മാതളക്കുരുവോ പതിവായി കഴിക്കുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും വളരെ വേഗത്തിൽ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.