ADVERTISEMENT

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊണ്ണത്തടി കേസുകൾ  ഇന്ത്യയിൽ ഇരട്ടിയായിട്ടുണ്ടെന്നും പൊണ്ണത്തടിയുടെ വ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും' മൻ കി ബാത്തി'ന്റെ 119-ാമത് എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എടുത്തു പറഞ്ഞത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോദി രാജ്യത്തിന്റെ വിവിധ മേഖലയിൽ നിന്നുളള 10 പേരെ നാമനിർദേശം ചെയ്യുകയും ചെയ്തു. കേരളത്തിൽ നിന്നു നടൻ മോഹൻലാൽ ഉൾപ്പടെ, ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുളള, വ്യവസായി ആനന്ദ് മഹേന്ദ്ര, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാമ്പ്യൻ മനു ഭാക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, രാജ്യസഭാംഗം സുധാ മൂർത്തി, എന്നിവരെയാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്.

അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇവരെ പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്. ഇന്ത്യയിൽ വളർന്നുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ഇന്നു പൊണ്ണത്തടി. അതിനാൽ പൊണ്ണത്തടിക്ക് കാരണമാകുന്ന ഘടകങ്ങളും അത് തടയാനുള്ള വഴികളും മനസ്സിലാക്കേണ്ടത് നിർണായകമാണ്. ഇവ മനസ്സിലാക്കാൻ, മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാപ്രോസ്കോപ്പിക്, എൻഡോസ്കോപ്പിക്, ബാരിയാട്രിക് സർജറി & അലൈഡ് സർജിക്കൽ സ്പെഷ്യാലിറ്റീസ് ചെയർമാൻ ഡോ. പ്രദീപ് ചൗബെ എൻ.ഡി.ടി.വി ക്കു നൽകിയ അഭിമുഖത്തിൽ വെളുപ്പെടുത്തിയത് ഇക്കാര്യങ്ങളാണ്.

ഇന്ത്യയിൽ പൊണ്ണത്തടിക്കുള്ള അപകടരമായ ഘടകങ്ങൾ 
"ഏഷ്യക്കാർ, പ്രത്യേകിച്ച് ഇന്ത്യക്കാർ അവരുടെ മിതവ്യയ ജീനുകൾ കാരണം പൊണ്ണത്തടിക്ക് ഇരയാകുന്നു. ഈ മിതവ്യയ ജീനുകൾ ഭക്ഷണത്തെ കൊഴുപ്പായി സംഭരിക്കുന്നതിൽ ശരീരത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു. മിതവ്യയ ജീനുകൾ പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങളുടെ സാധ്യതയും വർധിപ്പിക്കുന്നു. ജീനുകൾക്ക് പുറമേ, ഇന്ത്യക്കാരിൽ അമിതവണ്ണത്തിനുള്ള സാധ്യത വർധിപ്പിക്കുന്ന മറ്റ് നിരവധി ഘടകങ്ങളും ഉണ്ട്. അതിൽ  കുറഞ്ഞ അളവിലുള്ള ശാരീരിക പ്രവർത്തനങ്ങൾ, പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ കുറവ്, ഫാസ്റ്റ് ഫുഡുകളെ കൂടുതൽ ആശ്രയിക്കൽ എന്നിവ ഉൾപ്പെടുന്നു" അദ്ദേഹം പറഞ്ഞു. നഗരവൽക്കരണം, ഉയർന്ന കാലറി ഭക്ഷണങ്ങളുടെ വർധിച്ച ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങളിലെ കുറവ് എന്നിവയാണ് പെണ്ണത്തടിയിലേക്ക് നയിക്കുന്ന ശ്രദ്ധേയമായ ഘടകങ്ങൾ. ഇന്ത്യക്കാരിൽ, വയറിനു ചുറ്റും കൊഴുപ്പ് കൂടുതലായി അടിഞ്ഞുകൂടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് നിരവധി വിട്ടുമാറാത്ത അവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

പൊണ്ണത്തടി എങ്ങനെ തടയാം?
പൊണ്ണത്തടി തടയുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മൂന്ന് കാര്യങ്ങൾ ഡോ. ചൗബെ പങ്കുവെക്കുന്നു.
ശരിയായി  ഭക്ഷണംകഴിക്കുക 
ഭക്ഷണ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ആരോഗ്യകരമായ ഭക്ഷണ സംസ്കാരം സ്വയം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. മിക്ക സംസ്കരിച്ച ഭക്ഷണങ്ങളിലും പോഷകക്കുറവും കാലറി അമിതമായ അളവിലും അടങ്ങിയിട്ടുള്ളതിനാൽ,പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം മിതമായിരിക്കുവാൻ ശ്രദ്ധിക്കണം. ആരോഗ്യകരവും സമീകൃതവുമായ ഒരു ഭക്ഷണക്രമം സ്ഥാപിക്കാൻ ഒരാൾ ലക്ഷ്യമിടണം, അത് സുസ്ഥിരവുമായിരിക്കണം. ഇത് പൊണ്ണത്തടി തടയാൻ മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായിക്കും.

Representative Image. Image Credit: ELENA BESSONOVA/istock.com
Representative Image. Image Credit: ELENA BESSONOVA/istock.com

ദിവസവും വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുന്നത് കാലറി കത്തിക്കാൻ സഹായിക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നു. മെച്ചപ്പെട്ട ആരോഗ്യത്തിനായി വിദഗ്ദ്ധർ പലപ്പോഴും ദിവസവും കുറഞ്ഞത് 30 മിനിറ്റ് പതിവായി വ്യായാമം ചെയ്യാൻ ശുപാർശ ചെയ്യുന്നു. ഇത് ശാരീരികമായി സജീവമായി തുടരുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, മാനസികാരോഗ്യം വർധിപ്പിക്കുന്നു, കൂടാതെ മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്നു.

നന്നായി ഉറങ്ങുക 
ഉറക്കം പൊണ്ണത്തടിക്കുള്ള ഒരു അപകട ഘടകമാണെന്ന കാര്യം പലപ്പോഴും  എല്ലാവരും അവഗണിക്കുന്നു. കൂടാതെ, വർഷങ്ങളായി ഇന്നു പലരുടെയും ഉറക്കത്തിന്റ ആകെ സമയം ഗണ്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്. അപര്യാപ്തമായ ഉറക്കം ശരീരഭാരം വർധിപ്പിക്കുന്നത് മാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നു. നിരവധി ഗുരുതരമായ ആരോഗ്യ അവസ്ഥകൾക്ക് പൊണ്ണത്തടി ഒരു പ്രധാന കാരണമാണ്. ജീവിതശൈലി മാറ്റങ്ങളിലൂടെയും പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലൂടെയും ഇത് പരിഹരിക്കാൻ കഴിഞ്ഞാൽ ഗണ്യമായ നേട്ടങ്ങൾക്ക് കാരണമാകും. പൊണ്ണത്തടി തടയുന്നതിന് മുൻഗണന നൽകുന്നതിലൂടെ, വ്യക്തികൾക്കും സമൂഹത്തിനും ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും, ആയുർദൈർഘ്യം വർധിപ്പിക്കുവാനും, വിട്ടുമാറാത്ത രോഗങ്ങളുടെ മൊത്തത്തിലുള്ള എണ്ണം കുറയ്ക്കുവാനും കഴിയും.

English Summary:

Doubling Obesity Rates in India: Expert Reveals 3 Simple Steps to Fight the Fat. India's Obesity Crisis: PM Modi's Urgent Call to Action & How to Prevent Weight Gain.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com