ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കൊലപാതകങ്ങൾക്ക് വേദിയായ ചില വീടുകളുടെ കഥ

Mail This Article
തലസ്ഥാനനഗരിയിൽ യുവാവ് അഞ്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. ഇങ്ങനെയുള്ള സംഭവങ്ങൾ നടന്നാൽ ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ ജനങ്ങൾ അവ മറക്കും. പക്ഷേ കൊലപാതകം നടന്ന വീടുകൾ ഭീതി ഉണർത്തിക്കൊണ്ട് പിന്നീടുള്ള കാലം അതേനിലയിൽ തുടരുന്നതാണ് പതിവ്. കൊലപാതകങ്ങൾക്ക് വേദിയായ സ്ഥലങ്ങളെയും വീടുകളെയും ചുറ്റിപ്പറ്റി പല കഥകളും പരക്കും. ലോകത്ത് എവിടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കൊലപാതകങ്ങൾക്ക് വേദിയായ ചില വീടുകളുടെ കഥകേട്ടാലോ...
ലിസി ബോർഡൻ ഹൗസ്
മസാച്യുസിറ്റ്സിലെ ഫാൾ റിവറിലെ സെക്കൻഡ് സ്ട്രീറ്റിൽ 1892ൽ ക്രൂര കൊലപാതകങ്ങൾക്ക് വേദിയായ ഒരു വീടുണ്ട്. ആൻഡ്രൂ ബോർഡൻ, ഭാര്യ അബി ബോർഡൻ എന്നിവരെ പട്ടാപ്പകൽ കോടാലി ഉപയോഗിച്ചാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇവരുടെ മകൾ ലിസി ബോർഡനാണ് കൊലപാതകി എന്ന ധാരണയിൽ അവരെ പിടികൂടിയെങ്കിലും വിചാരണയ്ക്കുശേഷം കുറ്റവിമുക്തയാക്കുകയായിരുന്നു. ഇന്നോളം ബോർഡൻ ദമ്പതികളുടെ മരണത്തിന് ഉത്തരവാദി ആരെന്ന കാര്യം ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു.

സംഭവം നടന്നിട്ട് ഒന്നര നൂറ്റാണ്ട് അടുക്കുമ്പോൾ ഇന്ന് ഈ വീട് ഒരു മ്യൂസിയവും ഹോട്ടലുമാണ്. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങളും കൊലപാതക കഥയുമായി ബന്ധപ്പെട്ട വസ്തുക്കളും ഈ വീട്ടിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. അബി ബോർഡന്റെ മൃതദേഹം കണ്ടെത്തിയ അതേ മുറിയിൽ അതിഥികൾക്ക് താമസിക്കാം. ഭീകരമായ ചരിത്രമാണ് വീടിന് പിന്നിലുള്ളതെങ്കിലും അത് എങ്ങനെ ബിസിനസിന് ഉപയോഗിക്കാം എന്ന് പിൽക്കാലത്ത് വന്ന ഉടമസ്ഥർ കൃത്യമായി മനസ്സിലാക്കിയിരുന്നു. ലിസി ബോർഡൻ ഹൗസ് ടൂർ, രാത്രി സമയങ്ങളിളുള്ള ഗോസ്റ്റ് ടൂർ, ഗോസ്റ്റ് ഹണ്ട് എന്നിങ്ങനെ ഇവിടെയെത്തുന്നവർക്കായി ധാരാളം കൗതുകകരമായ കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
അമിറ്റിവിൽ ഹൊറർ ഹൗസ്
ന്യൂയോർക്കിലെ അമിറ്റിവില്ലിൽ സ്ഥിതിചെയ്യുന്ന ഡച്ച് കൊളോണിയൽ ശൈലിയിലുള്ള ഒരു വീടിന് ആറു കൊലപാതകങ്ങളുടെ കഥയാണ് പറയാനുള്ളത്. തടാകത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ വീട്ടിൽ വച്ച് റൊണാൾഡോ ഡിഫിയോ- ലൂസി ദമ്പതികളും അവരുടെ അഞ്ചു മക്കളിൽ നാലുപേരുമാണ് 1974 ൽ കൊലചെയ്യപ്പെട്ടത്. ഇവരുടെ മൂത്തമകനായ റൊണാൾഡോ ഡിഫിയോ ആയിരുന്നു കൊലപാതകി. സംഭവശേഷം വീട് വിൽപന ചെയ്യപ്പെട്ടു. ഇവിടേക്ക് താമസം മാറി എത്തിയ ജോർജ് - കാത്തി എന്നിവർക്ക് ഇവിടെ പ്രേതബാധയുള്ളതായി അനുഭവപ്പെട്ടു. ചുവരുകളിൽ നിന്ന് രക്തം ഇറ്റുന്നതും പൈശാചികരൂപങ്ങൾ അടിക്കടി പ്രത്യക്ഷപ്പെടുന്നതും ഇവർ പലതവണ കണ്ടത്രെ . ഇവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരു പുസ്തകം പുറത്തിറങ്ങുകയും പിന്നീട് അതിന്റെ പശ്ചാത്തലത്തിൽ കഥ സിനിമയാവുകയും ചെയ്തു.

ക്ലട്ടർ കുടുംബത്തിന്റെ ഫാം ഹൗസ്
കൻസാസിലെ ഹോള്‍കോമ്പിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ഫാം ഹൗസിൽ വച്ചാണ് ഗൃഹനാഥനായ ഹെർബ് ക്ലട്ടറും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം അരുംകൊലയ്ക്ക് ഇരകളായത്. 1959 ൽ ആയിരുന്നു സംഭവം. കൊലപാതകത്തിന് ഉത്തരവാദികളായ രണ്ടുപേരെ കണ്ടെത്തി 1965 ൽ വധശിക്ഷ നൽകി. ക്ലട്ടർ കുടുംബം അതിക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ കഥ പിന്നീട് പുസ്തക രൂപത്തിൽ പുറത്തിറങ്ങി.
സംഭവം നടന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും 14 മുറികളുള്ള ഫാം ഹൗസ് ഇപ്പോഴും ഭീതിജനകമായ ചരിത്രം ഓർമിപ്പിച്ചുകൊണ്ട് നിലനിൽക്കുന്നുണ്ട്. ചെറുകിട കർഷക സമൂഹം ജീവിച്ചിരുന്ന സ്ഥലത്ത് അവിടത്തുകാരെ അദ്‌ഭുതപ്പെടുത്തി കൊണ്ടായിരുന്നു ക്ലട്ടർ കുടുംബം ആധുനിക രീതിയിലുള്ള ഇരുനില ഫാം ഹൗസ് നിർമിച്ചത്. അതുകൊണ്ടുതന്നെ അക്കാലത്ത് പ്രതാപത്തിന്റെ അടയാളമായാണ് പ്രദേശവാസികൾ ഈ വീടിനെകണ്ടതും. കൊലപാതകങ്ങൾ അരങ്ങേറിയതിനുശേഷം ഈ വീട് ലേലത്തിൽ പോവുകയായിരുന്നു. പിന്നീടിങ്ങോട്ട് പലതവണ ഇത് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഭീതിജനകമായ ചരിത്രമുറങ്ങുന്നുണ്ടെങ്കിലും ഇന്നും ഈ വീട് സാധാരണ നിലയിൽ ഉപയോഗിച്ച് പോരുന്നു.