പക്ഷികളോടുള്ള പ്രണയം പിന്നീട് പരിസ്ഥിതി സംരംഭകയാക്കി: ഇത് രാധിക, തത്തകളുടെ തോഴി

Mail This Article
നിത്യജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ കാലമായിരുന്നു കോവിഡ് കാലം. അതുവരെയില്ലാതിരുന്ന പല ശീലങ്ങളും ഹോബികളുമൊക്കെ പലരും തുടങ്ങി. മണ്ണുമായി യാതൊരു ബന്ധവുമില്ലാത്ത പലരും കൃഷി തുടങ്ങിയതും പാചകത്തിൽ വ്യത്യസ്ത രീതികൾ പ്രയോഗിച്ചതും യൂട്യൂബ് ചാനലുകൾ തുടങ്ങിയതുമൊക്കെ ഇക്കാലത്തായിരുന്നു. ലോക്ഡൗൺ കാലത്ത് രാധിക സോനോവാനെ എന്ന പുണെക്കാരിയെ ശ്രദ്ധേയമാക്കിയത് ഇത്തരമൊരു ശീലമാണ്. ഇപ്പോഴാ ശീലം സംരംഭകത്വം ആയി മാറിയിരിക്കുന്നു.
ഫിനാൻസ് പ്രഫഷനലായ രാധിക ഓഫിസിൽ പോകാതെ വീട്ടിലിരുന്നപ്പോൾ അവിടെ വരുന്ന കിളികളെ ശ്രദ്ധിക്കാൻ തുടങ്ങി. മുൻപ് ജോലിത്തിരക്കു മൂലം ഇതൊന്നും അങ്ങനെ ശ്രദ്ധിക്കാൻ സമയമുണ്ടായില്ല. വീട്ടിൽ വരുന്ന കിളികൾക്ക് നല്ലൊരു ആതിഥേയയാകാൻ രാധിക തീരുമാനിച്ചു. പറന്നു ക്ഷീണിച്ചു വരുന്ന കിളികൾക്ക് വിശ്രമിക്കാനായി ഇരിപ്പിടങ്ങൾ, അൽപം ഉല്ലാസത്തിനു കളിക്കാനായി ഊഞ്ഞാലുകൾ, ഭക്ഷണം കഴിക്കാനായി പാത്രങ്ങൾ എന്നിവയെല്ലാം രാധിക വീട്ടിൽ ഒരുക്കിവച്ചു.
താമസിയാതെ മറ്റു കിളികൾക്കൊപ്പം തത്തകൾ രാധികയുടെ വീട്ടിലെ നിത്യ സന്ദർശകരായി. ഇന്ത്യൻ റിംഗ്‌നെക് പാരക്കീറ്റ് എന്നു പേരുള്ള തത്തകളാണ് ആദ്യം എത്തിയത്. ഇതിനുശേഷം അലക്സാൻഡ്രീൻ പാരക്കീറ്റ് എന്ന വിഭാഗത്തിലുള്ള തത്തകളും വന്നു തുടങ്ങി. ആദ്യം തത്തകൾക്ക് രാധികയെ അത്ര വിശ്വാസമില്ലായിരുന്നു. അവർ ഒരകലം സൂക്ഷിച്ചു. പത്തോളം തത്തകളാണ് തുടക്കത്തിൽ വന്നിരുന്നത്. പിന്നീട് ഇവയുടെ എണ്ണം കൂടിക്കൂടി വന്നു. പിന്നെ നാൽപതോളം തത്തകൾ രാധികയെ കാണാനായി ദിവസവും വീട്ടിലെത്തി. ഇവയ്ക്ക് ഏതെല്ലാം ഭക്ഷണമാണ് ഇഷ്ടം എന്നൊക്കെ രാധികയ്ക്ക് നന്നായി അറിയാമായിരുന്നു. ധാന്യങ്ങളും പഴങ്ങളും കുടിക്കാൻ വെള്ളവും അവർ അപ്പോഴേക്കും ഒരുക്കിവച്ചു. ചില തത്തകൾ തങ്ങളുടെ കുട്ടികളെ പോലും രാധികയുടെ വീട്ടിൽ കൊണ്ടുവന്നു. തത്തകൾ മാത്രമല്ല ബുൾബ്ബുളുകൾ, കുരുവികൾ തുടങ്ങിയ മറ്റു പക്ഷികളും ചില അണ്ണാറക്കണ്ണൻമാരും പൂണെ കാർവെ നഗറിലുള്ള രാധികയുടെ വീട്ടിലെ സ്ഥിരം സന്ദർശകരായി താമസിയാതെ മാറി.
4 വർഷങ്ങൾക്കിപ്പുറം ഒരു പരിസ്ഥിതി സംരംഭക കൂടിയായിരിക്കുകയാണ് രാധിക. ബേർഡ് ദുനിയ എന്ന ഓൺലൈന്‍ വ്യാപാര പോർട്ടൽ ഇവർ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പക്ഷികൾക്കായുള്ള വിവിധതരം കൂടുകൾ, ഭക്ഷണവും വെള്ളവും നൽകാനുള്ള ഫീഡറുകൾ തുടങ്ങിയവയൊക്കെ വിൽക്കുന്നുണ്ട് രാധിക. ബേർഡ് വിസ്പറർ എന്നു സ്വയം വിശേഷിപ്പിക്കുന്ന രാധിക ഒന്നേമുക്കാൽ ലക്ഷത്തോളം പേർ ഫോളോ ചെയ്യുന്ന സജീവമായ ഒരു ഇൻസ്റ്റഗ്രാം പ്രൊഫൈലും നടത്തുന്നുണ്ട്. തന്റെ വീട്ടിലെത്തുന്ന പക്ഷികളുടെ ചിത്രങ്ങളും പക്ഷികളെ വളർത്തുന്നവർക്കുള്ള മറ്റു ടിപ്സുകളുമൊക്കെ ഈ പ്രൊഫൈലിലുണ്ട്.