ആനയുടെ തുമ്പിക്കൈ പോലൊരു പുഴു! പേടിപ്പിക്കാൻ അതിവിദഗ്ധനാണ്

Mail This Article
ബ്രിട്ടനിലും മറ്റുമുള്ള വളരെ പ്രശസ്തമായ ഒരു ശലഭമാണ് എലിഫന്റ് ഹോക് മോഥ്. വളരെ വർണാഭമായ ചിറകുകളും ശരീരവുമൊക്കെയുള്ള ജീവികളാണ് ഇവ. എന്നാൽ ഇവയ്‌ക്കെങ്ങനെയാണ് എലിഫന്റ് എന്നു പേരിൽ വന്നതെന്ന് ആരായാലും ഒന്നതിശയിക്കും. കാരണം ഇവയ്ക്ക് ആനയുമായി സാദൃശ്യങ്ങളൊന്നുമില്ല, ഇവ അത്ര വലിയ ശലഭങ്ങളുമല്ല.
എന്നാൽ ഇവ ശലഭങ്ങളാകുന്നതിനു മുൻപുള്ള ലാർവ അവസ്ഥയിൽ, അതായത് പുഴു അവസ്ഥയിൽ കണ്ടാൽ ഒരു ആനയുടെ തുമ്പിക്കൈയുമായി സാദൃശ്യം തോന്നും. അങ്ങനെയാണ് ഇവയ്ക്ക് എലിഫന്റ് ഹോക് മോഥ് എന്നു പേരു കിട്ടിയത്. വലുപ്പം കൂടിയ ഇവ എന്തെങ്കിലും അപകടം സംഭവിക്കുന്നുവെന്ന് തോന്നിയാൽ തലയും ഉടലും കൃത്രിമമായി വീർപ്പിച്ച് പാമ്പാണെന്ന രീതിയിൽ നിൽക്കും. ശത്രുക്കളെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തി ഓടിക്കാനായാണ് ഈ വിദ്യ. മൂന്നിഞ്ചു നീളവും 7.5 ഗ്രാം ഭാരവും പൂർണവളർച്ചയിൽ കൈവരിക്കുന്ന ഇവ പിന്നീട് പ്യൂപ രൂപത്തിലേക്കു മാറുകയും ഒടുവിൽ നിശാശലഭമായി വിരിഞ്ഞിറങ്ങുകയും ചെയ്യും.

എലിഫന്റ് ഹോക്മോഥ് നിശാശലഭങ്ങൾ ബ്രിട്ടനിലും മധ്യയൂറോപ്പിലെ ചില മേഖലകളിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ആഴ്ചകൾക്ക് മുൻപ് മാഞ്ചസ്റ്ററിൽ ഇത്തരം ഒട്ടേറെ ചിത്രശലഭങ്ങൾ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടിരുന്നു. എലിഫന്റ് ഹോക്മോഥ് കാറ്റർപില്ലർ പുഴുക്കൾ പച്ച, മഞ്ഞ തുടങ്ങി പലനിറങ്ങളിൽ കാണപ്പെടാറുണ്ട്. എന്നാൽ പൂർണ വളർച്ച കൈവരിക്കുന്നതോടെ ഇവർക്ക് ബ്രൗൺ നിറം കിട്ടും. ശരീരത്തിൽ കറുത്ത കുത്തുകളും.
പുഴുവായിരിക്കുന്ന അവസ്ഥയിൽ ബാൾസം, ബെഡ്സ്ട്രോ, വില്ലോഹെർബ്, ഫുച്സിയ തുടങ്ങിയ സസ്യങ്ങളിൽ ഇവ ആഹാരം തേടാൻ എത്തും. ഇവ രാത്രി മാത്രം ഭക്ഷണം തേടാൻ പുറത്തിറങ്ങിയാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.