ഏറ്റവും അപകടകാരിയായ തേളുകൾ; കുത്തുകിട്ടിയാൽ അരമണിക്കൂറിൽ മരണം

Mail This Article
ചിലന്തികളും മറ്റുമടങ്ങിയ അരാക്ഡിന് ജന്തുവിഭാഗത്തിലെ അംഗങ്ങളാണു തേളുകൾ. ലോകത്ത് അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തേളുകളുണ്ടെങ്കിലും ചൂടുകൂടിയ ഇടങ്ങളിലും മരുഭൂമികളിലുമൊക്കെയാണ് ഇവ കൂടുതൽ കാണപ്പെടാറുള്ളത്. കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി നന്നായുള്ള ജീവികളാണു തേളുകൾ. അപകടകാരികളായ പല തേളിനങ്ങളുമുണ്ട്. ഡെത്ത്സ്റ്റാക്കർ, ഇന്ത്യൻ റെഡ് സ്കോർപിയോൺ, അരിസോന ബാർക് സ്കോർപിയോൺ, ബ്രസീലിയൻ യെലോ സ്കോർപിയോൺ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽപെടും.

ഈ ഗ്രൂപ്പിൽപെട്ട മറ്റൊരു അപകടകാരിയാണ് അറേബ്യൻ ഫാറ്റ് ടെയിൽ സ്കോർപിയൺ. ലോകത്തിലെ ഏറ്റവും വലിയ എംബാങ്ക്മെന്റ് ഡാമായ അസ്വാൻ അണക്കെട്ട് സ്ഥിതി െചയ്യുന്ന അസ്വാൻ മലനിരകളാണ് അറേബ്യൻ ഫാറ്റ് ടെയിൽ സ്കോർപിയൺ തേളുകളുടെ ജന്മഭൂമിയാണ്. ഇവയെ ഗ്രീക്ക് ഭാഷയിൽ ആൻഡ്രോക്ടനസ് ക്രാസികൂട എന്നും വിളിക്കുന്നു. നരഭോജികൾ എന്നാണ് ഇതിന്റെ അർഥം. ഒരു കുത്തുകിട്ടിയാൽ അരമണിക്കൂർ കൊണ്ട് ഒരാൾ മരിക്കാൻ വരെ ഇതു വഴിയൊരുക്കാം. വർഷത്തിൽ ഒട്ടേറെ മരണങ്ങൾ ഈ ജീവികൾ കാരണം സംഭവിക്കാറുണ്ട്. അതിശക്തമായ ന്യൂറോടോക്സിനുകൾ ഇവയുടെ വിഷത്തിൽ അടങ്ങിയിരിക്കുന്നതാണു മരണത്തിനു വഴി വയ്ക്കുന്നത്.

ഈജിപ്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇവയ്ക്ക് ഒഴിവാക്കാനൊക്കാത്ത സ്ഥാനമുണ്ട്. പ്രാചീന ഈജിപ്ഷ്യൻ മതങ്ങളിലെ ദേവതാസങ്കൽപത്തിൽ മരണത്തിന്റെ ദേവിയായിരുന്ന സെൽകറ്റിന്റെ ചിഹ്നജീവി ഇത്തരം തേളുകളായിരുന്നു. ഈജിപ്ഷ്യൻ ചരിത്രത്തിൽ ചില രാജാക്കൻമാർക്കും തേളിന്റെ പേര് സ്വീകരിച്ചിട്ടുണ്ട്. എട്ടു മുതൽ 10 ഇഞ്ച് വരെ ഈ തേളുകൾ വളരും. കറുപ്പ്, ബ്രൗൺ, കടുംചുവപ്പ് നിറങ്ങളിൽ ഇവ കാണപ്പെടാറുണ്ട്.
2021ൽ അസ്വാനിൽ സംഭവിച്ച പ്രളയത്തെ തുടർന്ന് ജനവാസ മേഖലകളിൽ എത്തിയ ഇവ വീടുകളിൽ കയറി നടത്തിയ ആക്രമണങ്ങളിൽ 500 പേരോളം ആശുപത്രിയിലായി. 3 പേർ മരിച്ചു. കടുത്ത പനി, വേദന, വെട്ടിവിയർക്കൽ, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ തുടങ്ങിയവ കുത്തേറ്റവരിൽ ദൃശ്യമായിരുന്നു. ഇവരെ ചികിത്സിക്കാനായി ഡോക്ടർമാർക്ക് കോവിഡ് വാക്സിനേഷൻ പോലും നിർത്തിവയ്ക്കേണ്ടി വന്നു.