ബോറടി മാറ്റാന്‍ ഷോര്‍ട്ട് വീഡിയോകള്‍ കാണുന്ന ശീലമുണ്ടോ? എങ്കില്‍ ഇത് അറിയണം
Mail This Article
വെറുതേ ഇരുന്ന് ബോറടിക്കുമ്പോള്‍ ഇന്‍സ്‌റ്റാഗ്രാമിലെ റീലുകളോ യൂട്യൂബിലെ ഷോര്‍ട്‌സുകളോ കാണുന്ന ശീലം പലര്‍ക്കുമുണ്ട്. ഒന്നിനു പിറകെ ഒന്നായി വീഡിയോകള്‍ സ്‌ക്രോള്‍ ചെയ്‌ത് മാറ്റിക്കൊണ്ടേയിരിക്കുന്നത് നല്ലൊരു നേരംപോക്കാണല്ലോ എന്നും കരുതും. എന്നാല്‍ ഇത്തരം ശീലം ബോറടി അധികമാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് പഠനങ്ങള്‍ പറയുന്നു.
ടോറന്റോ സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വീഡിയോകള്‍ മാറി മാറി കാണുകയല്ല മറിച്ച് ഏതെങ്കിലും ഒരെണ്ണം ദീര്‍ഘനേരം കാണുകയാണ് ബോറടി മാറ്റാനുള്ള വഴിയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പോസ്‌റ്റ് ഡോക്ടറല്‍ ഗവേഷക കാറ്റി ടാം പറയുന്നു.
യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും മാത്രമല്ല നെറ്റ്‌ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഇന്ന് നിരവധി ഷോര്‍ട്ട് വീഡിയോകള്‍ ലഭ്യമാണ്. ഇതില്‍ എല്ലാമൊന്നും താത്‌പര്യം ഉണര്‍ത്തുന്നതാകണമെന്നില്ല. ഇതിനാല്‍ സ്‌ക്രോള്‍ ചെയ്‌ത് ഇവ നിരന്തരം മാറ്റിക്കൊണ്ടിരിക്കാനുള്ള പ്രവണതയുണ്ടാകും. ഡിജിറ്റല്‍ സ്വിച്ചിങ് എന്നാണ് ഇതിന് പറയുന്ന പേര്.
ഈ ഡിജിറ്റല്‍ സ്വിച്ചിങ് ഉള്ള ബോറടി അധികരിപ്പിക്കുമെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഇത് നമ്മുടെ സംതൃപ്‌തിയും ശ്രദ്ധയും കുറയ്‌ക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ബോറടി നമ്മുടെ ശ്രദ്ധയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതാണ് ഇതിന് കാരണം. ഏതെങ്കിലും ഒരു വീഡിയോയില്‍ നാം ശ്രദ്ധയര്‍പ്പിച്ചിരുന്നാല്‍ മാത്രമേ അതില്‍ എന്തെങ്കിലും അര്‍ത്ഥമുള്ളതായി നമുക്ക് തോന്നുകയുള്ളൂ. എന്നാല്‍ ഡിജിറ്റല്‍ സ്വിച്ചിങ് ഇതിനുള്ള അവസരം ഇല്ലാതാക്കുന്നു.
1200 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. ജേണല്‍ ഓഫ് എക്‌സ്‌പിരിമെന്റല്‍ സൈക്കോളജിയില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.