ഡേറ്റിങ് ഇനി 'ആപ്പാ'കരുത്; ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങൾ

Mail This Article
ലോകമെമ്പാടുമായി ഏകദേശം 350 ദശലക്ഷം ആളുകൾ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നു. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ഇത്തരം ആപ്പുകകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതു വഴി ആളുകൾക്ക് അമിതമായ ഉത്കണ്ഠ, വിഷാദം, മാനസികസമ്മർദ്ദം,എന്നിവ അനുഭവപ്പെടുന്നതായി പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. ശാരീരിക രൂപത്തെക്കുറിച്ചുള്ള ആശങ്കകളും ഡേറ്റിങ് ആപ്പ് സംസ്കാരം നിശ്ചയിച്ചിട്ടുള്ള ചില ആദർശങ്ങളുമായി പൊരുത്തപ്പെടാനുള്ള സമ്മർദ്ദവുമാണ് ഇതിന് കാരണം.
ഡേറ്റിങ് ആപ്പുകൾ ആളുകളെ ബന്ധപ്പെടുന്ന രീതി തന്നെ നിലവിൽ മാറ്റിയിട്ടുണ്ട്, ഇപ്പോൾ ഒറ്റ ടാപ്പിലൂടെ പൊരുത്തങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കിയിരിക്കുന്നു. ഉപയോക്താക്കൾക്ക് പ്രൊഫൈലുകൾ ബ്രൗസ് ചെയ്യാനും തൽക്ഷണം ചാറ്റ് ചെയ്യാനും എവിടെയും എപ്പോൾ വേണമെങ്കിലും ബന്ധങ്ങൾ സ്ഥാപിക്കാനും കഴിയും. തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് ഇത് സഹായകരമാണ്. എന്നാൽ ഈ സൗകര്യവും വെല്ലുവിളികൾ നിറഞ്ഞതാണ്. സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച്, ആധുനിക ഡേറ്റിങും മാറുന്നു, പുതിയ അവസരങ്ങൾ പുതിയ വെല്ലുവിളികൾ കൊണ്ടുവരുന്നുന്നതായി പഠനത്തിൽ പറയുന്നു.
നേരിട്ടുള്ള ഇടപെടലുകൾ മാറി ഫോട്ടോകളും,വീഡിയോകളും മാത്രം നിറഞ്ഞ ഡിജിറ്റൽ പ്രൊഫൈലുകളായി ഇന്ന് ആപ്പ് മാറ്റിസ്ഥാപിക്കപ്പെട്ടു. അവിടെ ഒരു സ്വൈപ്പ് ഇടത്തോട്ടോ വലത്തോട്ടോ, ഒരു ബന്ധം മുന്നോട്ട് പോകുമോ അവസാനിക്കുമോ എന്ന് തീരുമാനിക്കുന്നതു വരെയെത്തി. ഈ മാറ്റം ശാരീരിക രൂപത്തിന് വലിയ പ്രാധാന്യം നൽകുന്നു, ആദ്യ കാഴ്ചയിൽ മാത്രം പെട്ടെന്നുള്ള വിധികൾ പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രശ്നം അംഗീകരിച്ചുകൊണ്ട്, ഡേറ്റിങ് ആപ്പുകൾ നെഗറ്റീവ് ബോഡി ഇമേജ്, വിഷാദം, വിവിധ മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

ഡേറ്റിങ് ആപ്പുകളുടെ മറഞ്ഞിരിക്കുന്ന ദോഷവശങ്ങൾ
ഡേറ്റിങ് ആപ്പുകളുടെ ഉപയോഗം ആശങ്കാജനകമായ അനന്തരഫലം ഉണ്ടാക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. 45 വ്യത്യസ്ത പഠനങ്ങൾ വിശകലനം ചെയ്തപ്പോൾ അവയിൽ 85 ശതമാനവും വ്യക്തികളുടെ മാനസികാരോഗ്യത്തെ വലിയതോതിൽ ബാധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഡേറ്റിങ് ആപ്പുകളുടെ അമിതമായ ഉപയോഗം ശരീരത്തെക്കുറിച്ചുള്ള അതൃപ്തി, ലജ്ജാബോധം, കൂടാതെ ഭക്ഷണക്രമത്തിലെ തകരാറുകൾ എന്നിവയുണ്ടാക്കുന്നു. ആപ്പ് ഉപയോഗിക്കുന്ന പലരും ഇതിന്‍റെ ഫലമായി ഉയർന്ന ഉത്കണ്ഠയും കുറഞ്ഞ ആത്മാഭിമാനവും അനുഭവിക്കുന്നു.
സോഷ്യൽ മീഡിയയെപ്പോലെ ഡേറ്റിങ് ആപ്പുകളും ചിത്രങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നവയാണെന്ന് പഠനങ്ങൾ പറയുന്നു. തങ്ങളുടെ രൂപം മാത്രമാണ് വിജയത്തെ നിർണ്ണയിക്കുന്നതെന്ന് ഭയന്ന് ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളിൽ അമിതമായി ശ്രദ്ധ കൊടുക്കുന്നു. ഇത് അവരിൽ മാനസിക സംഘർഷങ്ങൾ വർധിക്കാൻ കാരണം ആകുന്നു. രൂപഭംഗിക്ക് അമിത പ്രാധാന്യം നൽകുന്നത് കുറയ്ക്കാനുളള ബദൽ സമീപനങ്ങൾ ഡേറ്റിങ് ആപ്പുകളിൽ സൃഷ്ടിക്കാൻ ഗവേഷകർ നിർദ്ദേശിക്കുന്നു.
ഫോട്ടോകളിൽ നിന്നുള്ള ശ്രദ്ധ മാറ്റുകയും, വിവേചനവും, ഓൺലൈൻ ദുരുപയോഗവും തടയാൻ ശക്തമായ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ കഴിയും..കൂടാതെ, ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾ ശ്രദ്ധാപൂർവ്വമായ സമീപനം സ്വീകരിക്കണം. രൂപഭംഗിക്ക് മാത്രം മുൻഗണന നൽകുന്നതിന് പകരം, വ്യക്തിത്വം, താൽപ്പര്യങ്ങൾ, ജീവിതശൈലി എന്നിവ പ്രതിഫലിപ്പിക്കുന്ന പ്രൊഫൈലുകൾ തിരഞ്ഞെടുക്കണം, ശാരീരിക ആകർഷണത്തിനപ്പുറമുളള അർത്ഥവത്തായ ബന്ധങ്ങൾ കൂടുതൽലായിവളർത്തണം. കൂടാതെ, കൂടുതൽ സമ്മർദ്ദമോ, വിഷമമോ, തിരസ്കാരമോ അനുഭവപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം ആപ്പുകളിൽ നിന്ന് ഇടവേളകൾ എടുക്കാനും ഗവേഷകർ നിർദ്ദശിക്കുന്നു.