ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലാണോ?; ഈ നാലുകാര്യങ്ങൾ ശ്രദ്ധിക്കാന് മറക്കരുത്

Mail This Article
കണ്ണെത്താ ദൂരത്തിരുന്നു പ്രണയിക്കുന്നവർക്ക് ചിലപ്പോഴെങ്കിലും പ്രണയത്തിൽ ചില സംശയങ്ങൾ തോന്നാറുണ്ട്. ഇത് ശരിയാകുമോ ഇല്ലയോ എന്നൊക്കെ. പ്രണയബന്ധത്തിലായാലും വിവാഹജീവിതത്തിലാണെങ്കിലും അകലെയിരുന്നു പ്രണയിക്കുന്നതിൽ റിസ്ക് ഒരുപോലെയാണ്. പലപ്പോഴും ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ വില്ലനാകുന്നത് ആശയവിനിമയത്തിലെ തകരാറുകളോ വിശ്വസ്തതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഒക്കെ ആകാം. ജോലിയിലെ തിരക്കുകൾ കൊണ്ടും മറ്റും പങ്കാളിയുമായി നിരന്തരം ആശയവിനിമയം നടത്താൻ ചിലർക്ക് സാധിക്കാറില്ല. പക്ഷേ എന്തിന്റെ പേരിലാണെങ്കിലും ആശയവിനിമയം ഒഴിവാക്കുന്നത് ബന്ധത്തിൽ വിള്ളൽ വീഴ്ത്താം.
ലോങ്ഡിസ്റ്റൻസ് റിലേഷൻഷിപ്പിലെ മറ്റൊരു പ്രതിബന്ധം വിശ്വസ്തതയുമായി ബന്ധപ്പെട്ടാണ്. ഫോണിൽ വിളിക്കുന്ന സമയത്ത് അപ്പുറത്തുള്ളയാളുടെ ഫോൺ തിരക്കിലാണെങ്കിൽ ‘ഞാൻ വിളിക്കുമ്പോൾ മാത്രം സംസാരിക്കാൻ അവർക്ക് സമയമില്ല, ഇപ്പോഴാരോടാണ് സംസാരിക്കുന്നത്’ എന്നൊക്കെയുള്ള സംശയങ്ങൾ ഉടലെടുക്കാം. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ പരസ്പരബന്ധത്തിൽ സുതാര്യത ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം. സുഹൃത്തുക്കൾ ആരൊക്കെയാണ്, ആരുടെയൊക്കെ ഒപ്പം പുറത്തു പോകുന്നു തുടങ്ങിയ കാര്യങ്ങൾ പരസ്പരം തുറന്നു പറയുന്നത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും. ആശയവിനിമയത്തിൽ സുതാര്യതയും സത്യസന്ധതയും ഉറപ്പു വരുത്തിയാൽത്തന്നെ ലോങ്ഡിസ്റ്റൻസ് റിലേഷൻഷിപ് സുഗമമായി മുന്നോട്ടു കൊണ്ടുപോകാം.
പങ്കാളികളെ ഫോണിൽ കിട്ടിയില്ലെങ്കിൽ അവർക്ക് അപകടം പറ്റി, അല്ലെങ്കിൽ എന്നോട് സ്നേഹമില്ലാത്തതുകൊണ്ട് മനഃപൂർവം ഫോൺ എടുക്കാത്തതാണ് എന്നൊക്കെ നെഗറ്റിവായി ചിന്തിക്കാതെ, ഇപ്പോൾ മീറ്റിങ്ങിലോ തിരക്കുള്ള ബസിലോ അങ്ങനെ ഫോൺ എടുക്കാൻ പറ്റാത്ത സാഹചര്യത്തിലായിരിക്കുമെന്നും സമയവും സൗകര്യവും ഒത്തുവന്നാലുടൻ അവർ തിരിച്ചു വിളിക്കുമെന്നും പോസിറ്റിവായി ചിന്തിക്കാൻ ശ്രമിക്കണം. നേരിൽ കാണാനുള്ള സന്ദർഭങ്ങൾ കുറവാണെങ്കിലും പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് ബന്ധം ഊഷ്മളമായി നിലനിർത്തണം. വിഡിയോ കോളിലൂടെ പരസ്പരം കണ്ട് സംസാരിക്കാം. പുതിയ ഭാഷകൾ അല്ലെങ്കിൽ കോഴ്സുകൾ ഓൺലൈനിലൂടെ ഒരുമിച്ച് പഠിക്കാൻ ശ്രമിക്കാം. അങ്ങനെ വ്യക്തികൾ എന്ന നിലയിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ പരസ്പരം സഹായിക്കാം.
എല്ലാ ബന്ധങ്ങളിലും കൃത്യമായി അതിർവരമ്പുകൾ സൃഷ്ടിക്കുകയും പങ്കാളികളെ വഞ്ചിക്കാതിരിക്കാനുള്ള മര്യാദ പരസ്പരം കാണിക്കുകയും ചെയ്യണം. പങ്കാളിയുടെ സാമിപ്യം ആഗ്രഹിക്കുന്ന നിമിഷങ്ങളെ മുതലെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത്തരക്കാരെ ബുദ്ധിപരമായി അകറ്റി നിർത്തണം. കഴിയുമെങ്കിൽ പങ്കാളികൾ പരസ്പരം കാണുന്നതിനുള്ള ഇടവേളകൾ കുറയ്ക്കാൻ ശ്രമിക്കുക, പങ്കാളി ഉള്ള സ്ഥലത്തേക്ക് സർപ്രൈസ് യാത്രകൾ നടത്തുക ഇവയൊക്കെ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഉപകരിക്കും.
എത്ര തിരക്കുണ്ടെങ്കിലും ദിവസവും പങ്കാളിയോട് അൽപനേരമെങ്കിലും സംസാരിക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. മികച്ച ആശയവിനിമയം, സുതാര്യത, സത്യസന്ധത, വിശ്വസ്തത ഇതൊക്കെ ലോങ്ഡിസ്റ്റൻസ് റിലേഷൻഷിപ് വിജയിക്കാൻ തീർച്ചയായും സഹായിക്കും