അടുത്ത ജൻമത്തിൽ ഗോവിന്ദയെ ഭർത്താവായി വേണ്ട; നടിയുമായി ബന്ധം: 37 വർഷത്തിനു ശേഷം വേർപിരിയൽ?

Mail This Article
ബോളിവുഡ് താരം ഗോവിന്ദ സുനിത അഹൂജയുമായുള്ള മുപ്പത്തിയേഴു വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായുള്ള വാർത്തകേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഇരുവരും വിവാഹ മോചിതരാകുന്നു എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഗോവിന്ദയോ സുനിതയോ ഇതുവരെ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. പരസ്പരം ഒത്തുപോകാനാകില്ലെന്നു വ്യക്തമായതോടെ ഇരുവരും വേർപിരിയുകയാണെന്നും ഗോവിന്ദയും മറാഠി താരവും തമ്മിലുള്ള ബന്ധമാണ് സുനിതയുമായുള്ള വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഗോവിന്ദയും താനും രണ്ടുവീടുകളിലാണ് മിക്കപ്പോഴും താമസമെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുനിത വെളിപ്പെടുത്തിയിരുന്നു. അടുത്ത ജൻമത്തിൽ ഗോവിന്ദ തന്റെ ഭർത്താവാകരുതെന്നാണ് ആഗ്രഹമെന്ന് അദ്ദേഹത്തോടു തന്നെ പറഞ്ഞിരുന്നതായും സുനിത അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘അവധിദിനങ്ങളിൽ പോലും അദ്ദേഹത്തിന് ഞങ്ങളോടൊപ്പം ചെലവഴിക്കാൻ സമയമില്ല. പക്ഷേ, ഒഴിവുസമയങ്ങളിൽ എന്റെ ഭർത്താവിനൊപ്പം പുറത്തു പോയി പാനി പൂരി കഴിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീയാണ് ഞാൻ. പക്ഷേ, അദ്ദേഹം എപ്പോഴും തിരക്കിലാണ്. അടുത്തൊന്നും എന്റെ ഭർത്താവിനൊപ്പം ഒരു സിനിമ കണ്ടതായി പോലും എനിക്കോർമയില്ല.’– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുനിത അഹൂജ തുറന്നടിച്ചു.
ബോളിവുഡ് സിനിമ പോലെ തന്നെയായിരുന്നു ഗോവിന്ദയുടെ പ്രണയവും വിവാഹവും. അമ്മാവന്‍ ആനന്ദ് സിങ് വഴിയാണ് ഗോവിന്ദ സുനിതയെ പരിചയപ്പെടുന്നത്. ബോളിവുഡിൽ ഗോവിന്ദ തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്. പഞ്ചാബി–സിന്ധി സമ്പന്ന കുടുംബത്തിലെ അംഗമാണ് സുനിത അഹൂജ. പലകാര്യങ്ങളിലും വ്യത്യസ്ത ചിന്താഗതിക്കാരായിരുന്നെങ്കിലും പ്രണയത്തിൽ ഇരുവർക്കും ഒരേമനസ്സായിരുന്നു. ഫോണ്‍ വിളികളിലൂടെയും കത്തുകളിലൂടെയുമാണ് ഇരുവരും തങ്ങളുടെ പ്രണയം കൈമാറിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് ഇരുവരും പ്രണയത്തിൽ നിന്ന് പിൻമാറിയതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും 1987ൽ ഗോവിന്ദയും സുനിതയും രഹസ്യമായി വിവാഹിതരായി. പിന്നീട് വിവാഹ വാർത്ത പരസ്യമാക്കുകയും ചെയ്തു.
മൂന്ന് പതിറ്റാണ്ടിലധികമായി ഗോവിന്ദയുടെ ജീവിത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം സുനിത ഒപ്പമുണ്ടായിരുന്നു. ഗോവിന്ദ–സുനിത ദമ്പതികൾക്കു രണ്ടു മക്കളാണ്. ടീന അഹൂജയും യശ്‌വർധൻ അഹൂജയും. 2015ല്‍ ടീന അഹൂജ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ലണ്ടനിൽ നിന്ന് സംവിധാനം പഠിച്ച യശ്‌വർധൻ ബോളിവുഡിൽ സഹസംവിധായകനായി പ്രവർത്തിച്ചു വരികയാണ്. നിലവില്‍ 140 കോടി രൂപയുടെ സ്വത്തിനുടമയാണ് ഗോവിന്ദ എന്നാണ് റിപ്പോർട്ടുകൾ.