സ്ത്രീ സുരക്ഷയും പുരുഷാധിപത്യവും; ഹേമകമ്മീഷൻ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് സമൂഹത്തിന്റെ മനോനിലയിലേക്ക്!

Mail This Article
സ്ത്രീ അടുക്കളയിൽ നിന്നിറങ്ങി തൊഴിലിടങ്ങളിൽ എത്തി എന്നതാണ് ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യേകത. ഈ രീതിയിൽ സ്ത്രീകളുടെ എണ്ണം കൂടിയെന്ന് മാത്രമല്ല പുരുഷന്മാരുടെ ജോലി സാധ്യതക്ക് പോലും ഭീഷണിയായി തീരുകയും ചെയ്തു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾ പൊതുവേ കുറവായതിനാൽ മാനേജ്മെന്റിന് കൈകാര്യം ചെയ്യാൻ സൗകര്യം ആണെന്നതും സ്ത്രീ തൊഴിൽ സാധ്യത വർധിപ്പിച്ചു.
ഇന്നത്തെ ഉദ്യോഗസ്ഥയായ സ്ത്രീകൾ ഏറ്റവും അധികം നേരിടേണ്ടി വരുന്ന പ്രശ്നം തൊഴിലിടത്തെ സുരക്ഷയാണ്. ശാരീരിക മാനസിക പീഡനങ്ങൾക്കു പുറമേ ലൈംഗിക അതിക്രമവും ഇവർ നേരിടേണ്ടി വരുന്നു. അത് നോട്ടത്തിലും ഭാവത്തിലും സ്പർശനത്തിലും തുടങ്ങി പീഡിപ്പിച്ചു കൊലപാതകം വരെ നടത്തുന്ന എത്രയോ സംഭവങ്ങൾ നാം കണ്ടു കഴിഞ്ഞു. ബംഗാളിലെ ഒരു യുവ ഡോക്ടറുടെ അനുഭവം തന്നെ ഏറ്റവും പുതിയ ഉദാഹരണം. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി കാണുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
നമ്മുടെ പാരമ്പര്യങ്ങളിലും പുരാതന ചികിത്സാ രീതികളിലും സ്ത്രീയെന്നത് ഒരു ഉപഭോഗ വസ്തുവായി മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. പണ്ട് എണ്ണം എടുക്കുമ്പോൾ പോലും സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കിയായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ടാണ് 'പുരുഷാരം' എന്ന വാക്കിനു പോലും പ്രസക്തി ഉണ്ടാകുന്നത്. ഒരു സ്ത്രീയെ അപമാനിക്കുവാനും ഭീഷണിപ്പെടുത്തുവാനും അടിമയാക്കുവാനും പുരാതനകാലങ്ങളിൽ ഉപയോഗിച്ചിരുന്ന അതേ തന്ത്രം ഈ ആധുനിക യുഗത്തിലും മനുഷ്യന്റെ മസ്തിഷ്കത്തിൽ രൂഢമൂലമായിരിക്കുന്നു എന്നതിന്റെ തെളിവാണ് കൽക്കത്ത സംഭവവും ഹേമാ കമ്മീഷൻ റിപ്പോർട്ടുമൊക്കെ.

സിനിമയുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് പലരും സിനിമയെ സമീപിക്കുന്നത്. അല്ലാതെ കലാപരമായ അഭിവാഞ്ച കൊണ്ടൊന്നുമല്ല എന്ന് ചിലരുടെയെങ്കിലും പ്രവർത്തികൾ വ്യക്തമാക്കുന്നു. ഒരു വടക്കൻ സെൽഫിയെന്ന സിനിമയിലെ നിവിൻ പോളിയെ പോലെ സിനിമ മോഹം ഉള്ളവരാകും പലരും. അവർക്ക് പിടിച്ചുനിൽക്കണമെങ്കിൽ ചില തണൽ മരങ്ങൾ അത്യാവശ്യമായിവരാം. അതുകൊണ്ടുതന്നെ ഇവർ സ്വന്തം നിലപാടില്ലാത്തവരായ ഉപജാപ സംഘങ്ങളായി പരിണമിക്കുന്നു എന്ന് സാരം.
സ്ത്രീകളുടെ കാര്യമാണെങ്കിൽ നായികയായി നിൽക്കാൻ സാധിക്കുന്നത് യൗവനത്തിൽ മാത്രം ആകയാൽ അവസരം നഷ്ടപ്പെടാൻ ആഗ്രഹിക്കാത്തവരാണ്. ഇതാണ് ചൂഷണത്തിനായുള്ള വേട്ടക്കാരുടെ തുറുപ്പ് ചീട്ട്. പല നായികമാർക്കും ശക്തമായ നിലപാട് എടുക്കാൻ കഴിയാത്തതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്. ഒരു സുപ്രഭാതത്തിൽ പേരും പണവും പ്രശസ്തിയും ഇല്ലാതെയായാൽ താങ്ങാൻ പറ്റാത്ത മാനസികാവസ്ഥയുള്ളവരാണ് ഭൂരിപക്ഷം പേരും. അതവരെ ചെന്നെത്തിക്കുന്നത് ലഹരിയിലേക്കും വിഷാദരോഗത്തിലേക്കും സ്വയം ഹത്യയിലേക്കും ഒക്കെയാവും. തക്ക സമയത്ത് ഇത് മനസ്സിലാക്കി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ കല്യാണം കഴിച്ച് ഒതുങ്ങുകയാണ് ഏറ്റവും സുരക്ഷാ മാർഗമെന്ന് ചിന്തിച്ച് രംഗം വിട്ട് ഒഴിയുന്ന വരുമുണ്ട്. അതിനു സാധിക്കാത്തവർക്ക് പിടിച്ചുനിൽക്കാനുള്ള കരുത്ത് ഉണ്ടാവുക തന്നെ വേണമെന്ന് ചുരുക്കം.
സിനിമയിൽ അഭിനയിക്കാൻ എത്തുന്നവരുടെ ഒരു വെല്ലുവിളിയാണ് ഇഴുകി ചേർന്നുള്ള സീനുകളിൽ അഭിനയിക്കണമെന്ന വ്യവസ്ഥ. പുരുഷന്മാർക്ക് അത് വലിയ പ്രശ്നം ഉണ്ടാക്കുന്നില്ല. എങ്കിലും സ്ത്രീകളെ സംബന്ധിച്ചത് വലിയൊരു പ്രശ്നം തന്നെയാണ്. ഒരു സിനിമയിൽ ബോൾഡ് ആയാൽ പിന്നെ അടപടലം അവരെ വീക്ഷിക്കുന്നത് മറ്റൊരു കണ്ണിലൂടെയാണ് എന്നതിലും തർക്കമില്ല. ഒരിക്കൽ വഴങ്ങേണ്ടി വന്നാൽ പിന്നെ കിട്ടുന്ന കഥാപാത്രങ്ങളിലെല്ലാം അത്തരം സീനുകൾ കാണാനും സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള വിട്ടു വീഴ്ചകളുടെയും “കാസ്റ്റിംഗ് കൗച്ച്” എന്ന അവസരത്തിനായി കിടക്ക പങ്കിടേണ്ടിവന്നതിന്റെയും നേർചിത്രമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട്.
പുരുഷന്റെ കായിക ബലത്തിലാണ് സ്ത്രീയുടെ സുരക്ഷ എന്ന പുരുഷമേധാവിത്വത്തിന്റെ ബാക്കിപത്രമാണ് ഈ ദുസ്ഥിതിയുടെ മൂലകാരണം. പ്രകൃതിയിലേക്ക് നോക്കിയാൽ പെൺ വർഗ്ഗമാണ് തന്റെ ഇണയെ തിരഞ്ഞെടുക്കുന്നത് എന്ന് കാണാം. ആൺ വർഗ്ഗത്തിന് ഇണയെ കണ്ടെത്താൻ യുദ്ധവും തന്ത്രവും ഒക്കെ നടത്തി പെണ്ണിന്റെ പ്രീതി നേടേണ്ടതായിട്ടുണ്ട്. ഈ അടിസ്ഥാന തത്വത്തെ അവഗണിക്കാനായി കാലങ്ങളായുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പുരുഷ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതി കെട്ടിപ്പൊക്കിയത്.

സന്തോഷത്തിനായി സൃഷ്ടിക്കപ്പെട്ട ഒന്നാണ് സ്ത്രീ എന്നതാണ് പൊതുവേ ഉള്ള വയ്പ് തന്നെ. മതഗ്രന്ഥങ്ങളിലൂടെ അത് മനുഷ്യഹൃദയങ്ങളിൽ ഊട്ടി ഉറപ്പിച്ചിട്ടുമുണ്ട്. സിനിമാ തന്നെ അതിന് വലിയ പ്രേരണയായി തീരുകയും ചെയ്തു. ഇങ്ങനെ വാർത്തെടുക്കുന്ന സമൂഹങ്ങളിലെ പുരുഷന്മാർ എങ്ങനെ സ്ത്രീകളെ ബഹുമാനിക്കും?
മറ്റൊന്ന് സ്ത്രീയുടെ ഏറ്റവും വലിയ സ്വത്ത് ചാരിത്ര്യമാണെന്ന കണ്ടെത്തലാണ്. പുരുഷന് എത്ര ചെളിയിൽ ചവിട്ടിയാലും കാൽ നന്നായി കഴുകിയാൽ മതിയത്രെ. എന്നാൽ സ്ത്രീ അങ്ങനെയല്ല എന്ന് പഠിപ്പിക്കലിൽ തന്നെ ഒരു കള്ളത്തരം ഒളിഞ്ഞിരിപ്പില്ലേ? ഒരിക്കൽ ചാരിത്ര്യം നഷ്ടപ്പെട്ടാൽ അവളുടെ ശരീരത്തിന് ആർക്കും അവകാശമുണ്ട് എന്ന രീതിയാണ് നാട്ടുനടപ്പ്. അതു കൊണ്ടുതന്നെ ഒന്ന് "പിഴച്ചു കിട്ടാൻ" കാത്തുനിൽക്കുന്ന സമൂഹമാണ് നമ്മുടെ ചുറ്റും എന്ന് മറന്നുകൂടാ.
സ്ത്രീയുടെ ശരീരം അവൾക്ക് സ്വന്തമാണ്. അതിനെ സ്പർശിക്കുവാൻ അവൾ തന്നെ അനുമതി നൽകണമെന്ന അടിസ്ഥാനതത്വം നാം എപ്പോഴാണ് നമ്മുടെ പുതുതലമുറയെ പഠിപ്പിക്കുക? ഏതൊരു സ്ത്രീക്കും അവൾ എത്തരത്തിലുള്ളതാണെങ്കിലും ശരി, അവർക്കും അവകാശങ്ങളുണ്ട്. അവരെ ചവിട്ടി മെതിക്കുവാൻ ആർക്കും അധികാരമില്ല. അങ്ങനെ തുനിയുന്നവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുവാൻ നമുക്ക് കഴിയണം.
ആധുനിക യുഗത്തിൽ സ്ത്രീകളുടെ അവകാശത്തിനായി പോരാടുവാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. ഇതെന്റെ കാര്യം അല്ലല്ലോ എന്ന് മടിച്ചു നിൽക്കുന്നവർ ഓർക്കുക, കുറ്റവാളികളെ കൊണ്ടല്ല ലോകം നശിക്കുന്നത്, ഒരു കുറ്റം കണ്ടാൽ പ്രതികരിക്കാതിരിക്കുന്ന കുറെ "നല്ല ആളുകളെ" കൊണ്ട് മാത്രമാണ്. തുല്യതയ്ക്കായുള്ള ഈ പോരാട്ടത്തിന് നമുക്ക് ഒരുമിച്ച് അണിചേരാം.
(അഭിപ്രായം വ്യക്തിപരം. ലേഖിക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് ആണ്)