ADVERTISEMENT

ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ് ചോളം. വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ ചോളം അഥവാ സ്വീറ്റ് കോൺ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. ഫോളേറ്റിന്റെ ഉറവിടമാണ് ചോളം. ഇത് ഗര്‍ഭിണികൾക്ക് ഏറെ നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് സഹായിക്കും. ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും ചോളത്തിലടങ്ങിയ പോഷകങ്ങൾ സഹായിക്കുന്നു.

നാരുകൾ ധാരാളം
ഭക്ഷ്യനാരുകൾ ധാരാളമായി അടങ്ങിയ ചോളം ദഹനത്തിനു സഹായിക്കുന്നു. മലബന്ധം തടയുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരുകൾ ധാരാളമടങ്ങിയതിനാൽ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഭക്ഷണമാണ് ചോളം.

sweet-corn
Representative image. Photo Credit:OlenaMykhaylova/istockphoto.com

നിരോക്സീകാരികളാൽ സമ്പന്നം
ല്യൂട്ടിൻ, സീസാന്തിൻ തുടങ്ങിയ നിരോക്സീകാരികൾ ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്സീകരണ സമ്മർദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും തിമിരം, പ്രായമാകുമ്പോൾ ഉണ്ടാകുന്ന മക്യുലാർ ഡീജനറേഷൻ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ നിരോക്സീകാരികൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. ഇത് പല ഗുരുതര രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ
സ്വീറ്റ്‌കോണിൽ കൊഴുപ്പും കാലറിയും കുറവാണ്. അതുകൊണ്ടു തന്നെ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഭക്ഷണമാണിത്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെയും അനാരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുന്നതിനെയും തടയുന്നു.

fat-weight-fitness-katleho-Seisa-istockphoto
Representative image. Photo Credit:Katleho/istockphoto.com

ഊർജമേകും
കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ് ചോളം. ദിവസം മുഴുവൻ ഊർജമേകാൻ ഇത് സഹായിക്കും. കായികതാരങ്ങൾക്കും ദിവസം മുഴുവൻ ഊർജം ആവശ്യമുള്ളവർക്കും മികച്ച ഭക്ഷണം കൂടിയാണിത്. ചോളത്തിലുള്ള നാച്വറൽ ഷുഗർ ആവശ്യമുള്ളപ്പോൾ പെട്ടെന്നു തന്നെ ഊർജം പ്രദാനം ചെയ്യും.

ചർമത്തിന്
ചോളത്തിലടങ്ങിയ നിരോക്സീകാരികൾ പ്രത്യേകിച്ച് വൈറ്റമിൻ സി, ചർമത്തിനു ക്ഷതമേൽപ്പിക്കുന്ന, പ്രായമാകലിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളോട് പൊരുതി ആരോഗ്യമുള്ള ചർമമേകുന്നു. ചോളത്തിലടങ്ങിയ ബീറ്റാ കരോട്ടിൻ വൈറ്റമിൻ എ ആയി മാറുകയും ചർമത്തിലെ തകരാറുകൾ പരിഹരിച്ച് ആരോഗ്യകരമായ ചർമം നൽകുകയും ചെയ്യുന്നു.

Representative image. Photo Credit:AaronAmat/istockphoto.com
Representative image. Photo Credit:AaronAmat/istockphoto.com

ഹൃദയാരോഗ്യം
ചോളത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയ ചോളം കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതാക്കി ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

കണ്ണുകൾക്ക്
കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ ഇവ ചോളത്തിൽ ധാരാളമായുണ്ട്. ഈ സംയുക്തങ്ങൾ അപകടകാരികളായ നീല വെളിച്ചത്തെ തടഞ്ഞ് ഓക്സീകരണ നാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇതുവഴി തിമിരം, മക്യുലാർ ഡീജനറേഷൻ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഗ്ലൂട്ടൻഫ്രീ
ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, സീലിയാക് ഡിസീസ് ഇവയുള്ളവർക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഒരു ഗ്ലൂട്ടൻ രഹിത ഭക്ഷണമാണ് ചോളം.

English Summary:

The Surprising Superfood for Weight Loss, Heart Health, and Glowing Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com