ADVERTISEMENT

പ്രമേഹം ഉള്ള ആളാണ് നിങ്ങൾ എങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ ശ്രദ്ധ വേണം. പഞ്ചസാരയും കൊഴുപ്പും കൂടുതൽ അടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പ്രമേഹരോഗം വർധിക്കാൻ ഇതു കാരണമാകും. മദ്യപാനം, പുകവലി, മധുരമുളള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ തുടങ്ങിയ അനാരോഗ്യ ഭക്ഷണങ്ങൾ ഗ്ലൂക്കോസിന്റെ അളവും ഇൻസുലിൻ പ്രതിരോധവും വർധിപ്പിക്കും.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കാൻ സമീകൃത ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. അതുപോലെ പൂരിത കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഏഴുഭക്ഷണങ്ങളെ അറിയാം. പ്രമേഹരോഗം ഉണ്ട് എന്നറിഞ്ഞാൽ ഈ ഏഴുഭക്ഷണങ്ങളും ഒഴിവാക്കണം.

Photo Credit: monticelllo/ Istockphoto
Photo Credit: monticelllo/ Istockphoto

1. മധുരപാനീയങ്ങൾ
സോഡ, പഴച്ചാറുകൾ, ഊർജപാനീയങ്ങൾ, മധുരംചേർത്ത ചായകൾ തുടങ്ങിയ പാനീയങ്ങളിൽ പഞ്ചസാര ധാരാളമുണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂട്ടും. ഈ മധുരപാനീയങ്ങളുടെ അമിതോപയോഗം രക്തത്തിലെ പഞ്ചാരയെ ബാധിക്കുകയും പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

2. പ്രഭാത സെറീയലുകൾ
‘ആരോഗ്യകരം’ എന്ന് നാം കരുതുന്ന പല ‘ഹെൽത്തി ബ്രേക്ഫാസ്റ്റ്’ സെറീയലുകളും കൃത്രിമ പദാർഥങ്ങളും ആഡഡ് ഷുഗറും അടങ്ങിയവയാണ്. മധുരമുള്ള ഇത്തരം ധാന്യങ്ങൾ പ്രഭാതഭക്ഷണമായി കഴിച്ചാൽ വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ദിവസം മുഴുവൻ ഗ്ലൂക്കോസ് നില അസ്ഥിരമായി തുടരുകയും ചെയ്യും. ഇത്തരം ധാന്യങ്ങൾ പ്രഭാതഭക്ഷണമായി കഴിക്കുന്നതിനു പകരം പഞ്ചസാര ചേർക്കാത്ത മുഴുധാന്യങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

white-bread-Kritchai7752-Shutterstock
Representative image. Photo Credit: Kritchai7752/Shutterstock.com

3. വൈറ്റ് ബ്രഡ്
റിഫൈൻ ചെയ്ത മൈദകൊണ്ടാണ് വെളുത്ത നിറത്തിലുള്ള റൊട്ടി ഉണ്ടാക്കുന്നത്. ഇവയിൽ ആഡഡ് ഷുഗറും അന്നജവും വളരെ കൂടുതലായിരിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. വൈറ്റ് ബ്രഡ്, വൈറ്റ് പാസ്ത, റിഫൈൻ ചെയ്ത സെറീയലുകൾ എന്നിവയിലെ വെളുത്ത അന്നജത്തിൽ പോഷകഗുണങ്ങൾ ഒന്നുമില്ലെന്നും ഇവ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാൽ ഒഴിവാക്കണമെന്നും അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ നിർദേശിക്കുന്നു.

4. ഉപ്പേരി, ബിസ്കറ്റ്
ഉരുളക്കിഴങ്ങ് ചിപ്സ്, ക്രാക്കേഴ്സ്, വറുത്ത നട്സ് തുടങ്ങിയ പായ്ക്കറ്റിൽ ലഭിക്കുന്ന ലഘുഭക്ഷണങ്ങൾ വളരെ കൂടിയ അളവിൽ ഉപ്പും സ്പൈസസും ചേർത്ത് പ്രോസസ് ചെയ്തവയാണ്. സോഡിയം കൂടിയ അളവിൽ ശരീരത്തിലെത്തുന്നത് രക്താതിമർദം (hypertension) വർധിക്കാനും കാരണമാകും. പ്രമേഹമില്ലാത്ത ഒരാളെക്കാൾ പ്രമേഹം ഉള്ള ഒരാൾക്ക് ഇത് കൂടുതൽ അപകടകരമാകും.

Photo Credit: carlosgaw / istockphotos.com
Photo Credit: carlosgaw / istockphotos.com

5. കുക്കീസ്, പേസ്ട്രി
ബേക്കറി പലഹാരങ്ങൾ എല്ലാം പഞ്ചസാര കൂടിയ അളവിൽ അടങ്ങിയതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടും. കുക്കീസ്, പേസ്ട്രികൾ തുടങ്ങിയവ മൈദ, പഞ്ചസാര, എണ്ണ ഇവ കൊണ്ട് ഉണ്ടാക്കിയവയാണ്. ഇവയിൽ ഫ്ലേവറുകളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികൾക്ക് ദോഷം ചെയ്യും.

6. കൊഴുപ്പുള്ള പാൽ
കൊഴുപ്പ് കൂടുതൽ അടങ്ങിയ (ഫുൾ ഫാറ്റ് മിൽക്ക്) പാൽ പ്രമേഹസാധ്യത കൂട്ടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുകയും ചെയ്യും. കൊഴുപ്പുള്ള പാലിൽ വളരെ കൂടിയ അളവിൽ കൊഴുപ്പും അന്നജവും അടങ്ങിയിട്ടുണ്ട്. ഇവ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കും. പാൽ മാത്രമല്ല, പൂരിത കൊഴുപ്പും അന്നജവും അടങ്ങിയ പാലുൽപന്നങ്ങളായ യോഗർട്ട്, ടോഫു, ചീസ് ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

healthy-snacking-dry-fruits-smarina-istock-photo-com
Representative image. Photo Credit:smarina/istockphoto.com

7. ഉണക്കപ്പഴങ്ങൾ
ഉണക്കപ്പഴങ്ങൾ (dried fruits) ആരോഗ്യത്തിന് പൊതുവേ നല്ലതാണ്. എങ്കിലും പ്രമേഹരോഗികൾക്ക് ഇവ ദോഷകരമാണ്. ഉണക്കിയ പഴങ്ങളില്‍ ധാരാളം പഞ്ചസാരയും അന്നജവും ഉണ്ട്. ഇവയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. കൊഴുപ്പു കൂടിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടും. പ്രമേഹ രോഗം ഉണ്ടെങ്കിൽ ഉണക്കമുന്തിരി, ഈന്തപ്പഴം. ഉണക്കിയ ക്രാൻബെറി, മാങ്ങ തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഒഴിവാക്കണം.

ഈ ഭക്ഷണങ്ങൾ ഒഴിവാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നതു മൂലം ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും. പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യുന്നത് വഴി ആരോഗ്യം മെച്ചപ്പെടും.

English Summary:

Everyday Foods Secretly Spiking Your Blood Sugar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com