കുടവയര്‍ കുറയ്‌ക്കാന്‍ ടമ്മി ട്രിമ്മറുകളും വൈബ്രേഷന്‍ ബെല്‍റ്റും സഹായിക്കുമോ? സത്യം അറിയാം
Mail This Article
ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള വ്യായാമങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും കൊഴുപ്പ് കുറയ്‌ക്കാം എന്ന് വാഗ്‌ദാനം ചെയ്യുന്ന പല പരസ്യങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ടമ്മി ട്രിമ്മറുകള്‍ ഉപയോഗിച്ചുള്ള വ്യായാമവും വൈബ്രേഷന്‍ ബെല്‍റ്റുകളുടെ ഉപയോഗവും വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ അലിയിച്ച് കളഞ്ഞ് നിങ്ങളെ സ്ലിമ്മാക്കുമെന്നാണ് ഇത്തരം പരസ്യങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവയ്‌ക്ക് യാഥാര്‍ത്ഥ്യവുമായി വലിയ ബന്ധമില്ലെന്ന് സെലിബ്രിട്ടി കോച്ചും ഫങ്‌ഷണല്‍ മെഡിസിന്‍ വിദഗ്‌ധനുമായ വിജയ് തക്കര്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പ്രത്യേക ഭാഗങ്ങളെ ലക്ഷ്യം വയ്‌ക്കുന്ന വ്യായാമമല്ല മറിച്ച് ഹോര്‍മോണുകളും ചില എന്‍സൈമുകളുമാണ് ശരീരത്തിന്റെ കൊഴുപ്പ് കുറയ്‌ക്കുന്ന സംവിധാനത്തെ നിയന്ത്രിക്കുന്നതെന്നും വിജയ് ചൂണ്ടിക്കാട്ടുന്നു. ഇന്‍സുലിന്‍, ഗ്ലൂക്കഗണ്‍ പോലുള്ള ഹോര്‍മോണുകളും ഹോര്‍മോണ്‍ സെന്‍സിറ്റീവ് ലിപേസ് (എച്ച്‌എസ്‌എല്‍), ലിപോപ്രോട്ടീന്‍ ലിപേസ്(എല്‍പിഎല്‍) എന്നിവ പോലുള്ള ചില എന്‍സൈമുകളുമാണ് ശരീരത്തിലെ കൊഴുപ്പിന്റെ തോത് നിര്‍ണ്ണയിക്കുന്നത്.
ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കൊഴുപ്പ് ശേഖരിക്കപ്പെടുന്നത് ഇന്‍സുലിനും എല്‍പിഎലും ചേര്‍ന്നുള്ള പ്രവര്‍ത്തനം മൂലമാണ്. ശരീരത്തിന് ഊര്‍ജ്ജം ആവശ്യമുള്ളപ്പോള്‍ ഗ്ലൂക്കഗണും എച്ച്‌എസ്‌എലും ചേര്‍ന്ന് ശേഖരിച്ച് വച്ച കൊഴുപ്പിനെ ഉപയോഗപ്പെടുത്തും. വ്യായാമം ചെയ്യുമ്പോള്‍ ഗ്ലൂക്കഗണിന്റെയും എച്ച്‌എസ്‌എല്ലിന്റെയും വര്‍ധിച്ച പ്രവര്‍ത്തനം കൊഴുപ്പ് പുറന്തള്ളും. ഈ സമയത്ത് പേശികളിലെ എല്‍പിഎല്‍ പ്രവര്‍ത്തനം വര്‍ധിക്കുന്നത് കൊഴുപ്പിനെ ഊര്‍ജ്ജമാക്കിയും മാറ്റും. ഈ ഹോര്‍മോണല്‍ പ്രതികരണവും വ്യായാമത്തിലൂടെയുള്ള ഊര്‍ജ്ജവിനിയോഗവുമാണ് ശരീരം ആകമാനമുള്ള കൊഴുപ്പിനെ സ്വാധീനിക്കുന്നതെന്നും വിജയ് വിശദീകരിക്കുന്നു.
ഏതെങ്കിലും പ്രത്യേക ഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള ഉപകരണങ്ങള്‍ക്ക് കൊഴുപ്പ് കുറയ്‌ക്കാനാവില്ല. കാരണം ഉപകരണങ്ങള്‍ക്ക് രാസപ്രവര്‍ത്തനങ്ങളെ മാറ്റാനാവില്ല. അടിവയറിനെ അമര്‍ത്തുന്നത് വഴി ടമ്മി ട്രിമ്മറുകള്‍ കുടവയര്‍ കുറയ്‌ക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇത് മൂലം താത്‌ക്കാലിക മാറ്റങ്ങളെ രൂപത്തില്‍ വരൂ. കൊഴുപ്പിന്റെ ചയാപചയത്തെ മാറ്റാന്‍ ഇതിനാകില്ല. വൈബ്രേഷന്‍ ബെല്‍റ്റുകളും കൊഴുപ്പ് കുറയ്‌ക്കുമെന്നതിന് ശാസ്‌ത്രീയ തെളിവുകളില്ല. ശരീരം ഏത് ഭാഗത്താണ് കൊഴുപ്പ് അധികമായി ശേഖരിക്കുന്നത് എന്നതിനെ നമ്മുടെ ജനിതക പ്രത്യേകതകളും ഒരളവ് വരെ സ്വാധീനിക്കുന്നുണ്ട്. ഇവയൊന്നും ഉപകരണങ്ങളുടെ ഉപയോഗം കൊണ്ട് മാറ്റാനാകുന്നതല്ല.
ഇത്തരം കുറുക്ക് വഴികള്‍ കൊണ്ടൊന്നും കുറയുന്നതല്ല കുടവയര്‍. ഇതിന് സുസ്ഥിരമായ ജീവിതശൈലി മാറ്റങ്ങള്‍ ആവശ്യമാണെന്നും വിജയ് നിര്‍ദ്ദേശിക്കുന്നു. കാര്‍ഡിയോ, സ്‌ട്രെങ്‌ത് വ്യായാമങ്ങള്‍ സംയോജിപ്പിച്ച യാഥാര്‍ത്ഥ്യ ബോധമുള്ള വ്യായാമം, പച്ചിലകള്‍, ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണക്രമം, രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ നീളുന്ന തടസ്സങ്ങളില്ലാത്ത ഉറക്കം എന്നിവയെല്ലാം കുടവയര്‍ കുറയ്‌ക്കാന്‍ സഹായിക്കും.