ഒരു ഗർഭത്തിൽ ഇരട്ടക്കുട്ടികൾ, അച്ഛൻമാർ രണ്ട് പേർ; ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുമോ?
Mail This Article
വിക്കി കൗശലും തൃപ്തി ദിമ്രിയും അമ്മി വിര്‍ക്കും മുഖ്യവേഷങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ഹിന്ദി കോമഡി സിനിമയാണ് ആനന്ദ് തിവാരി സംവിധാനം ചെയ്ത ബാഡ് ന്യൂസ്. ഒരു സ്ത്രീക്ക് ഒരു പ്രസവത്തില്‍ രണ്ട് പുരുഷന്മാരില് നിന്ന് ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്ന അപൂര്‍വതയാണ് ചിത്രത്തിന്റെ പ്രമേയം. ഹെട്ടെറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ എന്നാണ് ഈ അപൂര്‍വ പ്രതിഭാസത്തിന്റെ പേര്.
ഒരു ആര്‍ത്തവചക്രത്തില്‍ രണ്ടോ അതിലധികമോ അണ്ഡങ്ങള്‍ ഉണ്ടാകുകയും വ്യത്യസ്ത പുരുഷന്മാരില് നിന്നുള്ള ബീജങ്ങളാല്‍ ഇവ ഫെര്‍ട്ടിലൈസ് ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഹെട്ടറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ നടക്കുക. അപൂര്‍വമാണെങ്കിലും ഇത് ശാസ്ത്രീയമായി സംഭവിക്കാവുന്ന ഒരു കാര്യമാണ്. പൊതുവേ പട്ടി, പൂച്ച, പശു ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ കണ്ട് വരുന്ന ഈ ഗര്‍ഭധാരണം മനുഷ്യരിലും അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ അപൂര്‍വ പ്രതിഭാസം സംഭവിക്കാനായി സ്ത്രീക്ക്് ഒരു ആര്‍ത്തവചക്രത്തില്‍ ഒന്നിലധികം അണ്ഡങ്ങള്‍ പുറന്തള്ളപ്പെടണം. അണ്ഡോത്പാദനത്തോട് അടുത്ത സമയത്ത് വ്യത്യസ്ത പങ്കാളികളുമായി സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും വേണം. പുരുഷ ബീജത്തിന് സ്ത്രീയുടെ പ്രത്യുത്പാദന നാളിയില്‍ അഞ്ച് ദിവസം വരെ നിലനില്ക്കാന് സാധിക്കും. ഈ സമയത്തിനുള്ളില്‍ വ്യത്യസ്ത ബീജങ്ങള്‍ വ്യത്യസ്ത അണ്ഡങ്ങളുമായി സംയോജിച്ച് ഒന്നിലധികം സൈഗോട്ടുകള്‍ ഉണ്ടാകും. ഇരട്ടകളും അതിലധികം കുട്ടികളും ഇത്തരം പ്രതിഭാസത്തില്‍ ഉണ്ടാകാം. ഡിഎന്‍എ പരിശോധനയിലൂടെ ഈ കുട്ടികളുടെ പിതൃത്വം തെളിയിക്കാന്‍ സാധിക്കും.
അമേരിക്ക, ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഇത്തരം അപൂര്‍വ ജനനങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഏകദേശം ഇരുപതോളം ഹെട്ടറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ കേസുകളാണ് ഇത്തരത്തില്‍ ലോകമെങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2022ല്‍ ഇത്തരത്തില്‍ പുറത്ത് വന്ന ഒരു വാര്‍ത്തയാണ് ബാഡ് ന്യൂസ് സിനിമയ്ക്കും പ്രചോദനമായത്. ഗ്രീക്ക് റോമന്‍ മിത്തുകളില്‍ കാസ്റ്റര്‍, പോളക്സ് എന്ന ഇരട്ട ദേവന്മാരുടെ ജനനം ഹെട്ടറോപാറ്റേണല്‍ സൂപ്പര്‍ഫീക്കണ്ടേഷന്‍ മൂലം സംഭവിച്ചതാണെന്ന് പറയപ്പെടുന്നു.