ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ? പിന്തുടരാം ഫാസ്റ്റ് മിമിക്കിങ്ങ് ഡയറ്റ്
Mail This Article
ശരീരഭാരം കുറയ്ക്കാനും ഉപാപചയ നിരക്ക് മെച്ചപ്പെടുത്താനും ദീർഘായുസിനും സഹായിക്കുന്ന, ശാസ്ത്രീയമായി രൂപകൽപന ചെയ്ത ഒരു ഭക്ഷണരീതിയാണ് ഫാസ്റ്റ് മിമിക്കിങ് ഡയറ്റ് (FMD). ജെറന്റോളജി ആൻഡ് ബയോളജിക്കൽ സയൻസസ് പ്രഫസറായ ഡോ. വാൾട്ടർ ലോംഗോ ആണ് ഇത് വികസിപ്പിച്ചത്. ഉപവാസത്തിന്റെ ഗുണം ലഭിക്കുന്നതോടൊപ്പം ശരീരത്തിനാവശ്യമായ പോഷകങ്ങളും ലഭ്യമാകുന്ന ഭക്ഷണരീതിയാണിത്.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഭക്ഷണരീതിയാണിത്. ദിവസവും ശരീരത്തിലെത്തുന്ന കാലറി കുറയ്ക്കാനും ഇത് സഹായിക്കുന്നു. പ്രോട്ടീനും ഷുഗറും കുറഞ്ഞതും എന്നാൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഏറെയടങ്ങിയതുമായ ഡയറ്റ് ആണിത്. ഈ ഭക്ഷണരീതി ലക്ഷ്യം വയ്ക്കുന്ന ചിലതുണ്ട്.
ഓട്ടോഫാഗി എന്ന പ്രക്രിയയെ ഉപവാസം ട്രിഗർ ചെയ്യും. ശരീരം കേടുവന്ന കോശങ്ങളെ മാറ്റി പുതിയവ ഉണ്ടാകുന്ന പ്രക്രിയയാണിത്. ഇത് കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രായമാകൽ തടയുന്നു.
∙ഐജിഎഫ് 1 ന്റെ ലെവൽ കുറയ്ക്കുന്നു. പ്രായമാകലുമായും രോഗങ്ങളുമായും ബന്ധപ്പെട്ട ഹോർമോൺ ആണ് ഇന്‍സുലിൻ ലൈക്ക് ഗ്രോത്ത് ഫാക്ടർ – 1 (IGF-1) ഈ ഭക്ഷണരീതിയിലൂടെ ഐജിഎഫ് – 1 ന്റെ അളവ് കുറയ്ക്കുകയും ഇത് കാൻസറും പ്രായമാകലുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങളും വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
∙മെറ്റബോളിക് ഹെൽത്ത് മെച്ചപ്പെടുത്തുന്നു. ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവ് കുറയ്ക്കുന്നതിലൂടെ ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടാനും ടൈപ്പ് 2 പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങൾ (Metabolic disorders)വരാനുള്ള സാധ്യത കുറയ്ക്കാനും ഈ ഭക്ഷണരീതി സഹായിക്കുന്നു.
ഫാസ്റ്റ് മിമിക്കിങ് ഡയറ്റ് ഇങ്ങനെയാണ്
ഉപവാസത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നതോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഈ ഭക്ഷണരീതി രൂപകൽപന ചെയ്തിരിക്കുന്നത് അഞ്ച് ദിവസത്തെ ഡയറ്റ് പ്ലാൻ ഇങ്ങനെയാണ്.
1–ാം ദിവസം– ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് 1,100. ഇതിൽ പത്തുശതമാനം പ്രോട്ടീൻ, 56 ശതമാനം കൊഴുപ്പ്, അന്നജം 34 ശതമാനം ഇങ്ങനെയാണ്.
രണ്ടാം ദിവസം മുതൽ അഞ്ചാം ദിവസം വരെ – ദിവസം 800 കലോറി എന്ന അളവിൽ കലോറിയുടെ അളവ് കുറയുന്നു. 9 ശതമാനം പ്രോട്ടീൻ, 44 ശതമാനം കൊഴുപ്പ്, 47 ശതമാനം അന്നജം.
ഈ ഭക്ഷണരീതിയിൽ സസ്യഭക്ഷണമാണ് പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. നട്സ്, സീഡ്സ്, പച്ചക്കറികൾ, ചെറിയ അളവിൽ പഴങ്ങൾ എന്നിങ്ങനെയാണുള്ളത്. പ്രോസസ് ചെയ്ത ഭക്ഷണങ്ങളും പഞ്ചസാരയും വളരെ കുറച്ച് ആരോഗ്യകരമായ കൊഴുപ്പുകളും മുഴുഭക്ഷണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ഫാസ്റ്റ് മിമിക്കിങ്ങ് ഡയറ്റിന്റെ ആരോഗ്യഗുണങ്ങൾ
∙ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് കുറയുന്നതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. മസില്‍ ലോസിനെക്കാൾ കൊഴുപ്പ് കുറയ്ക്കാനാണ് ഇത് ഊന്നൽ നൽകുന്നത്.
∙ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയുകയും ചെയ്യുന്നു.
∙ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ ഈ ഡയറ്റ് സഹായിക്കുന്നു. ഇതുവഴി ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയുന്നു.
∙ദീർഘായുസ് ഏകുന്നു.
കോശങ്ങളുടെ പുനരുൽപാദനവും ഐജിഎഫ് 1 ന്റെ അളവ് കുറയുന്നതും മൂലം ഈ ഡയറ്റ് പിന്തുടരുന്നതു മൂലം ആയുർദൈർഘ്യം വർധിക്കുകയും പ്രായമാകലുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
∙രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു.
രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാൻ എഫ്എംഡി സഹായിക്കും. ആരോഗ്യം മെച്ചപ്പെടുന്നതോടൊപ്പം അണുബാധകളെ പ്രതിരോധിക്കാനും ഈ ഭക്ഷണരീതി സഹായിക്കുന്നു.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഫാസ്റ്റ് മിമിക്കിങ് ഡയറ്റിന് ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഇവ പിന്തുടരും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
∙ഈ ഭക്ഷണരീതി പിന്തുടരും മുൻപ് ഒരു ആരോഗ്യപ്രവർത്തകനെ കണ്ടിരിക്കണം. പ്രത്യേകിച്ചും പ്രമേഹം, ഈറ്റിങ്ങ് ഡിസോർഡറുകൾ, മറ്റ് ഗുരുതര രോഗങ്ങൾ ഇവയുള്ളവർ വൈദ്യനിർദേശം അനുസരിച്ചു മാത്രമേ ഈ ഡയറ്റ് പിന്തുടരാവൂ.
∙ഫലം ലഭിക്കാൻ നിര്‍ദേശങ്ങൾ കൃത്യമായി പാലിക്കണം.
∙ചിലർക്ക് ക്ഷീണം, തലവേദന തുടങ്ങിയ പാർശ്വഫലങ്ങൾ, പ്രത്യേകിച്ച് ആദ്യ ദിവസങ്ങളിൽ ഉണ്ടായേക്കാം. ശരീരം ഇതുമായി യോജിച്ചു പോകുന്നതോടെ ഇവ മാറിക്കൊള്ളും.
∙ഈ ഡയറ്റ് ദീർഘകാലത്തേക്കുള്ളതല്ല. മറിച്ച് ഒരു പ്രത്യേക കാലയളവിലേക്കുള്ളതാണ്. വ്യക്തിയുടെ ആരോഗ്യമനുസരിച്ച് ഏതാനും മാസങ്ങൾ കൂടുമ്പോൾ ഈ ഡയറ്റ് പിന്തുടരാവുന്നതാണ്.