പ്ലാസ്റ്റിക് കുപ്പിയിലാണോ വെള്ളം കുടിക്കുന്നത്? ശീലം മാറ്റിക്കോളൂ, രക്തസമ്മർദ്ദം കൂടും!
Mail This Article
യാത്രകള്‍ക്കും മറ്റും പോകുമ്പോള്‍ മിക്കവാറും പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് വെള്ളം കുടിച്ചാണ് നമുക്ക് ശീലം. ചിലരാകട്ടെ ഉപയോഗ ശേഷം ഈ പ്ലാസ്റ്റിക് കുപ്പികള്‍ ഉപേക്ഷിക്കാതെ വീണ്ടും ഇതില്‍ വെള്ളം നിറച്ച് ഉപയോഗിച്ചു കൊണ്ടിരിക്കും. എന്നാല്‍ ഇത്തരത്തില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് വെള്ളം കുടിക്കുന്നത് മൈക്രോപ്ലാസ്റ്റിക്കുകള്‍ രക്തപ്രവാഹത്തിലെത്തി രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്ലാസ്റ്റിക് കുപ്പിയില്‍ അല്ലാതെ സൂക്ഷിച്ച പാനീയം കുടിച്ച സംഘത്തില്‍ പെട്ടവരുടെ രക്തസമ്മര്‍ദ്ദത്തില്‍ ശ്രദ്ധേയമായ കുറവ് വന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. പ്ലാസ്റ്റിക് കുപ്പികളില്‍ പായ്ക്ക് ചെയ്യുന്ന പാനീയങ്ങള്‍ കുടിക്കരുതെന്നും മൈക്രോപ്ലാസ്റ്റിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ശുപാര്‍ശ ചെയ്യുന്നു.
മനുഷ്യരുടെ ആരോഗ്യത്തിന് അത്യന്തം അപകടകരമായ ചെറു പ്ലാസ്റ്റിക് കണികകളായ മൈക്രോപ്ലാസ്റ്റിക്സ് ഹൃദ്രോഗം, ഹോര്‍മോണല്‍ അസന്തുലനം, അര്‍ബുദ സാധ്യത എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ആഴ്ചയില്‍ അഞ്ച് ഗ്രാം മൈക്രോപ്ലാസ്റ്റിക്കുകള്‍ മനുഷ്യരുടെ ഉള്ളില്‍ പോകുന്നതായാണ് കണക്ക്.
പൈപ്പ് വെള്ളം തിളപ്പിക്കുന്നതിലൂടെയും ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെയും മൈക്രോപ്ലാസ്റ്റിക്കിന്റെയും നാനോപ്ലാസ്റ്റിക്കിന്റെയും സാന്നിധ്യം 90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.