ഒരു നേരം മാത്രം ഭക്ഷണം, പുലർച്ചെ 5 മുതൽ 9 വരെ ഉറക്കം; ഫിറ്റ്നസ്സ് രഹസ്യം വെളിപ്പെടുത്തി ഷാറുഖ് ഖാൻ
Mail This Article
സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയുമൊക്കെ കാര്യത്തിൽ സിനിമാതാരങ്ങളുമായി ഉപമിക്കുന്നതാണല്ലോ നമ്മുടെയൊക്കെ ശീലം. അതുകൊണ്ടാണല്ലോ 'ഓ, ഐശ്വര്യ റായ് ആണെന്നാ വിചാരം', 'സ്റ്റൈൽ കണ്ടാൽ മമ്മൂട്ടി ആണെന്ന് തോന്നുമല്ലോ' എന്നൊക്കെ നമ്മുടെ സംസാരത്തിനിടയിൽ തന്നെ വന്നുപോകുന്നത്.
ഇത്തരത്തിൽ എപ്പോഴും പറയുന്ന ഒരു പേരാണ് ഷാറുഖ് ഖാൻ. 58 വയസ്സിലും 28ന്റെ ചുറുചുറുക്കും ലുക്കുമൊക്കെയാണ് താരത്തിന്. 'പ്രായം കൂടുന്ന കാര്യം പുള്ളിക്കാരൻ അറിയുന്നില്ലെന്ന് തോന്നുന്നു' എന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകരുടെ കമന്റുകൾ. ഷാറുഖ് പങ്കുവയ്ക്കുന്ന ചിത്രങ്ങൾ കണ്ടാൽ ആ പറഞ്ഞത് ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്താണ് ഈ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ചിന്തിക്കാത്തവർ കുറവായിരിക്കും. ഇപ്പോൾ തന്റെ ദിനചര്യയും ആരോഗ്യരഹസ്യവുമെല്ലാം 'ദ് ഗാർഡിയനു' നൽകിയ അഭിമുഖത്തിലൂടെ പങ്കു വയ്ക്കുകയാണ് താരം.
ഒരു മനുഷ്യൻ കുറഞ്ഞത് 6–7 മണിക്കൂറെങ്കിലും ഉറങ്ങണമെന്നു പറയുമ്പോൾ താൻ നാലു മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് ഷാറുഖ് ഖാൻ പറയുന്നു. രാവിലെ 5 മണിക്ക് ഉറങ്ങും, ഒൻപത് അല്ലെങ്കിൽ 10 മണിക്ക് എഴുന്നേൽക്കും. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അത് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഒന്നുമല്ല, തനിക്ക് ഇതാണ് താൽപര്യമെന്നും ഷാറുഖ് പറയുന്നു. ഷൂട്ടിങ് ഉള്ള ദിവസമാണെങ്കിൽ പുലർച്ചെ രണ്ടു മണിയോടെ വീട്ടിലെത്തും, കുളിച്ച ശേഷം വർക്ക്ഔട്ട് ചെയ്യും. 30 മിനിറ്റാണ് വ്യായാമത്തിനായി ചെലവഴിക്കുക. അതു കഴിഞ്ഞ് 5 മണിയോടെയാണ് ഉറക്കം.
പൊതുവേ നാം കേട്ട് ശീലിച്ചിട്ടുള്ള പല കാര്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഷാറുഖിന്റെ രീതികൾ. അതുകൊണ്ട് തന്നെ ഷാറുഖ് ഇത്തരത്തിൽ ചെയ്യുന്നതു കേട്ട് ഡോക്ടറോടും മറ്റും ചോദിക്കാതെ ദിനചര്യകളിൽ മാറ്റം വരുത്തുകയോ ഭക്ഷണവും ഉറക്കവും കുറയ്ക്കുകയോ ചെയ്യരുത്. സ്വന്തം ശരീരത്തിന് ഇണങ്ങുന്ന രീതിയിലുള്ള ദിനചര്യകളാവണം ശീലിക്കേണ്ടത്.