ചലനശേഷിയില്ലാത്ത മകനു വേണ്ടി താലി ചാർത്തി അമ്മ; നെപ്പോളിയന്റെ മകനെ ബാധിച്ച അസുഖം ഇതാണ്!
Mail This Article
നടൻ നെപ്പോളിയന്റെ മകൻ ധനൂഷിന്റെ വിവാഹമാണ് സോഷ്യൽമീഡിയയിൽ ട്രെൻഡിങ്. നെപ്പോളിയൻ എന്നല്ല മുണ്ടയ്ക്കൽ ശേഖരൻ എന്ന പേരാണ് മലയാളികൾക്ക് പരിചയം. മസ്കുലർ ഡിസ്ട്രോഫി ബാധിതനായ മകനു വേണ്ടി അമ്മയാണ് വധുവിന് താലിചാർത്തിയത്. വികാരഭരിതനായി ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന നെപ്പോളിയന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
വിഡിയോ കണ്ട പലർക്കും മകന്റെ രോഗാവസ്ഥയോ അതിന്റെ പ്രശ്നങ്ങൾ എന്തൊക്കെയെന്നോ കൃത്യമായി അറിയില്ല. മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖമാണ് ധനൂഷിനെ വീൽചെയറിലാക്കിയത്.
പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീൻ ഇല്ലാതെ വരുന്നതാണു ഈ രോഗത്തിനു കാരണം. പേശികളുടെ ബലക്ഷയം ആദ്യം അനുഭവപ്പെടും. പിന്നീട് പൂർണമായും തളരുന്ന അവസ്ഥയിലേക്കു പോലും എത്തും. കിടന്നകിടപ്പിൽ നിന്ന് സ്വയം അനങ്ങാൻപോലും കഴിയാതെയാകും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാധാരണപ്രവർത്തനങ്ങൾക്കു പോലും കഴിയാത്ത സ്ഥിതിയിലേക്ക് എത്തുന്നതാണ് ഏറ്റവും സങ്കീർണാവസ്ഥ. സാധാരണഗതിയിൽ അമ്മയിൽ നിന്ന് ആൺമക്കളിലേക്കു ജനിതകമായി പകരുന്ന ഈ രോഗം, അപൂർവമായെങ്കിലും പെൺകുട്ടികളിലും വരാം.
എറ്റവും കൂടുതലായി കാണപ്പെടുന്നതും ഗുരുതരവുമായ മസ്കുലർ ഡിസ്ട്രോഫികളിൽ ഒന്നാണ് ഡ്യൂഷന്‍ മസ്കുലര്‍ ഡിസ്ട്രോഫി. ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
∙തുടരെത്തുടരെ വീഴുക
∙വലിപ്പമുള്ള കാൽ പേശികൾ (കാഫ് മസില്‍)
∙പേശി വേദനയും മുറുക്കവും
∙പഠനവൈകല്യം
∙നടത്തത്തിലെ വ്യത്യാസങ്ങൾ
∙കാൽവിരലിലൂന്നിയുള്ള നടത്തം
∙വളർച്ചാ കാലതാമസം
∙ഇരുന്നിട്ടോ കിടന്നിട്ടോ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്
∙ഓടാനും ചാടാനുമുള്ള ബുദ്ധിമുട്ട്