ശരീരഭാരം കൂടുക, മുടികൊഴിച്ചിൽ, ക്ഷീണം, എന്നിവ ലക്ഷണങ്ങൾ; അർജുൻ കപൂറിനെ തളർത്തിയ രോഗം ഇതാണ്!
Mail This Article
സിനിമയാണ് ജീവിതം, എന്നിട്ടും സിനിമ കാണാനോ ആസ്വദിക്കാനോ കഴിയാതെ വരുന്ന അവസ്ഥ എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണ്. ആ അവസ്ഥയിലാണ് താനെന്നും ശരീരികമായും മാനസികമായും ജോലി സംബന്ധമായുമെല്ലാം മോശം സമയമാണെന്നും പറയുകയാണ് ബോളിവുഡ് താരം അർജുൻ കപൂർ.
കുട്ടിക്കാലം മുതൽ അമിതവണ്ണമുണ്ടായിരുന്ന അർജുൻ കപൂർ താൻ അനുഭവിച്ചിരുന്ന ട്രോമയെപ്പറ്റി പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മാനസികമായുള്ള ബുദ്ധമുട്ടിനു പുറമേ തന്റെ രോഗത്തെപ്പറ്റിയും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഓട്ടോ ഇമ്മ്യൂൺ രോഗമായ ഹഷിമോട്ടോസ് തൈറോയിഡൈറ്റിസ് ആണ് അർജുൻ കപൂറിനെ അലട്ടുന്ന പ്രധാന പ്രശന്ം. തൈറോയ്ഡ് രോഗത്തിന്റെ ഗൗരവകരമായ അവസ്ഥയാണിത്. ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡറാണ് ഹാഷിമോട്ടോസ് രോഗം. ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് ഇടയാക്കുന്നത്. തൈറോയ്ഡ് കോശങ്ങള്‍ക്കെതിരേ സ്വന്തം പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതാണ് പ്രശ്നം. ഇതോടെ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു. അങ്ങനെ തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്നത്. ചില ഘട്ടങ്ങളിൽ ഹാഷിമോട്ടോസ് രോഗം ഹൈപ്പർതൈറോയ്ഡിസത്തിനും കാരണമാകാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനം മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.പെട്ടെന്ന് ശരീരഭാരം കൂടുക, അമിതക്ഷീണം, പേശിവേദന, സന്ധിവേദന, മലബന്ധം, മുടികൊഴിച്ചിൽ, ക്രമം തെറ്റിയ ആർത്തവം, ഹൃദയമിടിപ്പിലെ വ്യത്യാസങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ
സമ്മർദ്ദമില്ലാതെ ഇരിക്കുമ്പോഴാണ് താൻ നന്നായിട്ടിരിക്കുന്നതെന്നും അല്ലാത്തപ്പോൾ ശരീരഭാരം കൂടുകയും ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യാറുണ്ടെന്ന് അർജുൻ കപൂർ പറയുന്നു. അടുത്തിടെ മാനസികമായി ബുദ്ധിമുട്ട് നേരിട്ടതോടെ തെറാപ്പി എടുത്തുവെന്നും ചെറിയതോതിൽ വിഷാദ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചുവെന്നും അർജുൻ കപൂർ പറഞ്ഞു.