ഉപകാരങ്ങൾ പലത്; മുതിർന്ന പൗരന്മാർക്ക് മൊബൈൽ ഫോൺ തുണയാകും, പഠിക്കാൻ പ്രോത്സാഹിപ്പിക്കണം
Mail This Article
മുതിർന്ന പൗരന്മാർക്ക് ദൈനംദിന ജീവിതത്തിന് ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് ഇന്ന് പ്രസക്തിയുണ്ട്. സഹായകമാകുന്ന ആപ്പുകളും ഡിജിറ്റൽ വൈഭവങ്ങളുമൊക്കെ അറിയാൻ ശ്രമിക്കാം. അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം.
തുണയാകാൻ ഫോൺ
അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ മൊബൈൽ ആപ്പിന്റെ സഹായത്തിൽ വിളിക്കാൻ പഠിക്കാം. ബില്ലുകളും നികുതികളും ഫോൺ വഴി അടക്കാൻ ശീലിക്കാം. ഇടയ്ക്ക് ഇഷ്ട ഭക്ഷണം ഓൺലൈൻ ഓർഡർ വഴി വരുത്തുകയും ചെയ്യാം. അല്ലറ ചില്ലറ വാങ്ങലുകളും സാമ്പത്തിക ഇടപാടുകളും നടത്താനും ഫോൺ ഉപയോഗിക്കാം. കൃത്യസമയത്ത് മരുന്ന് കഴിക്കാനുള്ള ശബ്ദസൂചനകൾ ഫോണിൽ ക്രമീകരിക്കാം. ആരോഗ്യ ആപ്ലിക്കേഷനുകൾ ഡോക്ടർമാരുടെ നിർദേശത്തിൽ ഉപയോഗിക്കണം. ഇതുപോലെ പലതും ചെയ്യാം. ഓരോന്നായി ശീലിച്ചു വരുമ്പോൾ എല്ലാം വഴങ്ങും. പ്രായം തടസ്സമാകില്ല.
വിവേകത്തോടെ ഉപയോഗിക്കാം
ഏത് നേരവും സ്ക്രീനും തോണ്ടിയുള്ള ഇരിപ്പാക്കരുത്. വിനോദവും വിവരം തേടലും ആവശ്യമാണ്. എന്നാൽ അത് ചലനാത്മകമായ ജീവിതത്തെയും മുഖാമുഖമുള്ള കൂട്ടുകെട്ടുകളെയും ബാധിക്കുന്ന വിധത്തിലാകരുത്. വാട്സാപ്പിലും യുട്യൂബിലും ഫെയ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കിട്ടുന്ന കാര്യങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോഗ്യ വിവരങ്ങൾ കേട്ട് പേടിക്കരുത്. വാസ്തവമെന്തെന്ന് അന്വേഷിച്ച് മനസ്സിലാക്കാം. കണ്ടത് വെറും സോഷ്യൽ മീഡിയ മാലിന്യമെന്ന് മനസ്സിലായാൽ പിന്നെ കൈമാറാനും പാടില്ല.
മിണ്ടിയും കേട്ടും ഏകാന്തത അകറ്റാം
പ്രിയപ്പെട്ടവരോട് മിണ്ടാനും അവരെ കേൾക്കാനുമുള്ള ഉപാധിയാണ് മൊബൈൽ ഫോണെന്നത് മറക്കരുത്. വിഡിയോ കോൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നന്നായി പ്രയോജനപ്പെടുത്തി ഏകാന്തതയെ തുരത്താം. വാട്സാപ്പ് ഗ്രൂപ്പുകൾ വേണം. എന്നാൽ കിട്ടുന്നതൊക്കെ വിളമ്പിയും വേണ്ടാത്ത എന്തെങ്കിലുമൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തും ബോറന്മാരാകാതിരിക്കാൻ ശ്രദ്ധിക്കണം.
ഡിജിറ്റൽ സുരക്ഷ എപ്പോഴും
പാസ്‌വേഡും ഡിജിറ്റൽ സുരക്ഷയുമൊക്കെ ഉറപ്പുള്ളതാക്കാൻ ശ്രദ്ധിക്കാം. കുഴിയിൽ ചാടിക്കുന്ന ലോൺ ആപ്പുകൾ പോലെയുള്ള കുരുക്കുകൾ ഒഴിവാക്കണം. സംശയമുള്ള സന്ദേശങ്ങളെക്കുറിച്ചും ഫോൺ വിളികളെക്കുറിച്ചും അറിവുള്ളവരുമായി ചർച്ച ചെയ്യാം. സൈബറിടങ്ങളിൽ എടുത്തുചാട്ടം വേണ്ടാ. നല്ല അച്ചടക്കവും പാലിക്കണം.