ഷാറുഖ് ഉറങ്ങുക പുലർച്ചെ നാലിന്, അക്ഷയ് കുമാർ രാത്രി 9ന്, സെലിബ്രിറ്റികളുടെ സ്ലീപ് ടൈം!
Mail This Article
ആരോഗ്യവാനായി ഇരിക്കാൻ ഒരാൾ എത്ര മണിക്കൂർ ഉറങ്ങണം? പല പഠനങ്ങളും ആരോഗ്യ വിദഗ്ധരും ഈ ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങളാണ് നൽകുന്നതെങ്കിലും ഏറ്റവും കൂടുതൽ പേർ പറഞ്ഞുകേൾക്കുന്നത് ഒരു മനുഷ്യന് ശരാശരി 6-8 മണിക്കൂർ ഉറക്കം നിർബന്ധമാണെന്നാണ്. താൻ വെളുപ്പിനെ 4 മണിക്കാണ് ദിവസേന ഉറങ്ങാറുള്ളതെന്ന് ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാൻ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഉറക്കത്തെച്ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
ഷാറുഖ് ഉറങ്ങും 4 മണിക്ക്!
ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 5 വർഷം മുൻപാണ് ഡയറ്റ് പ്ലാൻ മുതൽ ഉറക്കത്തിന്റെ സമയം വരെ ഷാറുഖ് പൊളിച്ചെഴുതിയത്. പുലർച്ചെ 4–5 മണിയോടെയാണ് ഷാറൂഖിന്റെ ഉറക്കം ആരംഭിക്കുന്നത്. അത് രാവിലെ 9–10 വരെ നീളും. പിന്നാലെ റെഡിയായി നേരെ ലൊക്കേഷനിലേക്ക്. അർധ രാത്രി വരെ നീളുന്ന ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയാൽ അൽപനേരം വർക്കൗട്ടിന് മാറ്റിവയ്ക്കും. പുലർച്ചെ നാലോടെ വീണ്ടും ബെഡ്ഡിലേക്ക്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ എഴുന്നേൽക്കാൻ അൽപം കൂടി വൈകുമെന്നും ഷാറുഖ് പറയുന്നു.
മാതൃകയായി അക്ഷയ് കുമാർ
ബോളിവുഡിലെ ഏറ്റവും ഫിറ്റസ്റ്റ് താരമായി അറിയപ്പെടുന്ന അക്ഷയ് കുമാറിനെയാണ് ഉറക്കത്തിന്റെ കാര്യത്തിൽ പലരും മാതൃകയാക്കുന്നത്. പുലർച്ചെ 4ന് ഉണരുന്ന അക്ഷയ്, രാത്രി 9നു മുൻപ് ഉറങ്ങും. യോഗ, ജിം വർക്കൗട്ട് എന്നിവയ്ക്കായി രാവിലെ 2 മണിക്കൂർ അക്ഷയ് നീക്കിവയ്ക്കും. പിന്നെ കുടുംബത്തിനൊപ്പം ബ്രേക്ക്ഫാസ്റ്റ്. അതിനു ശേഷം നേരെ ലൊക്കേഷനിലേക്ക്. രാത്രി വൈകി ഉറങ്ങുന്നത് ഒഴിവാക്കാൻ നിശാപാർട്ടികളിൽ അക്ഷയ് പങ്കെടുക്കാറില്ല. ഷൂട്ടിങ്ങിൽ പോലും നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കാൻ അൻപത്തിയാറുകാരനായ അക്ഷയ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
രാത്രി ഒഴുകുന്ന റഹ്മാന്റെ പാട്ട്
തന്റെ ക്രിയേറ്റിവിറ്റി ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് അർധരാത്രിക്കു ശേഷമാണെന്നു വിശ്വസിക്കുന്നവരിൽ പ്രധാനിയാണ് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. രാത്രി 12നു ശേഷമാണ് തന്റെ പല ഹിറ്റ് ഗാനങ്ങളും റഹ്മാൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 12 മണിയോടെ ആരംഭിക്കുന്ന കംപോസിങ് പുലർച്ചെ 4 വരെ നീളും. റഹ്മാന്റെ ദിവസം തുടങ്ങുന്നത് രാവിലെ 11 മണിക്കാണ്. അർധരാത്രിക്കു ശേഷമുള്ള കംപോസിങ്ങും റെക്കോർഡിങ്ങും കാരണം എസ്.പി.ബാലസുബ്രഹ്മണ്യം ഉൾപ്പെടെയുള്ള പല ഗായകരും റഹ്മാനോട് പിണങ്ങിയതായും കഥയുണ്ട്.
മസ്ക്കിന്റെ 6 മണിക്കൂർ നിയമം
ലോകത്തെ അതി സമ്പന്നരിൽ ഒരാളായ ഇലോൺ മസ്ക്കിന് ഉറക്കത്തെയും ജോലിയെയും ബാലൻസ് ചെയ്തു മുന്നോട്ടുകൊണ്ടുപോകാൻ കൃത്യമായ ഒരു ചിട്ടയുണ്ട്- 6 മണിക്കൂർ ഉറക്കം, 18 മണിക്കൂർ ജോലി! പുലർച്ചെ 3 മണിക്കാണ് മസ്ക് ഉറങ്ങാൻ കിടക്കുക. രാവിലെ 9 മണിയോടെ എഴുന്നേൽക്കും. ശരീരത്തിന് 6 മണിക്കൂർ വിശ്രമം നൽകിയാലേ ബാക്കി 18 മണിക്കൂർ ക്ഷീണമില്ലാതെ ജോലി ചെയ്യാൻ സാധിക്കൂ എന്നാണ് മസ്ക്കിന്റെ പോളിസി.