സെക്സും പ്രസവവും ഭയം, ബന്ധങ്ങൾ ഭാരം; സിംഗിൾ ലൈഫ് ‘പൊളി’ എന്ന് പഠനം: കാത്തിരിക്കുന്നത് ഡിപ്രഷനോ?

Mail This Article
‘ഇന്നായിരുന്നെങ്കിൽ ഞാൻ വിവാഹമേ കഴിക്കില്ലായിരുന്നു’, നെറ്റി ചുളിച്ച്, തലയിൽ കൈവച്ച്, മനസ്സിടിഞ്ഞ് എത്രയേറെ സ്ത്രീകൾ ഇതിനകം ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞു ആവർത്തിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിനും സാമൂഹിക ഇടപെടലിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമെല്ലാം മുന്നിൽ വേലി കെട്ടിത്തിരിച്ചവരിൽ നിന്ന് ‘അരുത്’ എന്നു മാത്രം കേട്ടുശീലിച്ച സ്ത്രീസമൂഹമിന്ന് ഉയരെ പറക്കാൻ പാകത്തിനു ചിറകുകൾ വിരിച്ചുകഴിഞ്ഞു. നിയന്ത്രിക്കാൻ വരുന്നവർക്ക് മൂർച്ചയുള്ള മറുപടികൾ നൽകി, ‘തന്റേടി’ എന്ന ലേബലിനെ അഭിമാനത്തോടെ കാത്ത്, സ്വാതന്ത്രത്തോടെ അവരങ്ങനെ പറന്നുകൊണ്ടേയിരിക്കുന്നു. പെണ്ണിന് എന്നും ഇണയായും തുണയായും ആൺകൂട്ട് വേണമെന്ന സമൂഹത്തിന്റെ തേഞ്ഞുതീരാറായ പ്രയോഗങ്ങളുടെ മുനയൊടിച്ച് ജീവിതത്തിനു പുതിയ നിർവചനങ്ങൾ കണ്ടെത്തിയിരിക്കുന്നു അവർ. ആൺമേൽക്കൊയ്മയുടെ പൊള്ളത്തരങ്ങളെ ഉടച്ച് വാർത്ത് പെൺമയെ രാഗി മിനുക്കി അവർ തങ്ങളുടേതായ ജീവിതം ആസ്വദിക്കുകയാണ്, ആഘോഷിക്കുകയാണ്. കുടുംബവും ബന്ധങ്ങളും ഉത്തരവാദിത്തങ്ങളുമെല്ലാം വേണ്ടെന്നു വച്ച് ‘സിംഗിൾ പസങ്ക’ ആയി ജീവിച്ചുതീർക്കാനുള്ള തീരുമാനത്തിലേക്ക് പല സ്ത്രീകളും വിവേകപൂർവം എത്തിക്കഴിഞ്ഞു. ജീവിതപങ്കാളിയെ വേണ്ടെന്നു വച്ച് ഒറ്റജീവിതം നയിക്കുന്ന സ്ത്രീകളിൽ ആനന്ദത്തിന്റെ അളവ് കൂടുതലാണെന്ന് അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു. സിംഗിൾ ജീവിതത്തിലേക്കു സ്ത്രീകളെ നയിക്കുന്ന ഘടകങ്ങൾ? ഒറ്റജീവിതം സമൂഹത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കും? സിംഗിൾഹുഡിലെ പാശ്ചാത്യസ്വാധീനം? തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം, ഈ വനിതാ ദിനത്തിൽ. ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് പ്രിയ വർഗീസ് (ബ്രീത്ത് മൈൻഡ് കെയർ, തിരുവല്ല) മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.
∙ സ്ത്രീകൾ എന്തുകൊണ്ടായിരിക്കും സിംഗിൾ ലൈഫ് തിരഞ്ഞെടുക്കുന്നത്? സാമൂഹിക സാഹചര്യങ്ങളും സാമ്പത്തിക സ്വാതന്ത്ര്യവുമായിരിക്കുമോ അതിൽ മുഖ്യ ഘടകങ്ങൾ?
തീർച്ചയായും സാമൂഹികവും സാമ്പത്തികവുമായിട്ടുള്ള കാരണങ്ങൾ തന്നെയാണ് സ്ത്രീകളെ സിംഗിൾ ലൈഫിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്നത്. പല സ്ത്രീകളും സ്വന്തമായി സമ്പാദിക്കുന്നുണ്ടെങ്കിലും വിവാഹജീവിതത്തിലേക്കു കടക്കുമ്പോൾ അവർക്കു സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമാകുന്നു. സ്വന്തം ശമ്പളം എങ്ങനെ ചെലവാക്കണമെന്ന കാര്യത്തിൽ പോലും പങ്കാളി നിബന്ധന വയ്ക്കാറുണ്ടെന്ന് പല സ്ത്രീകളും പറഞ്ഞിട്ടുണ്ട്. അതേസമയം സിംഗിൾഹുഡില്‍ ആണെങ്കിൽ കുടുംബത്തിന്റെയോ പങ്കാളിയുടെയോ ഇത്തരം ഇടപെടലുകൾ ഉണ്ടാകില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഇപ്പോൾ സ്ത്രീകൾക്കു നന്നായി അറിയാം. എന്നാൽ ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലിക്കു പോകാനാകാതെ വീട്ടിൽ തന്നെ കഴിയുന്ന എത്രയോ സ്ത്രീകളുണ്ട് നമുക്ക് ചുറ്റിലും. കേരളത്തിൽ മികച്ച രീതിയിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിക്ക് ചിലപ്പോൾ വിദേശത്തോ മറ്റോ താമസമാക്കിയ ആളുടെ വിവാഹാലോചന ആയിരിക്കും വരുന്നത്. അപ്പോള്‍ തന്റെ കരിയർ ഉപേക്ഷിച്ച് കുടുംബജീവിതത്തിനായി താൻ എന്തിന് വിദേശത്തേക്കു പോകണം എന്ന ചിന്ത സ്ത്രീകളിൽ ഉണ്ടായേക്കാം. തന്റെ ഇഷ്ടങ്ങളും കരിയർ ഗ്രോത്തും പ്രതിസന്ധിയിലാക്കി താൻ എന്തിനു വിവാഹം തിരഞ്ഞെടുക്കണം എന്ന ചിന്തയായിരിക്കും അവരിൽ. അങ്ങനെയുള്ളപ്പോൾ അവർ വിവാഹം വേണ്ടെന്നു വയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

∙ അടുത്തിടെ സോഷ്യല്‍ സൈക്കോളജിക്കല്‍ ആൻഡ് പഴ്‌സനാലിറ്റി സയന്‍സിന്റെ ഒരു പഠനത്തിൽ സിംഗിൾ ലൈഫ് നയിക്കുന്ന സ്ത്രീകൾ പുരുഷന്മാരെക്കേൾ കൂടുതൽ സന്തുഷ്ടരാണെന്നു കണ്ടെത്തുകയുണ്ടായി. സിംഗിൾ ലൈഫ് ഏതൊക്കെ വിധത്തിലാണ് ഒരാളെ സന്തോഷിപ്പിക്കുക?
സ്ത്രീകൾ കുറച്ചുകൂടി ഇൻഡിപെൻഡന്റ് ആയി ജീവിക്കുന്നു എന്നതാണ് അതിലെ മുഖ്യ കാരണം. വീടിനുള്ളിലെ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ കൊണ്ടുപോകാൻ കൂടുതൽ അറിയാവുന്നത് സ്ത്രീകൾക്കാണ്. ഒരുപക്ഷേ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഒന്നും സ്വന്തമായി എടുക്കാൻ അവർക്കു സാധിച്ചെന്നു വരില്ല. പക്ഷേ അവരുടെ സ്വന്തം കാര്യങ്ങൾ ഇൻഡിപെൻഡന്റ് ആയി ചെയ്യാൻ അവർക്കു സാധിക്കും. ജീവിതത്തിൽ വലിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പറ്റാത്തതിന്റെ കാരണം പലപ്പോഴും അവരെ അതിന് സമ്മതിക്കുന്നില്ല എന്നതാണ്. പുരുഷന്മാർക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം അക്കാര്യത്തില്‍ ഉണ്ട്. സ്ത്രീകൾക്ക് ഒറ്റയ്ക്കിരിക്കാൻ കുറേക്കൂടി എളുപ്പമായിരിക്കും. വീട്ടിൽ ഒറ്റയ്ക്കിരുന്ന് അവർക്ക് പരിചയമുണ്ട്. എന്നാൽ ഒരു പുരുഷന്റെ കാര്യം അങ്ങനെയല്ല. ജീവിതത്തിൽ പിന്തുണയില്ലാതെ ഒറ്റപ്പെട്ടു പോകുക എന്നത് അവർക്ക് അംഗീകരിക്കാൻ സാധിക്കില്ല. സാമ്പത്തികത്തിലും സാമൂഹിക ഇടപെടലിലുമൊക്കെ പുരുഷന്മാർ മുൻപന്തിയിലാണെങ്കിലും ഇമോഷനലി അവർക്ക് ഒറ്റപ്പെടൽ തോന്നാൻ സാധ്യത ഏറെയാണ്. എന്നാൽ സ്ത്രീക്ക് അത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. അതുകൊണ്ടുതന്നെ ഒറ്റയ്ക്കുള്ള ജീവിതത്തിലും അവരുടെ സന്തോഷത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും.
∙ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിൽ സിംഗിള്‍ഹുഡിനു വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലേ?
ഒരോരുത്തർക്കും അവരുടേതായ രീതികളാണ്. ചിലപ്പോൾ ഒരു കമ്മിറ്റ്മെന്റിലേക്ക് പോകുന്നത് ആളുകൾക്കു ബുദ്ധിമുട്ടായിരിക്കും. കാരണം കമ്മിറ്റ്മെന്റ് എന്നു പറയുന്നത് അവരുടെ പല സ്വാതന്ത്ര്യത്തെയും നഷ്ടപ്പെടുത്തി കളയുന്ന, പലതിലും ബ്ലോക്ക് ചെയ്തു വയ്ക്കുന്ന കാര്യമായി ചിലർ കാണുന്നുണ്ട്. സിംഗിൾഹുഡ് എന്നു പറയുന്നത് വളരെ മോശമാണെന്നും ജീവിതത്തിൽ ഒറ്റപ്പെടും എന്നൊക്കെ അടുപ്പക്കാർ പറയുമ്പോഴും സ്വതന്ത്രമായി പലരും അത്തരമൊരു ജീവിതരീതി തിരഞ്ഞെടുക്കുന്നുണ്ട് എന്നതാണു യാഥാർഥ്യം. ചുറ്റുമുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ കണ്ട്, അത്തരം സാഹചര്യങ്ങളും സമ്മർദങ്ങളും ഒഴിവാക്കാൻ വേണ്ടി അവർ സിംഗിൾഹുഡ് മതി എന്നു തീരുമാനിക്കുകയായിരിക്കും.

∙ ഇന്ത്യൻ സംസ്കാരമനുസരിച്ച് കുടുംബബന്ധങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്. അതേസമയം, സ്വന്തം ജീവിതം എങ്ങനെ വേണമെന്ന തരത്തിൽ സർവസ്വാതന്ത്ര്യങ്ങളും രാജ്യം പൗരർക്കു നൽകുന്നുമുണ്ട്. കുടുംബം വേണ്ടെന്ന ചിന്തയിലേക്ക് ആളുകൾ എത്തുന്നതിൽ പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമുണ്ടോ?
തീർച്ചയായും പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം നമുക്കുണ്ട്. കാനഡയിലേക്കും അമേരിക്കയിലുക്കുമൊക്കെ മാറി അവിടുത്തെ ഒരു മികച്ച ജീവിതം നയിക്കാനാണ് ലിംഗവ്യത്യാസമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം അവിടെ കുറച്ചു കൂടി വർക് ലൈഫ് ബാലൻസുണ്ട്. അവിെട ആളുകൾക്ക് ഇൻഡിവിജ്വാലിറ്റി ഉണ്ട്. ഇന്ത്യയിൽ ജീവിക്കുന്ന ഒരു സ്ത്രീയും പാശ്ചാത്യ ദേശത്തേക്കു പോകുന്ന ഒരു സ്ത്രീയും തമ്മിൽ ജീവിതശൈലിയിൽ വലിയ വ്യത്യാസങ്ങൾ കാണാൻ സാധിക്കും. വിദേശത്തൊക്കെ ജോലി സാഹചര്യവും സമയവും അനുസരിച്ച് പങ്കാളികൾ ഇരുവരും തുല്യമായിട്ടായിരിക്കും വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നത്. അങ്ങനെയെങ്കിൽ മാത്രമേ അവിടെ നിലനിൽക്കാൻ സാധിക്കൂ. മറിച്ച് ഇന്ത്യയിലാണെങ്കിലോ? ഇവിടെ എല്ലാത്തിലും ലിംഗവിവേചനം ഉണ്ട്. ഇക്കാര്യങ്ങൾ സ്ത്രീകൾ ചെയ്യേണ്ടതാണ് എന്നു ചൂണ്ടിക്കാണിച്ച് അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോൾ തന്നെ വിദ്യാഭ്യാസവും വിവേചനാശക്തിയുമുള്ള സ്ത്രീകളുടെ ചിന്ത മാറിത്തുടങ്ങും. ഇങ്ങനെയാണെങ്കിൽ ഞാനെന്തിനു വിവാഹം കഴിക്കണം എന്ന് സ്വഭാവികമായും അവർ ആലോചിക്കും.

∙ ഗാർഹിക പീഡനങ്ങളെത്തുടർന്നുണ്ടാകുന്ന ആത്മഹത്യകളും കൊലപാതകങ്ങളുമൊക്കെ ഇപ്പോൾ നിത്യസംഭവമായിരിക്കുന്നു. സിംഗിൾ ലൈഫിലേക്കു തിരിയുന്നതിന് അത്തരം ഘടകങ്ങളും സ്ത്രീകളെ പ്രേരിപ്പിക്കുന്നുണ്ടാകുമോ?
തീർച്ചായായും അത് അവരെ സ്വാധീനിക്കും. സ്വന്തം കുടുംബത്തിൽ മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടാക്കുന്നത് പതിവായി കാണുന്നതും കുടുംബാംഗങ്ങൾ വിവാഹബന്ധം വേർപെടുത്തി എന്നറിയുന്നതുമൊക്കെ പെൺകുട്ടികളെ വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിച്ചേക്കാം. സന്തോഷമുള്ള ദാമ്പത്യ ജീവിതത്തെപ്പറ്റി കേൾക്കാത്ത, അറിയാത്ത ആളുകളെ വിവാഹം എന്നത് എപ്പോഴും നെഗറ്റീവ് ചിന്തയിലേക്കു നയിക്കും. സന്തോഷകരമായ യാതൊന്നും വിവാഹത്തിലൂടെ തനിക്കു ലഭിക്കില്ലെന്ന ചിന്ത അവരിൽ ഉണ്ടാേയക്കാം. അങ്ങനെയുള്ളപ്പോൾ വിവാഹം വേണമെന്ന് അവർ ഒരിക്കലും ആഗ്രഹിക്കില്ല.
∙ പ്രസവിക്കാൻ ഭയമാണ് പല സ്ത്രീകൾക്കും. അതുകൊണ്ടുതന്നെ പലരും ഗർഭധാരണത്തോടു വിമുഖത കാണിക്കുന്നു. സിംഗിൾ ലൈഫ് തിരഞ്ഞെടുക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നായി ഈ മനോഭാവത്തെ കാണാനാകുമോ?
അതെ, പ്രസവിക്കാൻ ഭൂരിഭാഗം സ്ത്രീകൾക്കും ഭയമാണ്. പ്രസവവേദനയെക്കുറിച്ചും സങ്കീർണതകളെക്കുറിച്ചും വേദന താങ്ങാൻ കഴിയുമോ എന്നതിനെക്കുറിച്ചുമൊക്കെയുള്ള ആശങ്കകൾ അവരെ അലട്ടും. ആർത്തവ സമയത്തെ വേദന പോലും താങ്ങാനാകാത്ത സ്ത്രീകൾ അല്ലെങ്കിൽ പെൺകുട്ടികൾ നിരവധിയാണ്. അത്തരക്കാർക്ക് പ്രസവത്തെക്കുറിച്ച് വലിയ പേടിയും ആശങ്കയുമായിരിക്കും. പ്രസവ വേദനയെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് അവർക്ക് ഉത്കണ്ഠ കൂടുതലാണ്. അതുപോലെ കുഞ്ഞിനു ജന്മം നൽകിക്കഴിയുമ്പോൾ ഏറ്റെടുക്കേണ്ടി വരുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവർ ആകുലരായിരിക്കും. തന്റെ ജോലിയെ അത് ബാധിക്കുമോ എന്നതായിരിക്കും അവരുടെ സംശയം. കുഞ്ഞുങ്ങൾ ഒരു ഭാരമായി മാറുമെന്ന ചിന്തയോ, അതുവരെ ഉണ്ടായിരുന്ന ജീവിത സ്വാതന്ത്ര്യങ്ങൾ നഷ്ടമാകുമെന്ന ചിന്തയോ ഉണ്ടായേക്കാം. മാത്രവുമല്ല, പ്രസവശേഷം തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അവർ ആകുലരായിരിക്കും. ബാഹ്യ രൂപത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനെ അവർക്ക് അംഗീകരിക്കാൻ കഴിയണമെന്നില്ല. പിന്നെ, വിവാഹത്തെ പേടിക്കാൻ അല്ലെങ്കിൽ കുട്ടികൾ വേണ്ടെന്ന ചിന്തിയിലേക്ക് എത്താൻ മറ്റൊരു കാരണം കൂടിയുണ്ട്. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ കണ്ട് വളർന്നവർക്ക് വിവാഹത്തോട് ഭയമാണ്. അച്ഛൻ അമ്മയോട് മോശം രീതിയിലാണ് പെരുമാറുന്നതെങ്കിൽ കുടുംബജീവിതത്തിൽ ഭാര്യ എന്നയാൾക്ക് വിലയില്ല എന്ന ചിന്ത പെൺകുട്ടികളിലുണ്ടാകും. അത് അവരെ വിവാഹത്തിൽ നിന്നും പിന്നോട്ട് വലിക്കും. ലൈംഗിക ബന്ധത്തോട് ഭയമുള്ള പെൺകുട്ടികളും നിരവധിയാണ്. കുട്ടിക്കാലത്ത് നേരിട്ട ശാരീരികമോ മാനസികമോ ആയ അതിക്രമങ്ങളൊക്കെ അതിനു കാരണമാണ്. അതുകൊണ്ടുതന്നെ അവർക്ക് പൊതുവെ പുരുഷന്മാരോട് ഭയമോ അനിഷ്ടമോ ആയിരിക്കും തോന്നുക. വിവാഹശേഷം പോലും ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോൾ മുൻപ് തന്നെ ദുരുപയോഗം ചെയ്ത ആളുടെ മുഖം അവരുടെ മനസ്സിൽ വന്നേക്കാം. പങ്കാളിയെ കാണുമ്പോഴേക്കും, ഇയാളും തന്നെ ഉപയോഗിക്കുകയാണോ എന്ന ചിന്ത പോലും അവരിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതൊക്കെ ഒറ്റജീവിതം തിരഞ്ഞെടുക്കുന്നതിലേക്ക് പെൺകുട്ടികളെ നയിക്കുന്ന ഘടകങ്ങളാണ്.

∙ വിവാഹം, അല്ലെങ്കിൽ ആൺകൂട്ട് വേണ്ടെന്നു സ്ത്രീകൾ തീരുമാനിച്ചാൽ സമൂഹത്തിന്റെ ഭാവി എന്താകും?
സ്ത്രീകൾ എന്നാൽ ഒരു സെക്കന്‍ഡ് ക്ലാസ് സിറ്റിസൺ എന്നുള്ള രീതിയിൽ ഇപ്പോഴും ചിന്തിക്കുന്നവരുണ്ട്. ഈ കാലത്തു പോലും 25 വയസ്സുള്ള അല്ലെങ്കിൽ 30 വയസ്സുള്ള ആൺകുട്ടി പറയുന്നത്, എന്റെ വീട്ടിൽ ചെന്നാൽ നീ അവിടെ അഡ്ജസ്റ്റ് ചെയ്യണം എന്നാണ്. നമ്മുടെ സമൂഹത്തിൽ അതു തന്നെയല്ലേ ഇപ്പോഴും ഉള്ളത്. എന്നാൽ പെൺകുട്ടികളുടെ ചിന്തകൾ മാറി. താൻ ഒരു കുടുംബത്തിലേക്കു കയറി ചെല്ലുമ്പോൾ അവിടെയുള്ളവരെല്ലാം അപരിചിതരാണ്. അപ്പോൾ അവർ തന്നെയല്ലേ നന്നായി ശ്രദ്ധിക്കേണ്ടതെന്ന് പെൺകുട്ടികൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. പരമ്പരാഗതമായ അല്ലെങ്കിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കുറേ കാര്യങ്ങൾ ഉള്ളിടത്ത് പോകാൻ ആരും ആഗ്രഹിക്കില്ലല്ലോ. സ്ത്രീകളേയും പുരുഷന്മാരെയും ഒരേ രീതിയിൽ കാണുന്ന, സ്ത്രീകളുടെ മൂല്യം മനസ്സിലാക്കുന്ന, അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന സമ്പ്രദായത്തിലേക്കു വിവാഹം മാറിയെങ്കിൽ മാത്രമേ ഇനി കുടുംബങ്ങൾ ഉണ്ടാകൂ. അല്ലാത്തപക്ഷം സമൂഹത്തിന്റെ നിലനിൽപിനെത്തന്നെയത് ബാധിച്ചേക്കാം.
∙ സിംഗിൾ ലൈഫ് എന്ന ഈ ചിന്താ മാറ്റത്തെ സമൂഹം ബഹുമാനത്തോടെ അംഗീകരിക്കേണ്ടതല്ലേ?
തീർച്ചയായും അംഗീകരിക്കേണ്ടതാണ്. കാലത്തിനനുസരിച്ച് ഓരോരോ മാറ്റങ്ങൾ സമൂഹത്തിൽ വന്നു കൊണ്ടിരിക്കും. വിവാഹബന്ധം വേർപെടുത്തുക എന്നതൊക്കെ 50 വർഷങ്ങൾക്കു മുൻപ് വളരെ നെഗറ്റീവ് ആയിട്ടാണ് ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോഴത് സാധാരണ കാര്യമായി കുറേപ്പേരെങ്കിലും അംഗീകരിക്കുന്നുണ്ട്. ഇന്ന് ആളുകൾ തങ്ങളുടെ സുഖത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം കൊടുക്കുന്നു. ഗാർഹിക പീഡനം സഹിക്കേണ്ടതില്ല, ബന്ധം ഉപേക്ഷിച്ച് ഇറങ്ങിപ്പോരണം എന്ന ചിന്തയിലേക്ക് വ്യക്തികളും സമൂഹവും എത്തിയിരിക്കുന്നു. അതേസമയം പഴയ രീതിയിൽ ചിന്തിക്കുന്ന ആളുകളും സമൂഹത്തിലുണ്ട്. വിവാഹമോചനങ്ങളുടെ എണ്ണം കൂടുന്നതും സിംഗിൾ ലൈഫ് മതി എന്ന് ആളുകൾ തീരുമാനിക്കുന്നതുമെല്ലാം സാമൂഹിക പുരോഗതിയുടെ ലക്ഷണമാണ്. ഭർത്താക്കന്മാരുടെ പേരിൽ സ്ത്രീകൾ അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് തന്റേതായ വ്യക്തിത്വം വേണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും സിംഗിൾഹുഡിലേക്ക് എത്തുന്നുണ്ട്. ഇതിന്റെയൊക്കെ അർഥം സമൂഹം ഉന്നതിയുടെ വഴിയിലൂടെ നീങ്ങുന്നു എന്നു തന്നെയാണ്.
∙ യുവത്വത്തിൽ സിംഗിൾ ലൈഫ് മതിയെന്നു തീരുമാനിക്കുന്ന സ്ത്രീകൾ മധ്യവയസ്സിനോട് അടുക്കുമ്പോൾ മാറി ചിന്തിക്കാൻ സാധ്യതയുണ്ടോ? പ്രായമാകുമ്പോൾ അവർക്കൊരു കൂട്ട് വേണമെന്നു തോന്നിക്കൂടെ?
പ്രായം ആകുമ്പോൾ അവർക്ക് ഒറ്റപ്പെടൽ തോന്നാനുള്ള സാധ്യത ഏറെയാണ്. അപ്പോഴും പക്ഷേ അവർക്ക് സൗഹൃദങ്ങൾ ഉണ്ടായിരിക്കും. ബന്ധങ്ങളിൽ സജീവമായി സന്തോഷത്തോടെയിരിക്കാൻ അവർക്കു സാധിക്കുന്നുണ്ടെങ്കിൽ കുഴപ്പമൊന്നും ഉണ്ടാകില്ല. എന്നാൽ, തന്റെ സുഹൃത്തുക്കളുടെയൊക്കെ വിവാഹം കഴിഞ്ഞു അല്ലെങ്കിൽ അവരൊക്കെ ലിവിങ് റിലേഷൻഷിപ്പിലാണെന്നുണ്ടെങ്കിൽ സിംഗിൾ ആയിട്ടുള്ളവർക്ക് വലിയ ഒറ്റപ്പെടലുണ്ടാകും. അത് സ്ത്രീകളുടെ കാര്യത്തിൽ മാത്രമല്ല. പുരുഷന്മാരിലും അങ്ങനെ തന്നെ. വിവാഹം വേണ്ടെന്നു തീരുമാനിച്ച പലരും 30 അല്ലെങ്കിൽ 35 വയസ്സിനു ശേഷമൊക്കെ ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കാറുണ്ട്. അതിപ്പോൾ 60 വയസ് വരെ ഒറ്റയ്ക്കു ജീവിച്ചവരിലും കൂട്ട് വേണമെന്ന ചിന്തയുണ്ടാകാം. അല്ലെങ്കിൽ ഒറ്റപ്പെടൽ അവരെ മാനസികമായി വല്ലാതെ ബാധിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഡിപ്രഷനിലേക്കൊക്കെ അവർ എത്തിച്ചേരും. ഒറ്റയ്ക്കുള്ള ജീവിതത്തിലെ വിരസതയാണ് അതിനു കാരണം. എന്നാൽ കുടുംബവും കുട്ടികളുമായി എപ്പോഴും എൻഗേജ്ഡ് ആയിരിക്കുന്നവർക്ക് വാർധക്യത്തിൽ കുറേക്കൂടി സന്തോഷം കണ്ടെത്താൻ സാധിക്കും.

∙ സ്ത്രീകളിൽ വിവാഹത്തോടുള്ള വെറുപ്പ് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയായിരിക്കും? കമ്മിറ്റ്മെന്റിനോടുള്ള അനിഷ്ടമായിരിക്കുമോ അത്?
പങ്കാളി തന്നെ ബഹുമാനിക്കുന്നില്ല, കരുതൽ കാണിക്കുന്നില്ല, വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നു തുടങ്ങിയ അനുഭവങ്ങളൊക്കെ സ്ത്രീകളെ ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോരാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതല്ലേ എന്നായിരിക്കും ചിലപ്പോൾ ബന്ധുക്കൾ പറയുന്നത്. മോശമായി പെരുമാറിയാലും അവനൊരു പുരുഷനല്ലേ എന്നൊക്കെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പിന്തുണയ്ക്കുന്നതു കേൾക്കുമ്പോൾ ദുരനുഭവം നേരിട്ട സ്ത്രീക്ക് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും? അപ്പോൾ അവർക്ക് വിവാഹജീവിതത്തോടു വിരക്തി തോന്നും. ഇതൊക്കെ സമൂഹത്തിൽ നടക്കുന്നുവെന്നു തിരിച്ചറിയുന്ന പെൺകുട്ടികൾക്കും വിവാഹം എന്ന സമ്പ്രദായത്തോട് അനിഷ്ടം ഉണ്ടാകും. പിന്നെ ഇപ്പോൾ പലരും ലിവിങ് റിലേഷൻഷിപ്പ് ആണല്ലോ തിരഞ്ഞെടുക്കുന്നത്. ഒത്തുപോകാൻ പറ്റില്ലെന്നു തോന്നിയാൽ പരസ്പരബഹുമാനത്തോടെ പിരിയും. മുൻപ് ലിവിങ് റിലേഷൻഷിപ്പിൽ സന്തോഷത്തോടെ ജീവിച്ചവർ പിന്നീട് വിവാഹത്തിലേക്ക് എത്തുമ്പോൾ കുടുംബാംഗങ്ങളുടെയൊക്കെ സ്വാധീനം കൊണ്ട് പലവിധ പ്രശ്നങ്ങളും നേരിട്ടിട്ടുണ്ട്. എന്റെ മുന്നിൽ എത്തുന്ന നിരവധി പേർ അത്തരം അനുഭവങ്ങൾ പങ്കുവച്ചിട്ടുമുണ്ട്. അങ്ങനെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും സമ്മർദങ്ങൾ താങ്ങാൻ താൽപര്യമില്ലാതെ പലരും വിവാഹം എന്നതിൽ നിന്നു പിന്മാറി ഒറ്റയ്ക്ക് സ്വൈരജീവിതം നയിക്കാൻ തീരുമാനമെടുക്കുന്നു.
∙ സിംഗിൾ ലൈഫ് തിരഞ്ഞെടുക്കുന്നവരുടെ കുടുംബാംഗങ്ങൾ ചിലപ്പോൾ അത് അംഗീകരിക്കണമെന്നില്ല. അവരെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്താനാകും?
നമ്മുടെ ചിന്താഗതികളന്താണോ അതാണ് ശരിയെന്നല്ലേ നാം വിശ്വസിക്കുന്നത്. കുടുംബാംഗങ്ങളും അത്തരം മാറ്റത്തിലേക്ക് എത്തിയിരിക്കുന്നു. മുൻപൊക്കെ ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പല കുട്ടികൾക്കുമുണ്ടായിരുന്നില്ല. മാതാപിതാക്കൾ എന്തു പറയുന്നോ അത് എടുക്കണം. എന്നാലിന്ന് ആ സാഹചര്യം മാറി. കുട്ടിക്ക് എന്താണോ ആവശ്യം, അത് മനസ്സിലാക്കി പിന്തുണയോടെ രക്ഷിതാക്കൾ കൂടെ നിൽക്കുന്നു. പണ്ട് കാലത്ത് ഒരു കുട്ടി കാനഡയിൽ പഠിക്കാൻ പോകുന്നു എന്നു പറഞ്ഞാൽ അംഗീകരിക്കാത്തവർ ഇന്നതിനു വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. കാലത്തിനനുസരിച്ച് മാതാപിതാക്കളും കുടുംബാംഗങ്ങളും മാറിക്കഴിഞ്ഞു. അതുപോലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സ്വതന്ത്രജീവിതത്തെക്കുറിച്ചും അവർക്കു ബോധ്യമുണ്ടാകണം. വിദേശികളുമായുള്ള വിവാഹങ്ങളൊക്കെ നമ്മുടെ നാട് സാധാരണയായി കണ്ട് അംഗീകരിക്കുന്ന കാലമല്ലേ ഇത്. അതൊക്കെ കാലാനുസൃതമായ മാറ്റങ്ങളാണ്. ആ പുരോഗമന ചിന്തയിലേക്കു മാതാപിതാക്കൾ എത്തണം. അല്ലാതെ കുട്ടികൾക്കു മുന്നിൽ ആവശ്യമില്ലാത്ത നിബന്ധനകൾ വച്ചാൽ അവർ നിരാശയിലേക്കു പോവുകയോ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചെന്നോ വരാം. അത്തരം സാഹചര്യങ്ങളൊഴിവാക്കാൻ കുട്ടികൾക്കെന്താണോ താൽപര്യം അത് ചെയ്യാൻ അവരെ അനുവദിക്കുക. അവരുടെ വ്യക്തിത്വത്തിനു പ്രാധാന്യം കൊടുക്കുന്നവരായി രക്ഷിതാക്കൾ മാറണം. അപ്പോൾ ബന്ധങ്ങളെയും സിംഗിൾഹുഡിനെയുമെല്ലാം അംഗീകരിക്കാൻ അവർ തയ്യാറാകും.