അമ്മമാരുടെ മാനസികാരോഗ്യം പ്രധാനം; ജോലി ചെയ്യുന്ന ഓഫിസിൽ ഈ സൗകര്യങ്ങൾ വേണം

Mail This Article
കുട്ടികളെ നോക്കുന്നതിനൊപ്പം ഒരു കരിയർ കൂടി മുന്നോട്ട് കൊണ്ടുപോകുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇറുകിയ ജോലിസമയവും സാമ്പത്തിക ഞെരുക്കവും മാനസികസമ്മർദ്ദവും കൂടിയുണ്ടെങ്കിൽ ഇത്തരം അമ്മമാരുടെ ജീവിതം തീർത്തും ദുസ്സഹമായിത്തീരും. തൊഴിലിടത്തിൽ നിന്ന് അവർക്ക് ആവശ്യത്തിന് പിന്തുണ കിട്ടുന്നില്ലെങ്കിൽ, മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്ന വനിതാ ജീവനക്കാർ പോലും അമ്മമാരായി കഴിയുമ്പോൾ ജോലിയുപേക്ഷിച്ച് പോകും. കഴിവും ആത്മാർത്ഥതയുമുള്ള അത്തരം ജീവനക്കാരെ നഷ്ടപ്പെടുത്താൻ ഒരു നല്ലസ്ഥാപനവും ആഗ്രഹിക്കുന്നുണ്ടാവില്ല. അവരെക്കൂടി മനസ്സിലാക്കുകയും അവരുടെ ആവശ്യങ്ങൾകൂടി ഉൾക്കൊള്ളുകയും ചെയ്യുന്ന തരത്തിൽ തൊഴിലിടത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാം. ഒപ്പം, ജോലി ചെയ്യുന്ന അമ്മമാരുടെ മാനസികാരോഗ്യം മെച്ചപ്പെടുമ്പോൾ, അതവർ ചെയ്യുന്ന ജോലിയുടെ നിലവാരത്തിലും പ്രതിഫലിക്കും.
തൊഴിലിടത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളാണ് ‘വർക്കിങ് മദേഴ്സ്’ നേരിടുന്നത്. ഒട്ടും ഫ്ലെക്സിബിളല്ലാത്ത ഷിഫ്റ്റുകൾ അവർക്ക് അധികകാലം തുടരാൻ കഴിഞ്ഞെന്നു വരില്ല. ഏതൊരമ്മയും സ്വന്തം കുട്ടികളുടെ കാര്യത്തിനായിരിക്കും കൂടുതൽ പരിഗണന നൽകുക. പിന്നീട്, അവർ ചെയ്യുന്ന തൊഴിലിനും. ഇതിനിടയിൽ സ്വന്തം ആരോഗ്യവും ക്ഷേമവും നോക്കാനോ വിശ്രമിക്കാനോ അവർ തയാറായെന്ന് വരില്ല. അതിനുള്ള സമയവും കിട്ടണമെന്നില്ല. ഇത്തരത്തിൽ നിർത്താതെയുള്ള ഓട്ടം ബേൺ ഔട്ട് പോലെയുള്ള മാനസികാവസ്ഥയിലായിരിക്കും കലാശിക്കുക. ഓഫിസിലെ ജോലിക്കൊപ്പം തന്നെ കുട്ടികളുടെ സ്‌കൂളിലെ ആവശ്യങ്ങൾ നിറവേറ്റുകയും അത്യാവശ്യ സാഹചര്യങ്ങളിൽ അവരോടൊപ്പം പോകേണ്ടിവരികയുമൊക്കെ ചെയ്തേക്കാം. അതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ഇന്നത്തെ കാലത്ത് കുട്ടികളെ നന്നായി വളർത്തുന്നതിനുള്ള സാമ്പത്തിക ചെലവുകളും. അത്തരം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നത്രയും വരുമാനം അവർക്കുണ്ടാകേണ്ടതും പ്രധാനമാണ്.
കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി കരിയർ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയം മിക്ക സ്ത്രീകളെയും വിടാതെ പിന്തുടരാറുണ്ട്. നീണ്ടകാലത്തെ പഠനം പൂർത്തിയാക്കി, പലവിധ കമ്പനികളിലും ജോലിക്ക് അപേക്ഷിച്ച്, നിരവധി ഇന്റർവ്യൂകളിൽ പങ്കെടുത്ത ശേഷമായിരിക്കും ഒരു നല്ല ജോലി കിട്ടുന്നത്. അതിൽ ശോഭിക്കുന്നതിന് വേണ്ടി പിന്നീടുള്ള വർഷങ്ങളിൽ ഒരുപാട് പ്രയത്നിക്കുകയും ചെയ്യണം. വർഷങ്ങൾ നീണ്ട ഈ പരിശ്രമങ്ങളുടെ ഫലം ഒറ്റയടിക്ക് ഉപേക്ഷിച്ച് പോകേണ്ടിവരുന്നത് ഒരിക്കലും എളുപ്പത്തിലെടുക്കാൻ കഴിയുന്ന ഒരു തീരുമാനമല്ല. കുട്ടികൾ വളർന്ന ശേഷം വീണ്ടും ജോലിക്ക് ശ്രമിക്കാമെങ്കിലും, അത്രയും നീണ്ട ഒരു ഗ്യാപ് എന്തിനെടുത്തു എന്ന് ഭാവിയിൽ ഹൈറിങ് മാനേജേഴ്‌സിനെ ബോധ്യപ്പെടുത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചെയ്യുന്ന ജോലി എന്തായാലും അതിൽ നിന്ന് മാനസിക സംതൃപ്തിയും ആവശ്യത്തിന് പിന്തുണയും കിട്ടുന്നുണ്ടെങ്കിൽ മാത്രമേ, അത് തുടർന്നു കൊണ്ടുപോകുന്നതിൽ എന്തെങ്കിലും അർത്ഥമുള്ളൂ. ഇവ രണ്ടും ജീവനക്കാർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ മാനേജ്‌മെന്റാണ്.

തൊഴിലിടത്തിലെ സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ
സ്ത്രീപുരുഷ ഭേദമന്യേ എല്ലാ ലിംഗത്തിൽപ്പെട്ടവർക്കും ജോലി ചെയ്യാൻ അനുയോജ്യമായ ഒരു സാമൂഹികാന്തരീക്ഷം നിലവിൽ വന്നിട്ടുണ്ടെങ്കിലും, പല മേഖലകളിലും പലതരം വിവേചനങ്ങളും വേർതിരിവുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, പ്രസവകാലത്തും അതിനുശേഷവും സ്ത്രീകൾക്ക് ആവശ്യത്തിന് വിശ്രമിക്കാനുള്ള അവധി ദിവസങ്ങൾ പല കമ്പനികളും നൽകാറില്ല. പ്രസവാവധിക്കാലത്ത് ശമ്പളത്തോടുകൂടിയുള്ള വിശ്രമമാണ് ഒരു നല്ല സ്ഥാപനം നൽകേണ്ടത്. പ്രസവശേഷമുള്ള ആദ്യത്തെ ആറ് മാസമെങ്കിലും അമ്മയിൽ നിന്ന് കുഞ്ഞിനെ മാറ്റിനിർത്താൻ ഒരുതരത്തിലും കഴിയുകയില്ല. ഈ കാലയളവിൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുന്നത് ക്രൂരതയാണ്. പല സ്ഥാപനങ്ങളിലും ജീവനക്കാർ അധികസമയം ജോലി ചെയ്യുന്നത് ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. കുട്ടികളുള്ള അമ്മമാർക്ക് അത്തരത്തിൽ അധിക സമയ ഡ്യൂട്ടി നൽകുന്നത് അഭികാമ്യമല്ല. ഇത്തരം കടുംപിടുത്തങ്ങൾ ജോലി ഉപേക്ഷിക്കാൻ അമ്മമാരായ സ്ത്രീകളെ നിർബന്ധിതരാക്കും. അത്തരം കൊഴിഞ്ഞു പോക്കുകൾ ഒഴിവാക്കാനും തൊഴിലിടത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും സ്ഥാപനങ്ങൾക്ക് പ്രാവർത്തികമാക്കാൻ കഴിയുന്ന ചില മാർഗങ്ങൾ ഇനിപ്പറയാം.
∙കഴിവുള്ള സ്ത്രീജീവനക്കാർക്ക് അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ ഇൻസെന്റീവുകളും പാരിതോഷികങ്ങളും നൽകുക.
∙അമ്മമാരായ ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവുകൾ നൽകുക. ഹൈബ്രിഡ് അല്ലെങ്കിൽ റിമോട്ട് സംവിധാനങ്ങളോ വർക്ക്-ഫ്രം ഹോം സൗകര്യമോ ചെയ്തുനൽകുക. ജോലിക്കൊപ്പം വീട്ടിലെ കാര്യങ്ങളും കുട്ടികളെയും നോക്കാൻ അതുവഴി അവസരം കിട്ടും.
∙ആർത്തവകാലത്തും ആവശ്യമെങ്കിൽ ഏതാനും ദിവസത്തെ അവധിയെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണം. ആർത്തവകാലത്ത് കടുത്ത വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക് അല്പസമയം വിശ്രമിക്കാനുള്ള വെൽനസ് റൂമുകൾ ഓഫിസിൽ തന്നെ സജ്ജീകരിക്കുന്നത് നല്ലതാണ്. സാനിറ്ററിപാഡുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഇവിടെ ഉറപ്പാക്കുക.
∙ഒരു തൊഴിലാളി എത്ര സമയം ജോലി ചെയ്തു എന്നതിനേക്കാൾ പ്രാധാന്യം, എത്ര നന്നായി ജോലി ചെയ്തു എന്നതിനാണ്. ഒരാൾ എട്ടോ പത്തോ മണിക്കൂറുകൾ കൊണ്ട് ചെയ്യുന്ന ജോലി, അതിനേക്കാൾ മികച്ച രീതിയിൽ മറ്റൊരാൾക്ക് 2 മണിക്കൂർ കൊണ്ട് ചെയ്യാൻ കഴിഞ്ഞേക്കും. അങ്ങനെ മികച്ച രീതിയിൽ ജോലി ചെയ്യുന്നവർക്ക് അഭിനന്ദനങ്ങളും പാരിതോഷികങ്ങളും നൽകുക. അധികസമയം ഓഫിസിൽ ചെലവഴിച്ച് ജോലിയെടുക്കുന്നവരാണ് മികച്ച ജീവനക്കാർ എന്ന ചിന്താഗതി തൊഴിലിടത്തെ ടോക്സിക് ആക്കും.
∙വനിതാ ജീവനക്കാർക്ക് ആവശ്യത്തിന് പ്രസവാവധിയും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക. ശമ്പളത്തോട് കൂടിയ അവധിയായിരിക്കണം നൽകേണ്ടത്.
∙കഴിയുമെങ്കിൽ കുട്ടികളെ ഓഫീസിൽ കൊണ്ടുവരാനുള്ള സൗകര്യങ്ങൾ ഒരുക്കിനൽകുക. എല്ലാ ഓഫിസിലും കുട്ടികൾക്ക് സുരക്ഷിതരായി സമയം ചെലവഴിക്കാൻ പ്രത്യേക ഇടങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. അതിന് കുറച്ച് ചെലവേറുമെങ്കിലും, അമ്മമാരായ ജീവനക്കാരുണ്ടെങ്കിൽ അവർക്ക് അതൊരു അനുഗ്രഹമായിരിക്കും.
∙അമ്മമാരായ സ്ത്രീ ജീവനക്കാരെ എങ്ങനെയാണ് ശരിയായ രീതിയിൽ സമീപിക്കേണ്ടത് എന്നത് സംബന്ധിച്ച് മാനേജർമാർ ഉൾപ്പെടെയുള്ളഎല്ലാ ജീവനക്കാർക്കും പരിശീലനം നൽകുക. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അവർക്ക് ബോധവത്കരണം നൽകുക.
∙ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാർക്ക് സാധാരണ അമ്മമാരേക്കാൾ കൂടുതൽ ഇളവുകൾ കൊടുക്കണം. മക്കളുടെ ചികിത്സയ്ക്കുംപരിചരണത്തിനും അവർക്ക് കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണിത്.

∙ജീവനക്കാർക്കിടയിൽ സൗഹാർദ്ദവും സഹകരണവും വർധിപ്പിക്കാൻ ഉതകുന്ന ഒരു പോസിറ്റീവ് അന്തരീക്ഷം ഒരുക്കിയെടുക്കുക. സ്ട്രെസ് പോലെയുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ കൗൺസലിംഗും സപ്പോർട്ട് ഗ്രൂപ്പുകളും ഒരുക്കുക.
∙അമ്മമാരായ ജീവനക്കാർക്കും മറ്റുള്ളവർക്കും വേണ്ടി മെന്റർഷിപ്പ് പ്രോഗ്രാമുകൾ, ക്ഷേമപദ്ധതികൾ, സ്ട്രെസ് മാനേജ്‌മെന്റ് പ്രോഗ്രാമുകൾ എന്നിവ സംഘടിപ്പിക്കാം. അമ്മമാരായ സ്ത്രീകൾക്ക് വേണ്ടി ഒരുക്കി നൽകുന്ന ഇത്തരം സൗകര്യങ്ങൾ, കേവലം അടിസ്ഥാന മാനുഷിക ആവശ്യങ്ങളുടെ നിറവേറ്റൽ മാത്രമാണെന്ന് പ്രത്യേകം ഓർക്കണം. സ്ഥാപനം ഒരു വലിയ ബാധ്യത ഏറ്റെടുക്കുകയാണ് എന്ന മട്ടിലുള്ള സമീപനം ഗുണത്തേക്കാളേറെ ദോഷംചെയ്യും. മറിച്ച്, എല്ലാത്തരം മനുഷ്യരെയും ഉൾക്കൊള്ളുന്ന തരത്തിൽ പോസിറ്റീവായ ഒരു തൊഴിലിടം സൃഷ്ടിക്കാനുള്ള ഒരു നീക്കത്തിന്റെഭാഗമായി വേണം ഇവയെ കാണാൻ. അത് കമ്പനിയുടെ വളർച്ചയ്ക്കും ഖ്യാതിക്കും മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്.