61 വയസ്സിലും ഫിറ്റ്; ആരോഗ്യരഹസ്യം പങ്കുവച്ച് നിത അംബാനി, ഡയറ്റും വ്യായാമവും ഇങ്ങനെ

Mail This Article
കുടുംബത്തിനോ ജോലിക്കോ അല്ലാതെ നിങ്ങൾ നിങ്ങൾക്കു വേണ്ടി മാത്രം എന്തെങ്കിലുമൊരു കാര്യം ചെയ്തത് എന്നാണ്? സ്ത്രീകൾ എപ്പോഴും സ്വന്തം കാര്യത്തെ ഏറ്റവും അവസാനത്തേക്കാണ് നീക്കി വയ്ക്കും. പതിയെ സ്വന്തം ശരീരത്തെ മനസ്സിലാക്കാൻ കഴിയാതെ വരുന്നു. നമ്മുടെ ആരോഗ്യത്തിൽ സ്വയം ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ മറ്റാരുണ്ട്? ചോദിക്കുന്നത് നിത അംബാനിയാണ്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആരോഗ്യസംരക്ഷണത്തിനായി താൻ ചെയ്യുന്ന വ്യായാമങ്ങൾ പങ്കുവച്ച നിത അംബാനി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും സ്വന്തം ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകാൻ പറയുന്നു ചിട്ടയായ വ്യായാമത്തിലൂടെ, പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്നും നിത കാണിച്ചുതരുന്നു.
സ്വന്തം ആരോഗ്യത്തിനും ക്ഷേമത്തിനും ശ്രദ്ധ കൊടുക്കേണ്ടത് 50, 60 പ്രായത്തിലേക്ക് എത്തുമ്പോൾ കൂടുതൽ പ്രധാനപ്പെട്ടതാകുന്നു. സാധാരണ പ്രായം 30 പിന്നിടുന്നതോടെ സ്ത്രീകളുടെ ശരീരത്തിന്റെ 3 മുതൽ 8 ശതമാനം വരെ പേശികൾ നഷ്ടമാകുന്നു, പ്രായം കൂടും തോറും വീണ്ടും അത് കുറഞ്ഞുവരും. മസിൽ, അസ്ഥികളുടെ സാന്ദ്രത, സന്തുലിതാവസ്ഥ ചലനശേഷി, കരുത്ത് എന്നിവ പ്രായം കൂടുംതോറും നഷ്ടമാകുന്നു. മാത്രമല്ല ശരീരത്തിന്റെ മെറ്റബോളിസത്തിലും സഹനശേഷിയിലുമെല്ലാം മാറ്റങ്ങൾ വരുന്നു. സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് 60 വയസ്സിനു ശേഷം.
6 വയസ്സു മുതൽ ഭരതനാട്യം പഠിക്കുന്നതിനാൽ എന്റെ കാലുകൾക്ക് കരുത്തുണ്ട്. ജിമ്മിൽ ലെഗ് ഡെയ്സ് ആണ് ഏറ്റവും പ്രിയമെന്നും നിത പറയുന്നു. ഓരോ ദിവസവും ഓരോ ശരീരഭാഗത്തിനു വ്യായാമം ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ആഴ്ചയിൽ 5, 6 ദിവസമാണ് ഞാൻ വർക്ഔട്ട് ചെയ്യുന്നത്. യോഗ, കോർ സ്ട്രെങ്തനിങ് എന്നിവ ദിനചര്യയുടെ ഭാഗമാണ്. ചില ദിവസങ്ങളിൽ നീന്തുകയോ ജല വ്യായാമങ്ങൾ ചെയ്യുകയോ ചെയ്യും. ഒരു മണിക്കൂർ ആസ്വദിച്ച് നൃത്തം ചെയ്യുന്ന ദിവസങ്ങളുമുണ്ട്. വേറൊന്നും ചെയ്യാൻ കഴിയാത്ത ദിവസങ്ങളിൽ 5000 മുതൽ 8000 സ്റ്റെപ് വരെ നടക്കാറുണ്ട്– നിത പറയുന്നു.
വളരെ സന്തുലിതമായ ഡയറ്റ് ആണ് എന്റേത്. വെജിറ്റേറിയൻ ആണ്. പ്രോട്ടീൻ വളരെ പ്രധാനമാണെന്നും പഞ്ചസാരയോ അതിനു പകരം ഉപയോഗിക്കുന്നവയും താൻ ഒഴിവാക്കാറുണ്ടെന്നും നിത അംബാനി പറയുന്നു. വ്യായാമം ചെയ്യുമ്പോൾ സമാധാനം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഒരു മുഴുവൻ ദിവസത്തേക്കുമുള്ള പോസിറ്റീവ് മനോഭാവം ഇതിലൂടെ കിട്ടും. ഭാരം ഉയർത്തുക മാത്രമല്ല, ദൈനംദിന ജീവിതത്തെ നേരിടാനുള്ള ഊർജവും സ്റ്റാമിനയും ഉണ്ടായിരിക്കേണ്ടതാണ് പ്രധാനം. എന്നെ സംബന്ധിച്ച് എന്റെ പേരക്കുട്ടികളെ എടുത്തുയർത്താൻ പറ്റണം, അവരുടെ വേഗതയ്ക്കൊപ്പം നിൽക്കണം. പ്രായത്തെ തോൽപ്പിക്കാനല്ല ഉദ്ദേശ്യം, സ്വന്തമാക്കുകയാണ് വേണ്ടത്. 61–ാം വയസ്സിൽ എനിക്ക് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്കും പറ്റും. സ്വയം മുൻഗണന നൽകുക. 30 മിനിറ്റ് വീതം ആശ്ചയിൽ 4 തവണ മാത്രം വ്യായാമം ചെയ്യുക. കരുത്തരാകുമ്പോള്‍ ആർക്കും നിങ്ങളെ തടുക്കാനാവില്ല. ആദ്യ പടി സ്വീകരിക്കുക. സ്ട്രോങ്ഹെൽ പ്രസ്ഥാനത്തിൽ ചേരു. ഇന്ന് തുടങ്ങൂ എന്നാണ് നിതയുടെ വാക്കുകൾ.