ADVERTISEMENT

ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. 

മോര് വെള്ളം ചേർത്ത് നീട്ടി അതിൽ അൽപം ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും നാരകത്തിലയും ഇട്ട് പാകത്തിന് ഉപ്പു ചേർത്തുണ്ടാക്കുന്ന സംഭാരത്തിന് പകരം വയ്ക്കാൻ മറ്റൊരു പാനീയങ്ങൾക്കും ആവില്ല.

മോരിനെ നമുക്ക് ഒരു സമ്പൂർണാഹാരം എന്നു വിളിക്കാം. കാരണം ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മോരിൽ ഉണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എല്ലാം ഇതിലുണ്ട്. മോരിൽ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. മറ്റേതൊരു പാനീയത്തെക്കാളും വെറും വെള്ളത്തെക്കാളും മികച്ചതു മോര് കുടിക്കുന്നതുതന്നെ. 

പാലിൽ കൊഴുപ്പ് ഉണ്ട്. എന്നാൽ മോരിൽ അത് ഒട്ടും ഇല്ല. മാത്രമല്ല കാൽസ്യം പാലിൽ ഉള്ളതുപോലെ തന്നെ ഉണ്ട് താനും. അതുകൊണ്ടുതന്നെ പശുവിൻപാൽ അലർജി ഉള്ളവർക്കും മോര് ഉപയോഗിക്കാം. 

∙ദഹനം സുഗമമാക്കാന്‍ മോര് സഹായിക്കും. സദ്യയ്ക്ക് മോര് വിളമ്പുന്നതും ഈ ഉദ്ദേശത്തോടെയാണ്. 

∙വിശപ്പില്ലായ്മയ്ക്ക് മോര് നല്ലൊരു പ്രതിവിധിയാണ്. മോരിൽ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ‍ഡിയും ഉണ്ട്. ക്ഷീണവും വിളർച്ചയും അകറ്റാൻ മികച്ചത്. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. അണുബാധകൾ അകറ്റുന്നു. 

∙കാൽസ്യം ധാരാളം അടങ്ങിയതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനുത്തമം. ഓസ്റ്റിയോപൊറോസിസ് തടയുന്നു. കുട്ടികൾക്ക് ദിവസവും മോര് കുടിക്കാൻ കൊടുക്കുന്നത് നല്ലതാണ്.

∙ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു. റൈബോഫ്ലേവിൻ മോരിൽ ഉണ്ട്. ഹോർമോണുകളുടെ ഉൽപ്പാദനത്തിനും ദഹനത്തിനും സഹായകം. കരളിന്റെ പ്രവർത്തനത്തിനു സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു. 

∙കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം കുറയ്ക്കാനും മോരിലടങ്ങിയ ബയോ ആക്ടീവ് പ്രോട്ടീനുകൾ സഹായിക്കും.   

∙ദഹനപ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകുന്നു. അസിഡിറ്റി അകറ്റാനും വയറെരിച്ചിൽ മാറ്റാനും മികച്ച പാനീയം. മലബന്ധം അകറ്റാനും സഹായിക്കും.

∙ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മോര് ശീലമാക്കാം. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം ഇവയെല്ലാം ലഭിക്കാനും മോര് കുടിക്കുന്നതു പതിവാക്കാം. 

∙പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മസിൽ ഉണ്ടാകാൻ സഹായിക്കുമെന്നതിനാൽ ബോഡിബിൽഡർമാരുടെ മികച്ച ചോയ്സ് ആണ് മോര്. കാലറി കൂട്ടാതെ തന്നെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ പ്രദാനം ചെയ്യുന്നു. 

∙ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നതിനാൽ ചർമത്തിന്റെ ആരോഗ്യത്തിനും സഹായകം. വെയിലുകൊണ്ട് കരുവാളിച്ചെങ്കിൽ അരക്കപ്പ് മോരിൽ അതേ അളവ് തക്കാളി നീര് ചേർത്ത് പുരട്ടിയാൽ മതി. 

∙മോര് വായിൽ കവിൾക്കൊള്ളുന്നത് വാപ്പുണ്ണ് അകറ്റും.

∙ജലദോഷവും മൂക്കൊലിപ്പും മാറാൻ മോരിൽ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ദിവസം പലതവണ കുടിച്ചാൽ മതി. 

∙പൊണ്ണത്തടിയും പ്രമേഹവും ഉള്ളവർക്കു പോലും ധൈര്യ മായി മോര് കുടിക്കാം. പ്രോബയോട്ടിക് ആയതിനാൽ മൂത്ര നാളിയിലെ അണുബാധയും വജൈനൽ ഇൻഫക്ഷനും തടയും. അൾസർ അകറ്റാനും നെഞ്ചെരിച്ചിൽ തടയാനും മോര് സഹായിക്കും. 

അനാരോഗ്യം ക്ഷണിച്ചു വരുത്തുന്ന നിറം കലർത്തിയ പാനീയങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും ജങ്ക് ഫുഡുകൾക്കും പകരം മോര് കുടിക്കുന്നത് ശീലമാക്കാം. ഒട്ടും കലർപ്പില്ലാത്ത പഴമയുടെ രുചിക്കൂട്ടുകൾ നമ്മുടെ മക്കൾക്കും ശീലമാകട്ടെ. ഒപ്പം ആരോഗ്യമുള്ള ഒരു തലമുറയും വളർന്നു വരട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com