മുട്ട കഴിക്കാത്തവരാണോ? എങ്കിൽ കഴിക്കാം ഈ 10 പ്രോട്ടീൻ ഭക്ഷണങ്ങൾ
Mail This Article
പ്രോട്ടീൻ ധാരാളം അടങ്ങിയഭക്ഷണമാണ് മുട്ട. ഒരു പുഴുങ്ങിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ ഉണ്ട്. പോഷക സമ്പുഷ്ടവുമാണ് ഇത്. എന്നാൽ മുട്ട കഴിക്കാത്തവരും മുട്ടയുടെ രുചി ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. ഇവർ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ എന്തു ഭക്ഷണം കഴിക്കണം?
ഇതാ മുട്ടയിലുള്ളതിലും അധികം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ.
∙ സോയാബീൻ – സോയാബീൻ ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ്. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്.
∙ മത്തങ്ങാക്കുരു– മത്തങ്ങാ കറിവച്ച ശേഷം കുരു കളയല്ലേ. മത്തന്റെ കുരുവിൽ മഗ്നീഷ്യം ധാരാളം ഉണ്ട്. പ്രോട്ടീനും ഉണ്ട്. 30 ഗ്രാം മത്തൻ കുരുവിൽ 9 ഗ്രാം പ്രോട്ടീൻ ഉണ്ട്.
∙ കടല– കടലയിൽ ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ജീവകം കെ ഇവ ഉണ്ട്. മുളപ്പിച്ച കടല ഉപയോഗിക്കാം. ഒരു കപ്പ് വേവിച്ച കടലയിൽ 12 ഗ്രാം പ്രോട്ടീൻ ഉണ്ട്.
∙ പാൽക്കട്ടി – കാലറി കുറവായ ഇത് പ്രോട്ടീനാൽ സമ്പുഷ്ടമാണ്. പോഷകങ്ങൾ ധാരാളമുള്ള പനീർ അഥവാ പാൽക്കട്ടയിൽ മുട്ടയിലുള്ളതിലും അധികം പ്രോട്ടീൻ ഉണ്ട്. 100 ഗ്രാം പനീറിൽ 23 ഗ്രാം ആണ് പ്രോട്ടീൻ.
∙ പയർ വർഗങ്ങൾ – ചെറുപയർ, വൻപയർ, പരിപ്പു വർഗങ്ങൾ ഇവയിൽ പ്രോട്ടീൻ ധാരാളം ഉണ്ട്. വേവിച്ച ഒരു കപ്പ് പയറിൽ 14 ഗ്രാമോളം പ്രോട്ടീൻ ഉണ്ട്. നാരുകൾ ധാരാളമുള്ള ഇവ വേഗം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
∙ വാളമര – പ്രോട്ടീൻ കൂടാതെ മഗ്നീഷ്യവും ഇവയിൽ ധാരാളമുണ്ട്. ഒരു കപ്പ് അമരപ്പയറിൽ ഏതാണ്ട് 9 ഗ്രാം പ്രോട്ടീൻ ഉണ്ട്.
∙ ഹെംപ് സീഡ്സ്– ഇവയിൽ ഹൃദയാരോഗ്യമേകുന്ന ആൽഫാ ലിനോലെനിക് ആസിഡ് ഒമേഗ 3 ഇവ ധാരാളം ഉണ്ട്. 2 ടേബിൾ സ്പൂൺ ഹെംപ് സീഡിൽ 6.3 ഗ്രാം പ്രോട്ടീൻ ഉണ്ട്.
∙ ആല്‍മണ്ട് ബട്ടർ – 50 ഗ്രാം ആൽമണ്ട് ബട്ടറിൽ 10 ഗ്രാം പ്രോട്ടീൻ ഉണ്ട്. പീനട്ട് ബട്ടറിനെക്കാളും ആരോഗ്യകരമായ ആൽമണ്ട് ബട്ടറിൽ ജീവകങ്ങളും ധാതുക്കളും ധാരാളം ഉണ്ട്.
∙ ക്വിനോവ– ഗ്ലൂട്ടൺ ഫ്രീ ആയ ഇവയിൽ 9 ഇനം അമിനോ ആസിഡുകൾ ഉണ്ട്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഒരു ധാന്യമാണിത്. കൊഴുപ്പ് വളരെ കുറവാണിതിൽ. വേവിച്ച ഒരു കപ്പ് ക്വിനോവ സീഡിൽ 8 ഗ്രാം പ്രോട്ടീൻ ഉണ്ട്.
∙ ഗ്രീക്ക് യോഗർട്ട് – പോഷകങ്ങൾ ധാരാളമുള്ള ഗ്രീക്ക് യോഗർട്ട് മികച്ച ഒരു ലഘുഭക്ഷണമാണ്. കൊഴുപ്പില്ലാത്ത ഈ തൈരിൽ 12 മുതൽ 17.3 ഗ്രാം വരെ പ്രോട്ടീൻ ഉണ്ട്. ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണിത്.