കർക്കടകത്തിൽ പത്തില കഴിച്ചാലുള്ള ഗുണങ്ങൾ
Mail This Article
പറമ്പിൽ നിൽക്കുന്ന പല ചെടികൾക്കും പ്രത്യേക പരിഗണന ലഭിക്കുന്ന മാസമാണ് കർക്കടകം. മഴക്കാലത്ത് പ്രത്യേകിച്ച് കർക്കടകമാസത്തിൽ ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തോടൊപ്പം ആയുസ്സും കൂട്ടും. പത്തിലകൾ ചേർത്ത തോരൻ കർക്കടകത്തിൽ കഴിക്കുന്നത് ശരീരത്തിന് ബലവും രോഗങ്ങളിൽ നിന്ന് സംരക്ഷണവും ഏകും. ഓരോ സ്ഥലത്തും ലഭ്യമായ പത്തിലകൾ ഉപയോഗിക്കാം.
ചേമ്പിന്റെ ഇല, ചേനയില, പയറില, തകരയില, തഴുതാമ, മത്തന്റെ ഇല, ചീരയില, കുമ്പളത്തിന്റെ ഇല, മുള്ളൻ ചീര, മൈസൂർ ചീര, കോവലില, സാമ്പാർ ചീര, നെയ്യുണ്ണി, ചൊറിയണം തുടങ്ങിയ ഇലകൾ ഉപയോഗിക്കാം. ഇലക്കറികളിൽ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അധികം മൂപ്പെത്താത്ത തളിരിലകൾ വേണം ഉപയോഗിക്കാൻ.
ചേമ്പിന്റെ ഇലയിൽ കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു. തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു. കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിയുണ്ടാകാനും ഇത് നല്ലതാണ്.
തഴുതാമയിലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയ ഇത് മൂത്രവർധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ഹൃദ്രോഗം മുതലായവയ്ക്കും തഴുതാമ ഗുണം ചെയ്യും. കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്.
മത്തന്റെ ഇലയിൽ ജീവകം എ, സി ഇവ ധാരാളമുണ്ട്. ചീരയിലയിൽ ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ച അകറ്റുന്നു. ചേനയിലയിൽ നാരുകൾ, കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്. പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു. കരൾവീക്കത്തിനും നല്ലതാണ്. മാംസ്യം, ധാതുക്കൾ, ജീവകം എ, സി എന്നിവയും പയറിലയിൽ ഉണ്ട്.
ചൊറിയണത്തിന്റെ ഇലയും കർക്കടകത്തിൽ കറി വയ്ക്കാം. കൈയിൽ വെളിച്ചെണ്ണ പുരട്ടിയശേഷം അതിന്റെ രോമം പോലുള്ളവ കളഞ്ഞാൽ ചൊറിയുകയില്ല. രക്തസമ്മർദം ഉള്ളവർക്ക് കറിയിൽ ഉപ്പിനു പകരം ഇന്തുപ്പ് ചേർക്കാം. തേങ്ങ, വെളുത്തുള്ളി, കാന്താരിമുളക്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് തോരൻ വയ്ക്കാം. ഔഷധക്കഞ്ഞിയോടൊപ്പമോ അല്ലാതെയോ പത്തിലത്തോരൻ കഴിക്കാം