ADVERTISEMENT

നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു പോഷകമാണ് ഷുഗര്‍. ശരീരത്തിന്‍റെ ഊര്‍ജാവശ്യത്തിനും തലച്ചോറിന്‍റെയും പേശികളുടെയും പ്രവര്‍ത്തനത്തിനും ഇതു കൂടിയേ കഴിയൂ. മിക്കവരുടെയും ഇഷ്ടഭക്ഷ്യവസ്തുവുമാണിത്. കാപ്പി, ചായ, ബിസ്കറ്റ്, സ്വീറ്റ്സ്, കേക്ക്, ഡെസേര്‍ട്ട് തുടങ്ങി പല ഭക്ഷ്യസാധനങ്ങളിലും നാം മധുരത്തിനുവേണ്ടി പഞ്ചസാര ഉപയോഗിക്കുന്നു. പഞ്ചസാരയുടെ രാസനാമം സുക്രോസ് എന്നാണ്. White sugar, Cane sugar, Refined sugar, Table sugar എന്നൊക്കെ ഇതിനെ വിളിക്കുന്നു. പഞ്ചസാരയുടെ അമിതഉപയോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. വെളുത്ത വിഷം എന്നാണ് മഹാത്മാഗാന്ധി ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

എന്തുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍?

ഷുഗറിന്‍റെ അളവ് (Quantity), അവ എങ്ങനെ ശരീരത്തിന് ലഭ്യമാക്കുന്നു (Quality) ഇവ രണ്ടും ഒരുപോലെ പ്രശ്നമാകുന്നു. ഷുഗറിന്‍റെ ലഭ്യത രണ്ടു തരത്തിലാണ്.
Added Sugar  -  ഉദാ : പഞ്ചസാര, ശര്‍ക്കര
Natural Sugar - ഉദാ : പഴങ്ങള്‍, പാല്‍, ചില പച്ചക്കറികള്‍ (മധുരക്കിഴങ്ങ്/ തേൻ)

ഇതില്‍ added Sugar  ആണ് പ്രശ്നക്കാരന്‍. കരിമ്പില്‍ നിന്നാണ് പഞ്ചസാര ലഭ്യമാകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഫാക്ടറിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുമ്പോള്‍ കരിമ്പിലെ മധുരം ഒഴികെയുള്ള എല്ലാ പോഷകങ്ങളും നീക്കപ്പെടുന്നു. ഇതാണ് ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാവുന്നത്. Empty caloric food എന്നാണ് പഞ്ചസാരയെ വിശേഷിപ്പിക്കുന്നത്. കാരണം അത് ശരീരത്തിനു ധാരാളം  കാലറി നല്‍കുന്നുണ്ടെങ്കിലും പോഷകങ്ങളൊന്നും നല്‍കുന്നില്ല, മാത്രമല്ല അതിന്‍റെ ഉപാപചയ പ്രവര്‍ത്തനത്തിനുവേണ്ടി ശരീരത്തിലെ കാല്‍സ്യം, വൈറ്റമിന്‍ ബി എന്നിവ ഉപയോഗിക്കാത്തതുകൊണ്ട് ശരീരത്തില്‍ അവയുടെ കുറവുണ്ടാവുന്നു. അതേസമയം, പഴങ്ങളിലും പച്ചക്കറികളിലും മറ്റും വിവിധ സൂക്ഷ്മപോഷകങ്ങളെ കൂടാതെ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. ഇവ രോഗപ്രതിരോധനത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യാവശ്യമാണ്. 

ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്നത്, ദിവസേനയുള്ള ഭക്ഷണത്തില്‍ added Sugar ന്‍റെ തോത് 6 -9 ടീസ്പൂണില്‍ കൂടരുതെന്നാണ്. ഇന്ന് നമ്മുടെ ഭക്ഷണത്തില്‍ 20 - 30 ടീസ്പൂണ്‍ വരെയുണ്ട്.

ആരോഗ്യപ്രശ്നങ്ങള്‍

∙ അമിതവണ്ണം - പഞ്ചസാരയില്‍ കാലറി ധാരാളം അടങ്ങിയിരിക്കുന്നു. ശരീരം ഉപയോഗിച്ച് മിച്ചം വരുന്ന കാലറി കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിക്കപ്പെടുന്നു.

∙ പ്രമേഹം - കൂടുതല്‍ പഞ്ചസാര കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുകയും പാന്‍ക്രിയാസില്‍നിന്ന് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കേണ്ടതായി വരുകയും ചെയ്യും. കൂടെക്കൂടെ ഇങ്ങനെ സംഭവിക്കുമ്പോള്‍ ബീറ്റാകോശങ്ങള്‍ തളരുകയും പ്രമേഹത്തിനു കാരണമാവുകയും ചെയ്യുന്നു. കൂടാതെ ഇന്‍സുലിന്‍ റസിസ്റ്റന്‍സ് ഉണ്ടായി പ്രമേഹമുണ്ടാകുന്നു.

∙ ഉയര്‍ന്ന രക്തസമ്മര്‍ദം– ഉയര്‍ന്നരക്തസമ്മര്‍ദം ഉണ്ടാക്കുന്നതില്‍ ഉപ്പിനെക്കാള്‍ വില്ലനാണ് പഞ്ചസാരയെന്ന് പഠനങ്ങൾ പറയുന്നു.

∙ ഹൃദയാഘാതം ഉണ്ടാക്കുന്നതില്‍ പൂരിതകൊഴുപ്പിനെക്കാള്‍ അപകടകാരിയാണെത്രേ പഞ്ചസാര.

∙ രക്തത്തിലെ ടൈഗ്ലിസറൈഡ് നിലവാരം ഉയര്‍ത്തുന്നു. ശരീരത്തില്‍ കൂടുതലായി എത്തുന്ന ഷുഗര്‍ ട്രൈഗ്ലിസറൈഡ് എന്ന ചീത്ത കൊഴുപ്പായി മാറ്റപ്പെടുന്നു. തല്‍ഫലമായി രക്തത്തിലെ ഇതിന്‍റെ അളവ് ഉയരുന്നു.

∙ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

∙ വിധേയത്വം (addition) ഉണ്ടാക്കുന്നു. പഞ്ചസാര നേരിട്ട് ഉപയോഗിക്കാത്തവരില്‍ പോലും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍  ഉണ്ടാവുന്നതിന്‍റെ കാരണം സാലഡ്, സോസ്, പ്രോസസ്ഡ് ഫൂഡ് തുടങ്ങിയവയിൽ ഷുഗര്‍ അടങ്ങിയിരിക്കുന്നതു കൊണ്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com