കുട്ടികൾക്ക് ചോക്ലേറ്റ് കൊടുത്തോളൂ; മധുരം മാത്രമല്ല ഗുണവുമുണ്ട്
Mail This Article
ഷേക്സ്പിയറിന്റെ ‘എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം’ എന്ന ഹാസ്യ നാടകത്തിൽ ഒരു പ്രത്യേകതരം ചെടിയെക്കുറിച്ചു പറയുന്നുണ്ട്. അതിന്റെ ഇലകൾ പിഴിഞ്ഞു ചാറാക്കി കണ്ണിലൊഴിച്ചാൽ ഏതൊരാളെയും എന്തിനു കാണുന്ന ഏതു കഴുതയെപ്പോലും പ്രണയിക്കുമത്രേ..! വികാരങ്ങൾ തലച്ചോറിന്റെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്നതായി ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ‘സ്നേഹം’ തന്നെ.
ജീവിതത്തിനു സൗന്ദര്യവും സമാധാനവും നൽകുന്നതിൽ സ്നേഹത്തിനു പങ്കുണ്ട്. ബന്ധങ്ങളിൽ സ്നേഹം ഒഴിച്ചു നിർത്താനാവില്ല. സമൂഹത്തോടും കുടുംബത്തോടും സ്നേഹവും സംസ്കാരവും പുലർത്തിയേ നല്ല പൗരനായി വളരാനാകൂ. എന്താണു സ്നേഹത്തിനു പിന്നിലെന്നു നോക്കാം. ഫീനൈൽ ഈതൈൽ അമൈൻ എന്ന രാസ വസ്തു തലച്ചോറിൽ എത്തുന്നതോടെ സ്നേഹമെന്ന വികാരം ഉത്തേജിക്കപ്പെടുന്നു. ഷേക്സ്പിയർ പറഞ്ഞ ചെടിയുടെ ഇല ഒരു പക്ഷേ ഫീനൈൽ ഈതൈൽ അമൈൻ കൊണ്ടു സമൃദ്ധമായിരിക്കാം! കഴിക്കുന്ന ഭക്ഷണ പദാർഥത്തിലൂടെ സ്നേഹത്തിന്റെ തോതു വർധിപ്പിക്കാനാകുമോ? കൂടുതൽ കൊക്കോ കഴിക്കൂ എന്നാണു ശാസ്ത്രലോകം പറയുന്നത്.
ഫീനൈല്‍ ഈതൈൽ അമൈൻ ഏറ്റവും കൂടുതലുള്ളത് കൊക്കോയിൽ ആണ്. ഇതു തലച്ചോറിൽ സിറാടോണിൻ, എഫ്രഡിൻ, അനൻഡമെഡ് എന്നീ രാസവസ്തുക്കൾ ഉൽപാദിപ്പിക്കും. മനസ്സിലെ സംഘർഷങ്ങൾ അകറ്റുന്നതിനും ശാന്തമാക്കുന്നതിനും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും വളർത്തുന്നതിനും ഈ ഘടകങ്ങൾക്കാകും. ഇഷ്ടം, കാരുണ്യം, ആർദ്രത, കരുതൽ, വാൽസല്യം തുടങ്ങിയ വികാ രങ്ങളും മനസിൽ ജനിക്കുന്നു. പ്രായാധിക്യത്തെ ചെറുക്കാൻ കൊക്കോയുടെ ഉപയോഗം കൊണ്ടു സാധിക്കുമത്രെ. ചീത്ത കൊളസ്ട്രോളിനെയും പ്രതിരോധിക്കും. ചെറിയ അളവിൽ ദിവസവും കൊക്കോ കഴിക്കുന്നതിലൂടെ രക്തധമനികളുടെ പ്രവർത്തനം മെച്ചമാക്കാം.
ഹൃദയസ്തംഭനം പക്ഷാഘാതം, രക്തസമ്മർദം എന്നിവയെ ചെറുത്തു നിൽക്കാനും ശേഷിയുണ്ട്. അലസതയും വിരസതയും അകറ്റാൻ ചോക്ലേറ്റിനു കഴിയാറില്ലേ? അതിനു കാരണം കൊക്കോയാണ്. അറുന്നൂറിലേറെ ആന്റി ഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മായൻ വംശജർ കൊക്കോ ദൈവിക ഔഷധഫലമായി കണക്കാക്കി ആരാധിച്ചിരുന്നു. തെക്കേ അമേരിക്കൻ വംശജരിൽ ഹൃദയാഘാതനിരക്ക് കുറയാൻ കാരണം കൊക്കോയുടെ പതിവായുള്ള ഉപയോഗമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കൊക്കോ ഏറ്റവുമധികം അടങ്ങിയിരിക്കുന്നതു ചോക്ലേറ്റിൽ ആണ്. രാവിലെ കുട്ടി സ്കൂളിലേക്കു പോകുമ്പോൾ ഒരു ചോക്ലേറ്റ് കൊടുത്ത് അലിയിച്ചു കഴിക്കാൻ നിർദേശിക്കണം.
ഉമിനീരിൽ തായ്‍ലിൻ എന്നൊരു എൻസൈം ഉണ്ട്. അത് കൊക്കോയുമായി ഇടകലർന്നു ഫീനൈൽ ഈതൈൽ അമൈൻ ഉല്‍പാദിപ്പിക്കുന്നു. രാത്രി പഠിക്കാനിരിക്കുമ്പോഴും കുട്ടിക്ക് ചോക്ലേറ്റു കൊടുത്ത് അലിയിച്ചു കൊണ്ട് പഠിക്കാൻ പറയണം. ഗഹനമായ വിഷയങ്ങൾ പഠിക്കുമ്പോൾ ഈ പരീക്ഷണം നടത്തിനോക്കൂ. കുട്ടിക്കു പഠിക്കാനുള്ള പ്രേരണയുണ്ടാകുന്നതായും ആ വിഷയം നന്നായി പഠിക്കുന്നതായും കാണാനാകും.
പരീക്ഷയ്ക്കു പോകുമ്പോൾ ആറു ചോക്ലേറ്റ് കൊടുത്തു വിടാം. പരീക്ഷ 9.30 നാണു തുടങ്ങുന്നതെങ്കിൽ 9 മണിക്ക് ആദ്യത്തെ ചോക്ലേറ്റ് കഴിക്കാം. പിന്നീട് ഓരോ അരമണിക്കൂർ കൂടുമ്പോഴും ചോക്ലോറ്റ് അലിയിച്ചു സാവധാനം കഴിക്കണം. പഠിച്ച വിഷയങ്ങളൊക്കെ നന്നായി ഓർത്തെടുത്ത് പരീക്ഷ നല്ലവണ്ണം എഴുതാൻ സാധിക്കും.
വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കും ചോക്ലേറ്റ് കഴിക്കാം. ബുദ്ധിപരമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന ശാസ്ത്രജ്ഞർ, ഗവേഷകർ, ചിന്തകർ, ഉദ്യോഗസ്ഥർ എന്നി വർക്കും ചോക്ലേറ്റ് കഴിക്കാം. പ്രമേഹമുള്ളവർ സൂക്ഷിക്കണം. ജോലികൾ ഉന്മേഷത്തോടെ ചെയ്യാനും കർമ്മനിരതരാകാനും രാവിലെ ചായയിലോ പാലിലോ കൊക്കോപ്പൊടി ചേർത്തു കഴിക്കുന്നവരുണ്ട്. ഇതെല്ലാം ശരീരത്തിന്റെ ശേഷിക്കനുസരിച്ചും ഡോക്ടറുടെ ഉപദേശ പ്രകാരവും ആകണമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
തയാറാക്കിയത്: ടി. ബി. ലാൽ