പ്രമേഹരോഗികളുടെ പ്രാതൽ ഇങ്ങനെ ക്രമീകരിച്ചോളൂ
Mail This Article
പ്രമേഹരോഗ നിയന്ത്രണത്തിൽ പ്രഭാതഭക്ഷണത്തിനു വലിയ പങ്കുണ്ട്. പ്രമേഹരോഗികളെ സംബന്ധിച്ച് ഏറ്റവും പ്രധാനമാണ് പ്രഭാതഭക്ഷണം. അത്താഴം കഴിഞ്ഞ് ദീർഘമായ ഇടവേളയ്ക്കു ശേഷമുള്ള ആദ്യഭക്ഷണം കഴിവതും നേരത്തേ കഴിക്കണം. പ്രഭാതഭക്ഷണത്തോടൊപ്പം മതിയായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് മെറ്റബോളിസം കൂട്ടാനും ഇടനേരങ്ങളിലെ വിശപ്പു കുറയ്ക്കാനും നല്ലതാണ്. പയർ പരിപ്പു വർങ്ങൾ, മുട്ട, ഇറച്ചി, നട്സ്, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളാണ്.
പ്രമേഹരോഗികൾക്കു ഹൃദ്രോഗസാധ്യത കൂടുതലായതിനാൽ ഉപ്പും പൂരിതകൊഴുപ്പുകളും പ്രഭാതഭക്ഷണത്തോടൊപ്പം കൂടിയ അളവിൽ വേണ്ട. പുട്ടും പയറും പപ്പടവുമാണ് പ്രാതലെങ്കിൽ പ്രമേഹരോഗികൾ പപ്പടം ഒഴിവാക്കുന്നതാണു നല്ലത്. കിഴങ്ങു വർഗങ്ങളായ ചേനയോ ചേമ്പോ കാച്ചിലോ പ്രാതലായി കഴിക്കുമ്പോൾ കൂടെ പ്രോട്ടീൻ അടങ്ങിയ മത്സ്യമോ പയർ വർഗങ്ങളോ ചേർത്ത്, കുറഞ്ഞ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. അപ്പത്തോടോ ചപ്പാത്തിയോടോ ഒപ്പം ഉരുളക്കിഴങ്ങ് കറി കഴിക്കരുത്. ഇങ്ങനെ കഴിച്ചാൽ അന്നജത്തിന്റെ അളവു കൂടുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കൂടും.
മൈദ കൊണ്ടുള്ള വിഭവങ്ങൾ, എണ്ണയിൽ വറുത്തെടുക്കുന്ന പൂരി പോലുള്ള പലഹാരങ്ങളും ഒഴിവാക്കണം. ദോശയോടും ഇഡ്ഡലിയോടുമൊപ്പം തേങ്ങാച്ചമ്മന്തിക്കു പകരം തക്കാളി ചമ്മന്തിയോ സാമ്പാറോ ഉൾപ്പെടുത്താം.
കോൺഫ്ളേക്സ് രക്തത്തിലെ പഞ്ചസാരയുടെ തോത് കൂട്ടുമെന്നതിനാൽ അത് ഒഴിവാക്കുകയാണ് നല്ലത്. ഓട്സ്, മുസ്‌ലി, കീൻവാ തുടങ്ങിയവ കുറുക്ക് പരുവത്തിലോ പാൽ, പഴങ്ങൾ, ഫ്ലാക്സ് സീഡ്, നട്സ് എന്നിവ ചേർത്ത് പോഷകസമ്പുഷ്ടമാക്കിയോ കഴിക്കാം.