വൃക്കരോഗമുള്ളവർക്ക് പാൽ കുടിക്കാമോ?
Mail This Article
അമ്മ എന്നും എനിക്ക് പാൽ തരും. ഞാൻ പാൽ കുടിക്കാഞ്ഞാൽ അമ്മ കരയും.
ഒന്നാംപാഠത്തിലെ ഈ വരികൾ മനഃപാഠമാക്കുന്നതിനു മുൻപേതന്നെ നമ്മൾ പാൽ കുടിച്ചുതുങ്ങി. പാൽ കുടിച്ചാലേ ബുദ്ധിയുണ്ടാകൂ, നിറംവയ്‌ക്കൂ, ആരോഗ്യമുണ്ടാകൂ എന്നിങ്ങനെയുള്ള മുത്തശ്ശിവാക്കുകൾ കേട്ടാണല്ലോ നമ്മളിൽ പലരും പാൽ കുടിച്ചത്. ഇളംപുളിപ്പുള്ള വെണ്ണയായും ചോറു സ്വാദോടെ കഴിക്കാൻ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചിട്ട മോരായും തണുപ്പും പൊടിമധുരവുമുള്ള തൈരായും പാൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. പിന്നെ പാൽ ചേർത്തുണ്ടാക്കുന്ന എത്രയോ പലഹാരങ്ങൾ. എന്നാൽ, ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നതുപോലെയാണ് പാൽവിഭവങ്ങളോടു നമ്മുടെ രീതി. അതുകൊണ്ടു പാൽ കുടിക്കുക എന്നത് ആരോഗ്യസമവാക്യമായി നമ്മളിൽ പലരും കരുതുന്നു.
പാൽ സമീകൃതാഹാരമോ?
എട്ടുമാസമോ ഒരുവയസ്സോമുതൽ നമ്മൾ കുടിക്കുന്ന പാലിൽ മാംസ്യം, കൊഴുപ്പ്, ധാതുക്കൾ, അന്നജം, കാൽസ്യം, ഫോസ്‌ഫറസ്, അയൺ തുങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ലാക്ടോസ് എന്ന മധുരമാണു പാലിലെ മറ്റൊരു ഘടകം. ശരീരത്തിന് ആവശ്യമായ പല ഘകങ്ങളും ദ്രാവകരൂപത്തിൽ ലഭിക്കുന്നു എന്നതാണു പാലിനെ മികച്ചതാക്കുന്നത്. എന്നാൽ, പാൽ സമീകൃതാഹാരമാണെന്ന വാദത്തോടു വിദഗ്‌ധർ പലരും വിയോജിക്കുന്നു. പാൽ കുടിക്കുന്നതുകൊണ്ടു മാത്രം മനുഷ്യന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കില്ലാത്തതുകൊണ്ടു സമീകൃതാഹാരം എന്നു പറയാൻ കഴിയില്ലെന്ന് അവർ പറയുന്നു.
പാൽ കുടിക്കേണ്ടത് ആരൊക്കെ?
ഖരരൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങുന്നതിനു മുൻപു ശരീരത്തിനു വേണ്ട പോഷണങ്ങൾ ലഭിക്കാൻ പാൽ കുടിക്കാം. അതും ആവശ്യത്തിലേറെ നൽകിയാൽ കുഞ്ഞുങ്ങൾക്കു ദഹനക്കേട് ഉണ്ടാകുകയും ചെയ്യും. എന്നാൽ, വളരുമ്പോൾ പാൽ കുടിക്കേണ്ടത് അത്യാവശ്യമാണെന്നു പറയാൻ കഴിയില്ല. പാലിൽനിന്നു കിട്ടുന്ന പോഷകഘടകങ്ങൾ മറ്റ് ആഹാരപദാർഥങ്ങളിൽനിന്നു കിട്ടുന്നുണ്ടെങ്കിൽ അതു ധാരാളം മതി. ഉദാഹരണത്തിന്, മുത്താറിയിൽ പാലിലെക്കാൾ കൂടുതൽ കാൽസ്യവും സോയാമിൽക്കിൽ നന്നായി മാംസ്യവും അങ്ങിയിട്ടുണ്ട്. പോഷണങ്ങൾ ലഭിക്കാൻ പല ഭക്ഷണസാധനങ്ങൾ തേടിപ്പോകേണ്ട എന്നതാണു പാൽ കുടിക്കുന്നതിന്റെ സൗകര്യം. ഇപ്പോഴെ ഭക്ഷണരീതിയിൽ കുട്ടികൾക്കും മുതിർന്നവർക്കും അന്നജവും കൊഴുപ്പും മറ്റും ധാരാളമായി ലഭിക്കുന്നുണ്ട്. അതിനൊപ്പം പാൽകൂടിയായാൽ ഇവയുടെ അളവു കൂടുകയും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്നാണു പുതിയ കണ്ടെത്തൽ. എന്നാൽ, തികഞ്ഞ സസ്യഭുക്കുകൾക്കു പാൽ കുടിക്കുന്നതു ഗുണം ചെയ്യും. മൽസ്യത്തിലും മാംസത്തിലും അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും പാലിൽനിന്നു ലഭിക്കുന്നതുകൊണ്ടാണിത്.
പാൽ എത്ര ഗ്ലാസ് വരെ?
പത്തുവയസ്സുമുതൽ ദിവസം രണ്ടു ഗ്ലാസ് പാൽ ചെറുചൂടോടെ കുടിക്കാം. പാട നീക്കിയ പാൽ കുടിക്കുന്നത് കൊഴുപ്പു കുറയ്‌ക്കാൻ സഹായിക്കും. ഹൃദ്രോഗം, പ്രമേഹം തുങ്ങിയവ ഉള്ളവർ പാൽ കുടിക്കുന്നതിന്റെ അളവു നിയന്ത്രിക്കണം. ഇവർക്കു കൊഴുപ്പു നീക്കിയ പാലാണ് ഉചിതം. വൃക്കസംബന്ധമായ രോഗങ്ങളോ വൃക്കയിൽ കല്ലോ ഉള്ളവരും പാലിന്റെ ഉപയോഗം നിയന്ത്രിക്കണം. കാൽസ്യം അടിയുന്നതുമൂലമാണു സാധാരണ വൃക്കയിൽ കല്ലുണ്ടാകുന്നത്.
ചായയിൽ പാൽ ചേർത്താൽ
കാപ്പിയും ചായയും ആരോഗ്യത്തിനു നല്ലതോ ചീത്തയോ എന്ന ഗവേഷണങ്ങൾ തുടരുകയാണ്. ഹൃദ്രോഗത്തെ തടയാൻ കട്ടൻചായയ്‌ക്കു കഴിയുമെന്നു പറയുന്ന ഗവേഷകർ, അതിൽ പാൽ ചേർത്തു ‘കുഴപ്പ’മുണ്ടാക്കരുതെന്നു മുന്നറിയിപ്പും നൽകുന്നു. പാൽ ചേർക്കുമ്പോൾ കൊഴുപ്പുകൂടുകയും ഹൃദയധമനികളെ ബാധിക്കുകയും ചെയ്യുമെന്നാണ് അവരുടെ പക്ഷം.