ADVERTISEMENT

മധുരം ചേർന്ന ശീതള പാനീയങ്ങളും സോഫ്റ്റ് ഡ്രിങ്ക്സും കൃത്രിമമായ ഫ്രൂട്ട് ജ്യൂസും പതിവായി കഴിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ് സാധ്യത വർധിപ്പിക്കുമെന്നതു നേരത്തെതന്നെ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അതുപേടിച്ചാണ് ചിലർ സോഡയ്ക്കു പകരം ഡയറ്റ് സോഡയും കൃത്രിമ പഴച്ചാറുകൾക്കു പകരം ഫ്രൂട്ട്സിൽനിന്ന്  തയാറാക്കുന്ന ഫ്രഷ് ജ്യൂസും ശീലമാക്കിയത്. എന്നാൽ ഈ ഡയറ്റ് സോഡയും പായ്ക്ക്ഡ് അല്ലാത്ത ഫ്രഷ് ജ്യൂസും യഥാർഥത്തിൽ സെയ്ഫ് ആണോ? അത്ര സെയ്ഫ് അല്ലെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ബോസ്റ്റണിലെ ഹാർവാഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലും ചൈനയിലെ ഫുഡാൻ യൂണിവേഴ്സിറ്റിയിലുമാണ് ഇതു സംബന്ധിച്ച പഠനം നടന്നത്. 

∙പൂർണമായും പ്രകൃതിദത്തമായ പഴച്ചാറുകൾ ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലെന്നാണ് നാം ഇത്രനാൾ കരുതിയിരുന്നത്. എന്നാൽ പ്രത്യേകമായി ഷുഗർ ചേർക്കുന്നില്ലെങ്കിലും പഴച്ചാറുകളിൽ വളരെ ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിരിക്കുന്നതിനാൽ  ഇവ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. 

∙ പാരമ്പര്യമായും ജീവിത ശൈലിയുടെ ഭാഗമായും പ്രമേഹം പെട്ടെന്നു പിടിപെടാൻ സാധ്യതയുള്ളവരിൽ ഈ റിസ്ക് വളരെ കൂടുതലാണ്.  

∙മധുരം കൃത്രിമമോ പ്രകൃതി ദത്തമോ ആകട്ടെ, എല്ലാ മധുര പാനീയങ്ങളും പ്രമേഹ സാധ്യത വർധിപ്പിക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 

∙ കായികാധ്വാനം കുറവുള്ള ജീവിതശൈലി പിന്തുടരുന്നവരിലാണ് അപകട സാധ്യത കൂടുതൽ. 

∙ മധുര പാനീയങ്ങൾ ദിവസേന കഴിക്കുന്നത് കാൻസർ പിടിപെടുന്നതിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. 

∙പഴച്ചാറുകൾക്കു പകരം മധുരം ചേർക്കാത്ത ചായ, കോഫി എന്നിവ കഴിക്കുന്നവർക്ക് രോഗസാധ്യത കുറവാണ്. 

∙ 22നു 26നും ഇടയിൽ പ്രായമുള്ള മുക്കാൽ ലക്ഷം പേരിൽ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ദിവസവും ചുരുങ്ങിയത് 4 ഔൺസ് എങ്കിലും മധുര പാനീയം തുടർച്ചയായി 4 വർഷം കഴിച്ചവർക്ക്  പിന്നീടുള്ള വർഷങ്ങളിൽ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹം പിടിപെട്ടതായി കണ്ടെത്തി.  മധുരപാനീയങ്ങൾ ഉപേക്ഷിച്ചവരെ കാര്യമായി പ്രമേഹം ബാധിച്ചതുമില്ല. 

∙ എല്ലാവരുടെയും കാര്യത്തിൽ ഇതു കൃത്യമാകണമെന്നു നിർബന്ധമില്ല. നിങ്ങളുടെ ബോഡി മാസ് ഇൻഡക്സ്, വ്യായാമം, ശരീരഭാരം, അനുബന്ധ രോഗങ്ങൾ  അങ്ങനെ മറ്റു ഘടകങ്ങളെക്കൂടി ആശ്രയിച്ചാണ് പ്രമേഹം പിടിപെടുന്നത്. പാരമ്പര്യ ഘടകങ്ങൾക്കും പ്രധാന പങ്കുണ്ട്. 

∙ എല്ലാ ഘടകങ്ങളും അനുകൂലമായാലും മധുര പാനീയങ്ങളുടെ നിത്യോപയോഗം പ്രമേഹത്തെ വിളിച്ചുവരുത്തുമെന്നത് ഉറപ്പാണ്. അപ്പോൾ പാരമ്പര്യം, ജീവിത ശൈലി എന്നിവ പ്രതികൂലമായവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. 

∙ പൂർണമായും പഴച്ചാറുകൾ ഒഴിവാക്കണമെന്നല്ല. നിയന്ത്രിത അളവിൽ കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ലെന്നും ഡോക്ടർമാർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com