ADVERTISEMENT

ചർമത്തിലെ ചുളിവുകൾ കുറച്ചൊന്നുമല്ല സ്ത്രീകളെ വിഷമിപ്പിക്കുന്നത്. ഒപ്പം പെട്ടെന്നു പ്രായമായോ എന്ന തോന്നലും. പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഒരു പരിധിവരെ ചില ഭക്ഷണങ്ങൾക്കാകും. ബദാം അതിലൊന്നാണ്. 

ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ബദാം. ആർത്തവവിരാമം വന്ന സ്ത്രീകളിൽ മുഖത്തുണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാൻ ദിവസവും ബദാം കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനം. ചർമാരോഗ്യവും അണ്ടിപ്പരിപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടത്തിയ പഠനത്തിലാണ് ബദാമിന്റെ ഈ ഗുണം വ്യക്തമായത്. 

ആർത്തവം വരാത്ത 12 മാസങ്ങൾക്കു ശേഷമുള്ള സമയത്തെയാണ് ആർത്തവ വിരാമഘട്ടമായി പറയുന്നത്. കലിഫോർണിയ സർവകലാശാലാ ഗവേഷകർ ആരോഗ്യമുള്ള, ആർത്തവ വിരാമം വന്ന സ്ത്രീകളിൽ 16 ആഴ്ച നീണ്ട ഒരു പഠനം നടത്തി. പഠനത്തിൽ പങ്കെടുത്ത ഒരു ഗ്രൂപ്പിൽ പെട്ടവർക്ക് ബദാം ലഘു ഭക്ഷണമായി നൽകി. ഇത് ദിവസവും ഉള്ളിൽ ചെല്ലുന്ന കാലറിയുടെ 20 ശതമാനം വരും. കൺട്രോൾ ഗ്രൂപ്പിൽ പെട്ടവർക്ക് ഇതേ കാലറി ഉള്ള ധാന്യമോ മറ്റ് ഭക്ഷണങ്ങളോ നൽകി. 

ഈ ലഘുഭക്ഷണം കൂടാതെ, പഠനത്തിൽ പങ്കെടുത്തവർ പതിവു ഭക്ഷണവും കഴിച്ചു. എന്നാൽ മറ്റ് നട്സുകളോ നട്സുകൾ അടങ്ങിയ ഉൽപന്നങ്ങളോ കഴിച്ചില്ല. 

പഠനത്തിന് മുമ്പും പഠനം തുടങ്ങി നാലാഴ്ച, എട്ട് ആഴ്ച, 12 ആഴ്ച, 16 ആഴ്ച എന്നീ കാലയളവുകളിലും ചർമം പരിശോധിച്ചു. ഓരോ തവണയും മുഖത്തെ ചുളിവുകൾ ഹൈ റെസല്യൂഷൻ ഫേഷ്യൽ ഇമേജിങ് ഉപയോഗിച്ചായിരുന്നു പരിശോധന. 

16 ആഴ്ച നീണ്ട പഠനം അവസാനിച്ചപ്പോഴേക്കും കൺട്രോൾ ഗ്രൂപ്പിൽ ഉള്ളവരെ അപേക്ഷിച്ച് ബദാം ലഘു ഭക്ഷണമായി കഴിച്ച ഗ്രൂപ്പിൽ ഉള്ളവരുടെ ചർമത്തിന്റെ ആരോഗ്യം െമച്ചപ്പെട്ടതായി കണ്ടു. ചർമത്തിലെ ചുളിവുകളുടെ വീതി 10 ശതമാനവും കാഠിന്യം 9 ശതമാനവും കുറഞ്ഞു.

ആന്റിഓക്സിഡന്റായ ജീവകം ഇ ധാരാളം അടങ്ങിയ ബദാമിൽ എസൻഷ്യൽ ഫാറ്റി ആസിഡുകളും പോളിഫിനോളുകളും ഉണ്ട്. 

‘ദിവസവും ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകളിൽ.’ – ഗവേഷകനും കലിഫോർണിയ സർവകലാശാലയിലെ ക്ലിനിക്കൽ ഡെർമറ്റോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറുമായ രാജാശിവമണി പറഞ്ഞു. ഫൈറ്റോ തെറാപ്പി റിസർച് എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary : Health benefits of Almonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com