കരൾ രോഗങ്ങളെ ഭയക്കേണ്ട; ഭക്ഷണത്തിൽ ഇവ രണ്ടും ഉൾപ്പെടുത്തിക്കോളൂ
Mail This Article
ഉച്ചയ്ക്ക് ചോറിനെന്താ കറി? വല്ലപ്പോഴും കാബേജും കോളിഫ്ലവറുമൊക്കെ തോരനോ മെഴുക്കുപുരട്ടിയോ ആയി കഴിച്ചുനോക്കൂ. ഭാവിയിൽ പിടിപെട്ടേക്കാവുന്ന കരൾരോഗങ്ങളിൽനിന്ന് നിങ്ങളെ ഒരു പരിധി വരെ രക്ഷപ്പെടുത്താൻ ഇവയ്ക്കു രണ്ടിനും സാധിക്കുമത്രേ. ഹൂസ്റ്റണിലെ ഹെപ്പറ്റോളജി എന്ന മെഡിക്കൽ ജേണലിൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചുവന്നത്.
കരൾസംബന്ധമായ രോഗങ്ങളുടെ നിരക്ക് വർധിച്ചുവരുന്നതായിട്ടാണ് പഠനങ്ങൾ അവകാശപ്പെടുന്നത്. മിക്ക കേസുകളിലും മദ്യപാനം ഒരു പ്രധാന കാരണമായി കണ്ടുവരാറുണ്ടെങ്കിലും മദ്യപാനം മൂലമല്ലാത്ത കരൾ രോഗങ്ങളും ഇന്ന് താരതമ്യേന ഉയർന്ന നിരക്കിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി) എന്നാണ് ഇവയെ ഡോക്ടർമാർ വിളിക്കുന്നത്. ഇത്തരം രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ്, കോളിഫ്ലവർ എന്നിവ രോഗനിയന്ത്രണത്തിനു സഹായിക്കുന്നുണ്ടത്രേ. ഇവ രണ്ടിലും അടങ്ങിയ ഇൻഡോൾ എന്ന ഘടകമാണ് കരളിനു വേണ്ട സംരക്ഷണം ഉറപ്പാക്കുന്നത്.
അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം ആവശ്യത്തിലേറെ കഴിക്കുന്നവർക്കാണ് സാധാരണ ഫാറ്റി ലിവർ എന്ന ആരോഗ്യ പ്രശ്നം കണ്ടുവരാറുള്ളത്. തുടക്കത്തിലേ കണ്ടെത്തി ചികിൽസ തുടങ്ങുകയും ഭക്ഷണക്രമത്തിൽ വേണ്ട മുൻകരുതൽ സ്വീകരിക്കുകയും ചെയ്താൽ ഫാറ്റി ലിവർ ഗുരുതരമാകാതെ സുഖപ്പെടുത്താവുന്നതാണ്. എന്നാൽ പിന്നീടും അനാരോഗ്യകരമായ ആഹാരരീതി തുടർന്നാൽ ഫാറ്റി ലിവർ എന്ന രോഗാവസ്ഥ കൂടുതൽ ഗുരുതരമാകുകയും സങ്കീർണമായ കരൾരോഗങ്ങളിലേക്കു നയിക്കുകയും ചെയ്യും. ശ്രദ്ധിച്ചില്ലെങ്കിൽ ലിവർ സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ രോഗങ്ങൾ വരെ വന്നേക്കാം.
കാബേജ്, കോളിഫ്ലവർ തുടങ്ങിയവയിൽ അടങ്ങിയ ഇൻഡോൾ കാൻസറിനെ പ്രതിരോധിക്കുന്നതിനു പോലും സഹായകമായേക്കാമെന്നതു സംബന്ധിച്ച പഠനങ്ങൾ യുഎസ് നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിക്കുകയാണ്. ചുരുക്കത്തിൽ കാബേജും കോളിഫ്ലവറും തോരൻ വച്ചു കഴിച്ചാൽ പല ഗുണങ്ങളും ഉണ്ടെന്നു സാരം.
English Summary: Foods that are good for your liver