ചൂടുകാലത്ത് ധൈര്യമായി കുടിക്കാം പഴങ്കഞ്ഞി; ശ്രദ്ധിക്കേണ്ടത് ഇതു മാത്രം
Mail This Article
ചൂടു കൂടി വരുന്ന ഈ വേനൽക്കാലത്ത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് പഴങ്കഞ്ഞി. പഴങ്കഞ്ഞിക്ക് സ്വതവേയുള്ള തണുപ്പ് ശരീരത്തിനും കുളിർമ നൽകും.
ഇന്നത്തെ ജീവിതശൈലീ രോഗങ്ങളിൽനിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. ഒരു രാത്രി ഇരിക്കുന്ന ചോറില്‍ ഗുണകരമായ ബാക്ടീരിയകള്‍ ഉണ്ടാകുന്നതാണ് പഴങ്കഞ്ഞിയെ ഗുണപ്രദമാക്കുന്നത്.
പഴങ്കഞ്ഞിയില്‍ ധാരാളമായി ബി-6, ബി-12 വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്, വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് ഈ വൈറ്റമിനുകളുടെ അപര്യാപdതത ഒഴിവാക്കാന്‍ പഴങ്കഞ്ഞി സഹായിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഊര്‍ജവും പഴങ്കഞ്ഞിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കഠിനമായ കായിക അധ്വാനത്തിനുളള ഊര്‍ജം ശരീരത്തിനു നൽകാന്‍ പഴങ്കഞ്ഞിക്കു കഴിയും.
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം വേറെയില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയൺ, പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയാകുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.
പഴങ്കഞ്ഞിയുടെ ഗുണങ്ങൾ
∙ ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.
∙ സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു.
∙ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറയ്ക്കുകയും അൾസർ, കുടലിലുണ്ടാവുന്ന കാൻസർ എന്നിവയെ തടയുകയും ചെയ്യുന്നു.
∙ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചർമത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു.
∙ പഴങ്കഞ്ഞിയിൽ വൈറ്റമിൻ ബി 6,ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മറ്റു ഭക്ഷണങ്ങളിൽ വളരെ കുറഞ്ഞ അളവിലേ ലഭ്യമാകുന്നുള്ളൂ.
∙ രക്തസമ്മർദം, കൊളസ്ട്രോൾ, ഹൈപ്പർ ടെൻഷൻ എന്നിവ കുറയ്ക്കുന്നു.
∙ ചർമരോഗങ്ങൾ, അലർജി എന്നിവയെ നിയന്ത്രിക്കുന്നു .
∙ ഒരു കപ്പ് പഴങ്കഞ്ഞിയിൽ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കുന്നു.
∙ കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർധിക്കുന്നു.
∙ വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .
∙ ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കുവാൻ പഴങ്കഞ്ഞിക്കു കഴിയും.
∙ സ്തനാർബുദത്തെ ചെറുക്കുന്നു .
പഴങ്കഞ്ഞിവെള്ളത്തിൽ ചെറിയ ഉള്ളി ചതച്ചതും ഉപ്പും ചേർത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജ്യൂസ് വേനൽക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്.
ശ്രദ്ധിക്കേണ്ടത്
മിക്കവാറും എല്ലാ തരം അരിയിലും Bacillus cereus എന്ന ബാക്റ്റീരിയയുടെ സ്പോറുകൾ (ബീജകോശങ്ങൾ) ഉണ്ടാവും. ഉയർന്ന താപനിലയിൽ വേവിച്ചാൽപ്പോലും ഇവ നശിക്കാറില്ല. ചൂടു ചോറ് കഴിക്കുമ്പോൾ പ്രശ്നം ഇല്ല. അത് വിഷവും അല്ല. പക്ഷേ, ചോറ് / കഞ്ഞി തണുക്കുമ്പോൾ, ഈ സ്പോറുകൾ വളർന്നു ബാക്ടീരിയ ആവും. സമയം കൂടുന്തോറും ഈ ബാക്ടീരിയകൾ പെരുകി അവയിൽ നിന്നും ഉണ്ടാവുന്ന ടോക്സിനുകൾ ചോറിനെ വിഷമയം ആക്കുമെന്നാണ് ബ്രിട്ടനിലെ NHS (National Health Service, UK) പറയുന്നത്.
ചോറ് വീണ്ടും ചൂടാക്കുമ്പോൾ ബാക്ടീരിയ നശിക്കും പക്ഷേ ടോക്സിൻ നശിക്കില്ല. അതിനാലാണ് തണുത്ത ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നു പറയുന്നത്. ചോറ് പാകം ചെയ്തു കഴിഞ്ഞു നശിക്കാത്ത സ്പോറുകൾ, അരിയിൽ / കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ജലാംശത്തിൽ വളരാൻ തുടങ്ങും. ബാക്ടീരിയയും ടോക്സിനും ഉണ്ടാവാനുള്ള സാധ്യതകൾ മാത്രമാണ് ഇവ.
നമ്മുടെ ഭക്ഷ്യസംസ്കാരത്തിൽ ഇതുവരെയും പഴങ്കഞ്ഞി ആരോഗ്യഭക്ഷണമായിതന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. എന്നിരുന്നാലും അപകടസാധ്യത മുന്നിൽക്കണ്ട് വീട്ടിൽ വൃത്തിയായി സൂക്ഷിക്കുന്ന പഴങ്കഞ്ഞി കുടിക്കാൻ ശ്രദ്ധിക്കുക.
English Summary: Rice porridge, Rice soup health benefits