ADVERTISEMENT

സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും മൈക്രോ ഗ്രീൻസ് വളർത്തുന്നതിനെ കുറിച്ചാണ് സംസാരം. ഫ്രഷ് ഇലക്കറികൾ കിട്ടാൻ പ്രയാസമായ ലോക് ഡൗൺ കാലത്ത് രുചിയേറിയ കറികൾ തയാറാക്കാൻ മൈക്രോഗ്രീൻസ് സഹായിക്കും. പോഷകത്തിന്റെ കാര്യത്തിലും ഒരുപടി മുൻപിലാണ് ഈ ഇത്തിരിക്കുഞ്ഞന്മാർ. സാധാരണ പച്ചിലക്കറികളേക്കാളും ഉയർന്ന അളവിലുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

എന്താണ് മൈക്രോ ഗ്രീൻസ്?

പേരുപോലെതന്നെ പൂർണ വളർച്ചയെത്താത്ത ഇലക്കറികളാണ് ഇവ. മുളപ്പിച്ച വിത്തിനും മുതിർന്ന ഇലയ്ക്കും ഇടയ്ക്കുള്ള അവസ്ഥ. പക്ഷേ ആള് ഇത്തിരി കുഞ്ഞനാണെങ്കിലും പോഷകത്തിന്റെ കാര്യത്തിൽ വളരെ മുൻപിലാണ്. 

വൈറ്റമിൻ എ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, എന്നിവയും അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഇത്. ഒരു പഠനം പറയുന്നത് മൈക്രോ ഗ്രീനിൽ സാധാരണ ഇലക്കറികളിൽ ഉള്ളതിലും ഒൻപത് മടങ്ങ് അധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ്.

പയർ, കടല, ഉലുവ, കടുക് തുടങ്ങി ഗോതമ്പും ബാർലിയും ഓട്സും വരെ ഇങ്ങനെ മുളപ്പിച്ച് ചെറു ഇലയാകുമ്പോൾ ഉപയോഗിക്കാം. പച്ചക്കറി വിത്തുകളും മുളപ്പിച്ച് കുഞ്ഞൻ ഇല വരുമ്പോൾ മുറിച്ചെടുത്ത് കറിയാക്കാം.

സാധാരണ വിത്ത് മുളച്ച് 7 മുതൽ 21 ദിവസത്തിനുള്ളിൻ മുറിച്ചെടുക്കാം. അതായത് ആദ്യത്തെ മുതിർന്ന ഇല (true Leaf) വന്നതിനു ശേഷം.

തോരൻ വയ്ക്കാൻ മാത്രമല്ല ദോശയിലും ചപ്പാത്തിയിലും വരെ നുള്ളിയിടാം. വളരെ നേർമയേറിയത് ആയതിനാൽ സാലഡുകളിൽ പച്ചയ്ക്ക് പിച്ചിയിട്ടും കഴിക്കാം.

ഗോതമ്പ് ഇലകൾ കൊണ്ട് വീറ്റ് ഗ്രാസ് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് നല്ലൊരു ആന്റി എജിങ് മാർഗമാണ്. പക്ഷേ ഗോതമ്പ് ഇലകൾ, മുളപ്പിച്ച് ഒരാഴ്ച്ച കഴിഞ്ഞയുടനെ തന്നെ എടുക്കണം. അല്ലങ്കിൽ രുചി വ്യത്യാസം വരാം.

എങ്ങനെ നടാം?

രണ്ട് രീതിയിൽ നടാം. ഗ്രോ ബാഗിലോ പാഴ്സൽ കൊണ്ടുവരുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലോ ജാം കുപ്പികളിലോ അങ്ങനെ എന്തിലെങ്കിലും ആവട്ടെ, അടിഭാഗത്ത് രണ്ടോ മൂന്നോ തുളയിട്ട് അൽപം മണ്ണു നിറയ്ക്കുക. ഒരു പാട് ആഴത്തിൽ വേരോടേണ്ടത് ഇല്ലാത്തതിനാൽ പഴയ ട്രേ പോലും ഉപയോഗിക്കാം.

വിത്തുകൾ പകൽ 8 മണിക്കൂറെങ്കിലും കുതിർത്ത് വച്ചത് രാത്രി ഒരു കോട്ടൺ തുണിയിൽ വാരിക്കെട്ടി മുളയ്ക്കാൻ വയ്ക്കുക. മുള പൊട്ടും വരെ ചെറുതായി നനയ്ക്കണം.

മുള പൊട്ടി കഴിയുമ്പോൾ അത് മേൽ പറഞ്ഞ മണ്ണിൽ വിതറിയിടുക. ദിവസവും രണ്ടു തവണ ചെറുതായി നനച്ചു കൊടുക്കണം. ഫ്ളാറ്റിൽ താമസിക്കുന്നവർ ആണെങ്കിൽ മുറിയ്ക്കുള്ളിൽ തന്നെ മൈക്രോ ഗ്രീൻ വളർത്താം ഇല വന്നു തുടങ്ങിയാൽ ദിവസം 12 - 16 മണിക്കൂർ സൂര്യപ്രകാശം കൊള്ളിച്ചാൽ മതി.

തുളയിട്ട പാത്രത്തിൽ ടിഷ്യൂ പേപ്പർ വിരിച്ച് അതിനു മുകളിൽ മുളപ്പിച്ച വിത്ത് വിതറിയും വളർത്താം . ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കാൻ മറക്കരുത്; സൂര്യപ്രകാശം ഏൽപ്പിക്കാനും.

ദോഷമുണ്ടോ?

മൈക്രോ ഗ്രീൻസ് അധികം കഴിച്ചെന്നു കരുതി യാതൊരു ദോഷവുമില്ല. തന്നെയുമല്ല ഇത് പതിവാക്കിയാൽ ഹൃദ്രോഗം, അൽസ് ഹൈമേഴ്സ് , പ്രമേഹം, ചിലതരം അർബുദങ്ങൾ എന്നിവയെ പ്രതിരോധിക്കാനുമാകും. ആകെ ശ്രദ്ധിക്കേണ്ടത് ഇത് വളർത്തുന്നത് മലിനമായ സാഹചര്യത്തിൽ ആകരുത് എന്നാണ്. ഭക്ഷ്യ വിഷബാധയ്ക്ക് സാധ്യത വളരെ കുറവാണെങ്കിലും ഈ കൊറോണ കാലത്ത് വൃത്തിയിൽ അൽപം കൂടുതൽ ശ്രദ്ധിക്കുന്നത് നല്ലതാണല്ലൊ.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

പോഷാകാരോഗ്യ വിദഗ്ധ

തിരുവനന്തപുരം

English Summary: Microgreens health benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com