അറിയുമോ ഗ്രീൻപീസിന്റെ ഈ ആരോഗ്യ ഗുണങ്ങൾ?
Mail This Article
ഗ്രീൻ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാൻ പറ്റിയ മികച്ച ഒന്നാണ്. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വൈറ്റമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ ഉണ്ട്.
ശരീരഭാരം കുറയ്ക്കുന്നു - പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീൻപീസ്. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച് നിർത്തുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം - ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം ഇവ ഗ്രീൻപീസിൽ ഉണ്ട്. ഇവ രക്തസമ്മർദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീൻപീസ് കൊളസ്‌ട്രോൾ കൂട്ടുകയും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻപീസ് സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ തടയുകയും ചെയ്യുന്നു.
പ്രതിരോധശക്തിക്ക് - ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ സി. ഗ്രീൻപീസിൽ വൈറ്റമിൻ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.
പ്രോട്ടീനുകളാൽ സമ്പന്നം - ഗ്രീൻപീസ് പ്രോട്ടീൻ അഥവാ മാംസ്യത്തിന്റെ ഉറവിടമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനും കൂടുതൽ കാലറി അകത്താക്കുന്നത് തടയാനും സഹായിക്കും.
ദഹനത്തിന് സഹായകം - ഗ്രീൻപീസിൽ നാരുകൾ ഉണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
ഈ ആരോഗ്യഗുണങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഗ്രീൻപീസിൽ ലെക്ടിനുകളും ഫൈറ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മിതമായ അളവിലേ കഴിക്കാവൂ. കൂടുതൽ അളവിൽ കഴിക്കുന്നത് ദഹനക്കേടിനും വായുകോപത്തിനും കാരണമായേക്കാം.
English Summary : Health benefits of Green peas